ആരാധനക്രമത്തെച്ചൊല്ലി കലാപം സൃഷ്ടിക്കുന്നവര്‍ക്ക് ദൈവത്തെ ആരാധിക്കാന്‍ കഴിയില്ല: ഫ്രാന്‍സിസ് പാപ്പ

ആരാധനക്രമത്തെച്ചൊല്ലി കലാപം സൃഷ്ടിക്കുന്നവര്‍ക്ക് ദൈവത്തെ ആരാധിക്കാന്‍ കഴിയില്ല: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ആരാധനക്രമത്തെച്ചൊല്ലി കലാപം സൃഷ്ടിക്കുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ദൈവത്തെ ആരാധിക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് പാപ്പ. ലോകമെമ്പാടും ആരാധനക്രമവുമായി ബന്ധപ്പെട്ട് സഭാ തലങ്ങളില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുന്ന പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ പ്രതികരണം. ഏകീകൃത കുര്‍ബാന അര്‍പ്പണം സംബന്ധിച്ച് കേരളത്തിലും തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പാപ്പായുടെ ഈ വാക്കുകള്‍ ഏറെ പ്രസക്തമാണ്. അപ്പോസ്‌തോലിക കൊട്ടാരത്തില്‍ വച്ച് പൊന്തിഫിക്കല്‍ ലിറ്റര്‍ജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം പറഞ്ഞത്.

'പ്രാര്‍ഥനാക്രമവും അതിനെക്കുറിച്ചുള്ള പഠനവും സഭാ ഐക്യത്തിലേക്കാണ് നമ്മെ നയിക്കേണ്ടത് അല്ലാതെ വിഭജനത്തിലേക്കല്ലെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ദൈവാരാധനയെച്ചൊല്ലി സഭയില്‍ ഭിന്നിപ്പുണ്ടാകുമ്പോള്‍ അവിടെ പിശാച് കടന്നുകൂടുന്നു-മാര്‍പാപ്പ പറഞ്ഞു.

ആരാധനക്രമം മുന്‍നിര്‍ത്തി അനാവശ്യവും കാലഹരണപ്പെട്ടതുമായ പ്രശ്‌നങ്ങളുടെ പേരില്‍ സഭയില്‍ വിഭജനം സൃഷ്ടിക്കുന്നവര്‍ക്ക് ദൈവത്തെ ആരാധിക്കാന്‍ കഴിയില്ല. എല്ലാ പരിഷ്‌കാരങ്ങളും പ്രതിരോധം സൃഷ്ടിക്കുന്നതാണ് പതിവ് - പാപ്പാ പറഞ്ഞു.

തന്റെ ബാല്യകാലത്ത് പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ കത്തോലിക്ക സഭയില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു. പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിന് മുന്‍പുള്ള നോമ്പിന്റെ ആവശ്യകത കുറയ്ക്കുകയും ഈസ്റ്റര്‍ വിജില്‍ പുനരാരംഭിക്കുകയും ചെയ്തു. ഇതെല്ലാം അടഞ്ഞ മനസുള്ളവരെ പ്രകോപിപ്പിച്ചു. അത് ഇപ്പോഴും സംഭവിക്കുന്നു'- അദ്ദേഹം പറഞ്ഞു.

അത്തരം അടഞ്ഞ മനസുള്ള ആളുകള്‍ അവരുടെ വീക്ഷണങ്ങളെ ന്യായീകരിക്കാന്‍ ആരാധനാക്രമത്തെ ഉപയോഗിക്കുന്നു. സഭയില്‍ നിന്ന് അകന്നുനിന്ന്, ബിഷപ്പുമാരുടെ അധികാരത്തെ ചോദ്യം ചെയ്ത്, പാരമ്പര്യം സംരക്ഷിക്കാനെന്ന പേരില്‍ ഇടഞ്ഞു നില്‍ക്കുന്ന ഇത്തരം സഭാ ഗ്രൂപ്പുകള്‍ ആരാധനാക്രമത്തെ ഉപയോഗിക്കുന്നതായി പാപ്പ മുന്നറിപ്പു നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26