നിയമസഭാ ഗേറ്റില്‍ ഖലിസ്ഥാന്‍ പതാക; കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെന്ന് ഹിമാചല്‍ മുഖ്യമന്ത്രി

നിയമസഭാ ഗേറ്റില്‍ ഖലിസ്ഥാന്‍ പതാക; കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെന്ന് ഹിമാചല്‍ മുഖ്യമന്ത്രി

ഷിംല: ഹിമാചല്‍ പ്രദേശിലെ നിയമസഭാ ഗേറ്റിലും മതിലിലും ഖലിസ്ഥാന്‍ പതാക സ്ഥാപിക്കുകയും ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാവിലെയാണ് നിയമസഭയ്ക്കു പുറത്ത് പ്രധാന കവാടത്തില്‍ ഖലിസ്ഥാന്‍ പതാക സ്ഥാപിച്ചതായി കണ്ടെത്തിയത്.

കൂടാതെ മതിലില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളും എഴുതിയിരുന്നു. തുടര്‍ന്ന് അധികൃതരെത്തി ഇതു നീക്കം ചെയ്തു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍ വ്യക്തമാക്കി. ഇന്നലെ രാത്രിയോ ഇന്നു പുലര്‍ച്ചെയോ ആണ് അജ്ഞാതര്‍ നിയമസഭാ ഗേറ്റില്‍ ഖലിസ്ഥാന്‍ പതാക സ്ഥാപിച്ചതെന്ന് കാന്‍ഗ്ര എസ്പി കുശാല്‍ ശര്‍മ വ്യക്തമാക്കി.



വിധാന്‍ സഭയുടെ ഗേറ്റില്‍ നിന്ന് ഖലിസ്ഥാന്‍ പതാകകള്‍ പൊലീസ് നീക്കം ചെയ്തത്. പഞ്ചാബില്‍ നിന്നുള്ള ചില വിനോദ സഞ്ചാരികളാണ് ഇതു ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എസ്പി വ്യക്തമാക്കി. സംഭവത്തില്‍ കടുത്ത പ്രതികരണവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിതോടെ വിശദമായ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘം രൂപീകരിച്ചു.

'രാത്രിയുടെ മറവില്‍ നിയമസഭാ ഗേറ്റിലും പരിസരത്തും ഖലിസ്ഥാന്‍ പതാക സ്ഥാപിച്ച ഭീരുത്വം നിറഞ്ഞ നടപടിയെ ശക്തമായി അപലപിക്കുന്നു. ഇനി അവിടെ നടക്കാനുള്ളത് ശീതകാല സമ്മേളനമാണ്. സമ്മേളനത്തോട് അനുബന്ധിച്ച് ശക്തമായ സുരക്ഷ ഒരുക്കും' ഹിമാചല്‍ മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍ ട്വീറ്റ് ചെയ്തു.

സംഭവത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയ്ക്കു പുറത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളും. ഹിമാചലിലെ ജനങ്ങള്‍ സമചിത്തതയോടെ പെരുമാറണമെന്നും അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ സുരക്ഷാ സംവിധാനം ഉടന്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.