പെര്‍ത്ത്: ഗര്‍ഭച്ഛിദ്രത്തിനെതിരേ പെര്‍ത്തില്‍ 'റാലി ഫോര്‍ ലൈഫ്' സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് ഏഴു മണി മുതല്‍ എട്ടര വരെ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരത്തിനു സമീപം ഹാര്‍വെസ്റ്റ് ടെറസിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മനുഷ്യരാശിയുടെ ഏറ്റവും വലിയ നഷ്ടമാണ് ഗര്‍ഭച്ഛിദ്രം എന്ന ആശയത്തിലൂന്നിയാണ് റാലി നടത്തുന്നത്.
വൈകിട്ട് ആറു മണിയോടെ സെന്റ് മേരീസ് കത്തീഡ്രലിന് മുന്നില്‍ വിശ്വാസികള്‍ ഒത്തുചേരുകയും 6:15 ന് ജപമാല റാലിയായി പാര്‍ലമെന്റ് ഹൗസിലേക്ക് നീങ്ങുകയും ചെയ്യും. കത്തീഡ്രല്‍ ഇടവക വികാരി നേതൃത്വം നല്‍കും. 8.30-ന് റാലി അവസാനിപ്പിക്കുന്ന വിധമാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
പെര്‍ത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നടന്ന റാലിയില്‍നിന്ന്
പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ 1998-ല്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയതു മുതല്‍ ജീവന്‍ നഷ്ടമായ 2,00,000 ഗര്‍ഭസ്ഥ ശിശുക്കളെ ഓര്‍ക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യും. ഏറെ വൈകിയുള്ള ഗര്‍ഭഛിദ്രത്തിനിടെ 27 കുഞ്ഞുങ്ങള്‍ ജീവനോടെ ജനിക്കുകയും തുടര്‍ന്ന് പരിചരണം കിട്ടാതെ മരിക്കുകയും ചെയ്തിരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗര്‍ഭഛിദ്രത്തിനെതിരേയുള്ള ബാനറുകളും മെഴുകുതിരികളും കൈയിലേന്തി മലയാളികള്‍ അടക്കം നിരവധി പേരാണ് എല്ലാ വര്‍ഷവും നടക്കുന്ന റാലിയില്‍ പങ്കെടുക്കുന്നത്. Coalition for the Defence of Human Life എന്ന കൂട്ടായ്മയാണ് റാലി സംഘടിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26