എക്‌സുമയിലെ ബഹാമാസ് റിസോര്‍ട്ടില്‍ മൂന്ന് അമേരിക്കന്‍ വിനോദസഞ്ചാരികള്‍ മരിച്ച നിലയില്‍; അന്വേഷണം നടക്കുകയാണെന്ന് പോലീസ്

എക്‌സുമയിലെ ബഹാമാസ് റിസോര്‍ട്ടില്‍ മൂന്ന് അമേരിക്കന്‍ വിനോദസഞ്ചാരികള്‍ മരിച്ച നിലയില്‍; അന്വേഷണം നടക്കുകയാണെന്ന് പോലീസ്

എക്‌സുമ: കരീബിയന്‍ ദ്വീപായ എക്‌സുമയിലെ ബഹാമാസ് റിസോര്‍ട്ടില്‍ മൂന്ന് അമേരിക്കന്‍ വിനോദസഞ്ചാരികളെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് റിസോര്‍ട്ടിലെ രണ്ട് വില്ലകളിലായി ഒരു സ്ത്രീ അടക്കം മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭക്ഷണത്തില്‍ നിന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാകാം മരണ കാരണമെന്ന് സംശയിക്കുന്നു. മരണപ്പെട്ട ഒരാളുടെ ബന്ധുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മരണത്തില്‍ അസാധാരണമായി ഒന്നുമില്ലെന്നും അന്വേഷണം നടന്നുവരികെയാണെന്നും ബഹാമാസ് ആക്ടിംഗ് പ്രധാനമന്ത്രി ചെസ്റ്റര്‍ കൂപ്പര്‍ പറഞ്ഞു.

പുലര്‍ച്ചെ റൂം ബോയി എത്തിയപ്പോഴാണ് ആദ്യ വില്ലയില്‍ അമേരിക്കയിലെ അലബാമ സംസ്ഥാനത്തെ ബര്‍മിംഗ്ഹാമില്‍ നിന്നുള്ള വിന്‍സെന്റ് ചിയാറെല്ലെ എന്നയാളെ മരിച്ച നിലയില്‍ കണ്ടത്. കുളിമുറിയില്‍ മലര്‍ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇയാളുടെ ഭാര്യ ഡോണിസ് ചിയാറെല്ലെയെ മുറിക്കുള്ളില്‍ ബോധരഹിതയായി കണ്ടെത്തി. ഇവരെ ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണ്. വിവാഹ വാര്‍ഷികാഘോഷത്തിനായി 65 കാരനായ വിന്‍സെന്റ് ചിയാറെല്ലെ ഭാര്യ ഡോണിസ് ചിയാറെല്ലെയ്‌ക്കൊപ്പം ബഹാമാസില്‍ എത്തിയതാണ്.

തൊട്ടപ്പുറത്തെ വില്ലയിലാണ് ദമ്പതികളായ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹം കുളിമുറിയില്‍ ചുമരില്‍ ചാരി കിടന്ന നിലയിലായിരുന്നു. യുവതിയുടേത് മുറിയില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലും. ഇരുവരും മരണത്തിന് മുന്‍പായി അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നതായ തെളിവുകളും പോലീസിന് കിട്ടി. മൂന്ന് മൃതദേഹങ്ങളിലും ഏതെങ്കിലും വിധത്തില്‍ അക്രമണങ്ങള്‍ നടന്നതിന്റെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് റോയല്‍ ബഹാമാസ് പോലീസ് ഫോഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

വ്യാഴാഴ്ച്ച റിസോര്‍ട്ടിലെ മറ്റ് ചില അതിഥികള്‍ക്കും ഓക്കാനവും ഛര്‍ദ്ദിയും അനുഭവപ്പെട്ടിരുന്നു. ഉടന്‍ തന്നെ ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കി. രണ്ടാംവില്ലയില്‍ മരിച്ച ദമ്പതികള്‍ക്ക് വ്യാഴാഴ്ച്ച രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായും ഇവര്‍ക്ക് ചികിത്സ നല്‍കിയിരുന്നതായും ബഹാമസ് ആരോഗ്യ മന്ത്രി ഡോ. മൈക്കല്‍ ഡാര്‍വില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.