ന്യൂഡല്‍ഹി: ഷഹീന്‍ബാഗിലെ അനധികൃത കെട്ടിടങ്ങള്‍ സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ പൊളിക്കാന്‍ തുടങ്ങി. ഇന്ന് രാവിലെയാണ് ജഹാംഗീര്‍പുരി മോഡല്‍ പൊളിച്ചടുക്കല്‍ തുടങ്ങിയത്. കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് എതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയാനെത്തി.
പൊളിക്കല്‍ നടപടി അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ജസ്റ്റിസ് നാഗേശ്വര്‍ റാവുവിന്റെ ബെഞ്ചിന്റെ മുമ്പാകെ വിഷയം അവതരിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അനുമതി നല്‍കി.
നിലത്തു കിടന്നു പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ കോര്‍പറേഷന്‍ കൊണ്ടു വന്ന ബുള്‍ഡോസര്‍ തടഞ്ഞു. ഇവരെ മാറ്റിയ ശേഷമാണ് പിന്നീട് ഇടിച്ചു നിരത്തല്‍ തുടര്‍ന്നത്. തുഗ്ലക്കാബാദ്, സംഗം വിഹാര്‍, ന്യൂ ഫ്രണ്ട്‌സ് കോളനി, ഷഹീന്‍ ബാഗ് എന്നിവിടങ്ങളിലെ കൈയേറ്റങ്ങള്‍ നീക്കം ചെയ്യുമെന്നും രാജ്പാല്‍ വ്യക്തമാക്കി.
പൊതുസ്ഥലത്തെ അനധികൃത കൈയേറ്റങ്ങളാണ് പൊളിക്കുകയെന്ന് കോര്‍പറേഷന്‍ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച്ച ആരംഭിക്കാനിരുന്ന നടപടി ആവശ്യത്തിനു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഇന്നത്തേക്കു നീട്ടുകയായിരുന്നു.
ഇന്നു രാവിലെ പൊലീസ് സേനയുടെ സഹായത്തോടെ ഇടിച്ചു നിരത്തല്‍ ആരംഭിച്ചു. പൗരത്വ നിയമ പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു ഷഹീന്‍ബാഗ്. ഇവിടുത്തെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നേരത്തെയും അധികൃതര്‍ നടപടിയെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.