ഫിലിപ്പീന്‍സില്‍ മുന്‍ ഏകാധിപതിയുടെ മകന്‍ ഭരണത്തിലേക്ക്; മാര്‍ക്കോസ് ജൂനിയര്‍ പുതിയ പ്രസിഡന്റാകും

ഫിലിപ്പീന്‍സില്‍ മുന്‍ ഏകാധിപതിയുടെ മകന്‍ ഭരണത്തിലേക്ക്; മാര്‍ക്കോസ് ജൂനിയര്‍ പുതിയ പ്രസിഡന്റാകും

മനില: മൂന്ന് പതിറ്റാണ്ട് നീണ്ട ജനാധിപത്യ ഭരണത്തിന് തിരശീലയിട്ട് ഫിലിപ്പീന്‍സ് വീണ്ടും ഏകാധിപത്യ ഭരണത്തിലേക്ക്. മുന്‍ ഏകാധിപതി അന്തരിച്ച ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസിന്റെ മകന്‍ 'ബോങ്‌ബോങ്' എന്ന് വിളിക്കപ്പെടുന്ന ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി. എതിര്‍ സ്ഥാനാര്‍ഥി ജനാധിപത്യ വാദിയും അഭിഭാഷകയുമായ ലെനി റോബെഡോയെക്കാള്‍ ഇരട്ടി വോട്ടുകള്‍ നേടിയാണ് മാര്‍ക്കോസ് ജൂനിയര്‍ വിജയം ഉറപ്പിച്ചത്. ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ 30 ദശലക്ഷം വോട്ടുകളുമായി 64 കാരനായ മാര്‍ക്കോസ് ജൂനിയര്‍ വിജയപാതയിലാണ്.

തിരഞ്ഞെടുപ്പ് പ്രചരണഘട്ടത്തില്‍ നടന്ന അഭിപ്രായ സര്‍വകളെല്ലാം മര്‍ക്കോസ് ജൂനിയറിന്റെ ജയം ഉറപ്പിക്കുന്നതായിരുന്നു. ബോങ്‌ബോങിന്റെ തിരഞ്ഞെടുപ്പ് റാലികളില്‍ കണ്ട ജനസാഗരം ഫിലിപ്പീന്‍സ് മാറി ചിന്തിക്കുന്നു എന്നതിന്റെ സൂചനയായി വിലയിരുത്തി. 36 വര്‍ഷം മാറിമാറി വന്ന പ്രസിഡന്റുമാര്‍ക്ക് ഫിലിപ്പീന്‍സിന്റെ അടിസ്ഥാന വികസനത്തില്‍ കാര്യമായ സംഭാവനകള്‍ നല്‍കാനായില്ലെന്ന വിലയിരുത്തലാണ് വീണ്ടുമൊരു ഏകാധിപത്യ ഭരണാധികാരിയിലേക്ക് പ്രതീക്ഷ വയ്ക്കാന്‍ ഫിലിപ്പീന്‍സിനെ പ്രേരിപ്പിച്ചതെന്ന് വിലയിരുത്താം.



ബോങ്‌ബോങിന്റെ പിതാവും നാഷണലിസ്റ്റ് പാര്‍ട്ടി നേതാവുമായ ഫെര്‍ഡിനന്‍ഡ് മര്‍ക്കോസ് 1965 ല്‍ അധികാരത്തിലെത്തിയ ശേഷം അടിസ്ഥാനസൗകര്യത്തിലും വിദ്യാഭ്യാസരംഗത്തും നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ മകനിലൂടെ ആവര്‍ത്തിക്കപ്പെടുമെന്ന പ്രതീക്ഷയാണ് മര്‍ക്കോസ് ജൂനിയറില്‍ ജനം വിശ്വാസമര്‍പ്പിക്കാന്‍ കാരണം. എന്നാല്‍ രണ്ട് പതിറ്റാണ്ട് കാലം ഫെര്‍ഡിനന്‍ഡ് മര്‍ക്കോസിന്റെ ഏകാധിപത്യ ഭരണം ഫിലിപ്പീന്‍സിന്റെ മുന്നിലുണ്ട്. അഴിമതിയും ധൂര്‍ത്തും അനധികൃത സ്വത്ത് സമ്പാദനവുമൊക്കെ ഫെര്‍ഡിനന്‍ഡിന് നേരെ വലിയ വിമര്‍ശനങ്ങളായി അന്ന് ഉയര്‍ന്നിരുന്നു.

ഏകാധിപത്യ ഭരണത്തില്‍ ജീവിതം ദുസഹമായ ജനങ്ങള്‍ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി. വലിയ പ്രക്ഷോഭങ്ങളും അക്രമസംഭവങ്ങളും നഗരങ്ങളില്‍ അരങ്ങേറി. ജനവികാരവും അമേരിക്കന്‍ സമ്മര്‍ദ്ദവും ശക്തമായതോടെ 1986 പ്രസിഡന്റ് സ്ഥാനം രാജിവച്ച് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ടു.

വ്യാപകമായി തട്ടിപ്പു നടന്ന തിരഞ്ഞെടുപ്പില്‍ മര്‍ക്കോസ് വിജയിച്ചെങ്കിലും പ്രതിപക്ഷവും അമേരിക്കയും തിരഞ്ഞെടുപ്പു ഫലം അംഗീകരിച്ചില്ല. സൈന്യാധിപന്‍ ജനറല്‍ ഫിദെല്‍ റമോസും പ്രതിരോധമന്ത്രി ഹുവാന്‍ പോണ്‍സ് എന്റീലും എതിര്‍ത്തോടെ മര്‍ക്കോസ് ഫിലിപ്പീന്‍സില്‍ നിന്നു പലായനം ചെയ്യേണ്ടിവന്നു. തുടര്‍ന്ന് ജനാധിപത്യവാദിയായ കൊറസോണ്‍ അക്കിനോ പ്രസിഡന്റായി.

പ്രതിഷേധക്കാര്‍ തെരുവുകളില്‍ നിറഞ്ഞിരുന്നതിനാല്‍ ഹെലികോപ്റ്ററിലാണ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസിനെയും കുടുംബത്തെയും ഔദ്യോഗിക വസതിയില്‍ നിന്നും നീക്കിയത്. അഴിമതി ഭരണത്തിലൂടെ നേടിയെടുത്ത കോടിക്കണക്കിന് ഡോളര്‍ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടി. മാര്‍ക്കോസ് ഭരണം തിരിച്ചുവരുന്നതോടെ അവയെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമം ഉണ്ടായേക്കും.

ഫിലിപ്പീന്‍സിലും ഇംഗ്ലണ്ടിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളിലും വിദ്യാഭ്യാസം നേടിയ മാര്‍ക്കോസ് ജൂനിയര്‍ ഓക്‌സ്‌ഫോര്‍ഡില്‍ രാഷ്ട്രീയം, തത്ത്വചിന്ത, സാമ്പത്തികശാസ്ത്രം എന്നിവയില്‍ പഠനം നടത്തി. സോഷ്യല്‍ സയന്‍സസില്‍ പ്രത്യേക ഡിപ്ലോമയും നേടി. പഠനത്തിന് ശേഷം തന്റെ 23-ാം വയസില്‍ മാതൃ പ്രവിശ്യയായ ഇലോകോസ് നോര്‍ട്ടിന്റെ വൈസ് ഗവര്‍ണറായി. ഫിലിപ്പീന്‍സില്‍നിന്ന് പുറത്താക്കപ്പെട്ട് ശേഷം 1989 ലാണ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് മരിക്കുന്നത്. അന്ന് ബോങ്‌ബോങിന് 29 വയസായിരുന്നു പ്രായം.



പിതാവിന്റെ കാലശേഷം അധികാര പദവിയിലേക്കുള്ള യാത്ര ബോങ്‌ബോങ് ആരംഭിച്ചിരുന്നു. തുടര്‍ച്ചയായി ഇലോകോസ് നോര്‍ട്ടെയില്‍ മാര്‍ക്കോസ് ജൂനിയര്‍ ഗവര്‍ണറായി. 2016 ല്‍ അദ്ദേഹം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും ലെനി റോബെഡോയോട് പരാജയപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ അദ്ദേഹം കോടതിയില്‍ പോയി. പക്ഷെ ഫലമുണ്ടായില്ല. ആറു വര്‍ഷത്തിന് ശേഷം ഇരുവരും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ ഇത്തവണ വിജയം ബോങ്‌ബോങിനൊപ്പം നിന്നു.

ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച 1986 ലെ ജനാധിപത്യ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയാണ് 57 കാരിയായ ലെനി റൊബ്രീഡോ. 2013 മുതല്‍ ജനപ്രതിനിധി സഭാംഗം. 2016ല്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാര്‍ക്കോസ് ജൂനിയറെ തോല്‍പ്പിച്ചു.

ആരും ജയിച്ചാലും കടുത്ത വെല്ലുവിളികളാണു വിജയിയെ കാത്തിരിക്കുന്നത്. പ്രതിസന്ധിയിലായിരുന്ന ഫിലിപ്പീന്‍സ് സമ്പദ് വ്യവസ്ഥയെ കോവിഡ് പൂര്‍ണമായും തകര്‍ത്തിരിക്കുകയാണ്. രാജ്യത്താകെ അഭ്യന്തര പ്രശ്‌നം രൂക്ഷമാണ്. ക്രമസമാധാനം താറുമാറായി. എങ്ങും കവര്‍ച്ചയും കൊലയുമാണ്. ജനാധിപത്യ ഭരണത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകില്ലെന്ന് കണ്ടതുകൊണ്ടാകാം ഫിലിപ്പീന്‍സ് വീണ്ടുമൊരു ഏകാധിപത്യ ഭരണത്തിന് മൗനാനുവാദം നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.