വാഷിങ്ടണ്‍: മോസ്‌കോയിലെ ക്രെംലിന്‍ നിയന്ത്രിത മാധ്യമ സ്ഥാപനങ്ങളെ അമേരിക്കന്‍ പരസ്യദാതാക്കളില്‍ നിന്ന് ഒഴിവാക്കിയും യുഎസ് നല്‍കുന്ന മാനേജ്‌മെന്റ്, അക്കൗണ്ടിംഗ് കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയും റഷ്യയ്‌ക്കെതിരെ യുഎസ് പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി.
റഷ്യന്‍ കയറ്റുമതി നിയന്ത്രണങ്ങള്‍, റഷ്യന്‍, ബെലാറൂഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 2,600 വിസ നിയന്ത്രണങ്ങള്‍, യൂറോപ്പിലേക്ക് വിതരണം ചെയ്യുന്നതിനായി റഷ്യയില്‍ നിന്ന് വാതകം വാങ്ങുന്ന ഗാസ്‌പ്രോംബാങ്കിലെ എക്‌സിക്യൂട്ടീവുകള്‍ക്കെതിരായ ഉപരോധങ്ങള്‍ എന്നിവയും പുതിയ ഉപരോധ വ്യവസ്ഥയില്‍ ഉണ്ടെന്ന് വൈറ്റ് ഹൗസിലെ മുതിര്‍ന്ന അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉക്രെയ്ന്‍ അധിനിവേശത്തിന് റഷ്യയ്‌ക്കെതിരെ സ്വീകരിക്കേണ്ട നയപരമായ തീരുമാനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ജി 7 നേതാക്കളും ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുമായി ഞായറാഴ്ച്ച വെര്‍ച്വലായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വൈറ്റ് ഹൗസ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
ചാനല്‍ വണ്‍ റഷ്യ, ടെലിവിഷന്‍ സ്റ്റേഷന്‍ റഷ്യ-1, എന്‍ടിവി ബ്രോഡ്കാസ്റ്റിംഗ് കമ്പനി എന്നീ മാധ്യമ സ്ഥാപനങ്ങളെയാണ് പരസ്യദാതാക്കളില്‍ നിന്ന് ഒഴിവാക്കിയത്. കഴിഞ്ഞ വര്‍ഷം 300 ദശലക്ഷത്തിലധികം ഡോളറിന്റെ പരസ്യ വരുമാനമായിരുന്നു പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഈ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചത്. എല്ലാ ദിവസവും പുടിനില്‍ നിന്ന് കേള്‍ക്കുന്ന നുണകളും വഞ്ചനയും പ്രക്ഷേപണം ചെയ്യാന്‍ അവരെ സഹായിക്കില്ലെന്ന് മുതിര്‍ന്ന അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പുതിയ ഉപരോധം നിലവില്‍ വന്നതോടെ റഷ്യന്‍ ഫെഡറേഷനിലെ 2,596 അംഗങ്ങള്‍ക്കും 13 ബെലാറൂഷ്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കും പുതിയ വിസ നിയന്ത്രണങ്ങള്‍ ബാധകമാകും. ഗാസ്‌പ്രോംബാങ്ക് എക്‌സിക്യൂട്ടീവുകള്‍ക്കെതിരായ ഉപരോധം ബാങ്കിനെതിരായ ഉപരോധമല്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. റഷ്യന്‍ വാതകം വാങ്ങുന്നതിന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തടസമില്ലെന്നും വൈറ്റ്ഹൗസ് പറഞ്ഞു.
യുദ്ധത്തെ തുടര്‍ന്ന് സാമ്പത്തികമായി ഉലയുന്ന റഷ്യയ്ക്കുമേല്‍ അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പുടിനെ സംബന്ധിച്ചിടത്തോളം പരാജയമാണെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തല്‍. ഉക്രെയ്ന്‍ ജനങ്ങളുടെ ധീരമായ പോരട്ടത്തിനുള്ള പിന്തുണയാണ് റഷ്യയ്ക്കുമേല്‍ തങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെന്നും വൈറ്റ് ഹൗസ് പറഞ്ഞു.
യുദ്ധത്തില്‍ തകര്‍ന്ന ഉക്രെയ്‌ന്റെ വീണ്ടെടുക്കലിന് ഹൃസ്വകാല സാമ്പത്തിക സഹായം നല്‍കുന്നതിനും ഞായറാഴ്ച്ചയിലെ കൂടിക്കാഴ്ച്ചയില്‍ തീരുമാനമായിട്ടുണ്ട്. ധനസഹായം അടുത്ത ആഴ്ച്ചയോടെ ലഭ്യമാക്കും. ഉക്രെയ്‌ന്റെ പുനര്‍നിര്‍മാണമാണ് ലക്ഷ്യം വയ്ക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.