ഓസ്‌ട്രേലിയയില്‍ മുങ്ങല്‍ വിദഗ്ധന്റെ മൃതദേഹം മയക്കുമരുന്ന് പാക്കറ്റുകള്‍ക്കൊപ്പം കരയ്ക്കടിഞ്ഞു; ദുരൂഹതയെന്ന് പോലീസ്

ഓസ്‌ട്രേലിയയില്‍ മുങ്ങല്‍ വിദഗ്ധന്റെ മൃതദേഹം മയക്കുമരുന്ന് പാക്കറ്റുകള്‍ക്കൊപ്പം കരയ്ക്കടിഞ്ഞു; ദുരൂഹതയെന്ന് പോലീസ്

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് 50 കിലോയിലധികം ലഹരിമരുന്നിനൊപ്പം മുങ്ങല്‍ വിദഗ്ധന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. ന്യൂകാസില്‍ തുറമുഖത്തിനു സമീപം കടല്‍ത്തീരത്താണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ന്യൂ സൗത്ത് വെയില്‍സ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് നദീതീരത്ത് പ്രതികരണമില്ലാത്ത നിലയില്‍ മുങ്ങല്‍ വിദഗ്ധനെ പ്രദേശവാസികള്‍ കണ്ടത്. ഇവര്‍ പോലീസിനെ വിളിച്ചറിയിച്ചു. പരിസരവാസികളും പാരാമെഡിക്കല്‍ ജീവനക്കാരും ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

ലഹരിമരുന്ന് അടങ്ങിയ നിരവധി പാക്കറ്റുകളും ഇയാളുടെ സമീപത്തുനിന്നു പോലീസ് കണ്ടെത്തി. വിപണിയില്‍ 20 ദശലക്ഷം ഡോളര്‍ മൂല്യമുള്ള ലഹരിമരുന്നാണ് കണ്ടെത്തിയത്. പോലീസില്‍നിന്നുള്ള മുങ്ങല്‍ വിദഗ്ധരും മറൈന്‍ ഏരിയ കമാന്‍ഡും ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും പ്രദേശത്ത് കൂടുതല്‍ മയക്കുമരുന്നിനായി തെരച്ചില്‍ തുടരുന്നുണ്ട്.

സംശയാസ്പദമായ സാഹചര്യത്തിലാണ് മുങ്ങല്‍ വിദഗ്ധന്റെ മരണമെന്ന് ഓര്‍ഗനൈസ്ഡ് ക്രൈം സ്‌ക്വാഡ് കമാന്‍ഡര്‍ ഡിറ്റക്റ്റീവ് സൂപ്രണ്ട് റോബ് ക്രിച്ച്‌ലോ പറഞ്ഞു.

കപ്പലില്‍ നിന്ന് വെള്ളത്തില്‍ വീണ ലഹരി മരുന്ന് പാക്കറ്റുകള്‍ വീണ്ടെടുക്കാന്‍ യുവാവ് ശ്രമിച്ചപ്പോഴാണോ അപകടമെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാള്‍ അപകടത്തില്‍പെട്ടപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു. ആളെ തിരിച്ചറിയാനായിട്ടില്ലെങ്കിലും വിദേശ പൗരനാണെന്നും ലഹരി കടത്ത് സംഘത്തിന്റെ കണ്ണിയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ച യുവാവ് അത്യാധുനിക ഡൈവിംഗ് ഉപകരണങ്ങളെല്ലാം ധരിച്ചിട്ടുണ്ടായിരുന്നു.

ഓസ്ട്രേലിയയിലെ ഏറ്റവും വലിയ കല്‍ക്കരി കയറ്റുമതി ടെര്‍മിനലാണ് ന്യൂകാസില്‍. കല്‍ക്കരി കൊണ്ടുപോകുന്നതിനായി ഓരോ വര്‍ഷവും രണ്ടായിരത്തിലധികം കപ്പലുകള്‍ ന്യൂകാസില്‍ തുറമുഖത്തേക്കു വരികയും പോവുകയും ചെയ്യുന്നുണ്ട്. ഇതിന്റെ മറവില്‍ ലഹരി മരുന്നു കടത്തും വര്‍ധിക്കുന്നുണ്ട്.

ഞായറാഴ്ച അര്‍ജന്റീനയില്‍ നിന്ന് ന്യൂകാസിലിലെത്തിയ അരേതി എന്ന ചരക്ക് കപ്പലിലാണോ ഈ മയക്കുമരുന്ന് പാക്കറ്റുകള്‍ എത്തിയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് ബോട്ടുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഞായറാഴ്ച രാത്രി ഈ കപ്പലിന് സമീപം കണ്ടെത്തിയിരുന്നു.

ഓസ്ട്രേലിയയിലെ മയക്കുമരുന്ന് ഉപയോക്താക്കള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് നല്‍കുന്നത്. അതാണ് രാജ്യേത്തക്ക് അനധികൃതമായ മാര്‍ഗങ്ങളിലുടെ മയക്കുമരുന്ന് ഇറക്കുമതി വര്‍ധിക്കാന്‍ കാരണം.

കപ്പലിന്റെ പുറംചട്ടയില്‍ ഒളിപ്പിക്കുന്ന മയക്കുമരുന്ന് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ കരയിലേക്കു കടത്തുന്ന പ്രവണത അടുത്ത കാലത്തായി കണ്ടുവരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26