കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ കൂടുതല്‍ കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. എം.ജി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കൊഞ്ചി എന്ന ഷവര്‍മ്മ കട അടച്ചുപൂട്ടി. പാചകം ചെയ്യുന്നതിലെ പോരായ്മയും വൃത്തിഹീനമായ അന്തരീക്ഷവുമാണ് കാരണം.
പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സംസം ഹോട്ടലില്‍ നിന്ന് പിഴ ഈടാക്കി. കൂടാതെ പെയിന്റ് ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന 20 കിലോ ചിക്കന്‍ നശിപ്പിച്ചു. കാലാവധി കഴിഞ്ഞ പാലും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ സൂക്ഷിച്ച മുട്ടയും കണ്ടെത്തി. പ്രസ് ക്ലബ് ജംഗ്ഷനിലെ ബേക്ക് പാലസ് ബേക്കറിയില്‍ നിന്ന് ഇരുപത് കിലോ ഗ്രില്‍ഡ് ചിക്കനും പിടികൂടി നശിപ്പിച്ചു. പാചകം ചെയ്യുന്നതിലെ അശാസ്ത്രീയതയാണ് കാരണം.
ചെറുവത്തൂര്‍ ടൗണില്‍ ഐഡിയല്‍ ഫുഡ് പോയിന്റ് നിന്നും ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവുകയും ഒരു കുട്ടി മരിക്കുകയും ചെയ്തിട്ടും തികഞ്ഞ ലാഘവത്തോടെയാണ് ജില്ലയുടെ പല ഭാഗങ്ങളിലും ഷവര്‍മ്മ കടകള്‍ ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നത് എന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ തെളിയുന്നത്.
മാരകമായ ബാക്ടീരിയകള്‍ കടന്നു കൂടാന്‍ സാഹചര്യമൊരുക്കും വിധം വൃത്തിഹീനമായ അന്തരീക്ഷം തന്നെയാണ് ഷവര്‍മ്മ കടകളിലും ചില തട്ടുകടകളിലും ഹോട്ടലുകളിലും ഉള്ളത്. പരിശോധനയുടെ ഭാഗമായി ഇത്തരം സ്ഥാപനങ്ങളുടെ അടുക്കളയില്‍ കയറിയപ്പോഴാണ് മാലിന്യ കൂമ്പാരം ദൃശ്യമായത്. പഴകിദ്രവിച്ച പാത്രങ്ങളും മാലിന്യം നിറഞ്ഞ വെള്ളവുമായിരുന്നു അടുക്കളകളില്‍. കൂടാതെ പാത്രങ്ങളും ഗ്ലാസുകളും കഴുകുന്നത് വൃത്തിഹീനമായാണെന്നും കണ്ടെത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.