പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ ക്രിസ്തുവില്‍ വിശ്വസിച്ച് ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള.
തമിഴ്‌നാട്ടില്‍ കന്യകുമാരി ജില്ലയില്‍ പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്ന പത്മനാഭപുരം പട്ടണത്തിനടുത്തു നട്ടാലം ഗ്രാമത്തില്‍ മരുതൂര്‍ കുളങ്ങള നായര്‍ കുടുംബത്തില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ദേവകി അമ്മയുടെയും മകനായി എ.ഡി 1712 ഏപ്രില്‍ 23 ന് ദേവസഹായം പിള്ള ജനിച്ചു. മാതാപിതാക്കള്‍ അദ്ദേഹത്തിനു നീലകണ്ഠപിള്ള എന്നാണ് പേരിട്ടത്.
സംസ്‌കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പണ്ഡിതനും തര്‍ക്കം, വേദാന്തം, വ്യാകരണം, പുരാണ പാരായണം, ആയുധാഭ്യാസം മുതലായവയില്‍ പ്രഗത്ഭനുമായിരുന്നു നീലകണ്ഠപിള്ള. കുളച്ചല്‍ യുദ്ധത്തില്‍ തടവുകാരനായി പിടിക്കപ്പെട്ട ഡച്ച് സൈന്യാധിപന്‍ ഡീലനോയിലിനെ പത്മനാഭപുരത്തിനു സമീപം ഉദയഗിരിയില്‍ തടവുകാരനായി പാര്‍പ്പിച്ചിരുന്നു. സമയം കിട്ടുമ്പോഴൊക്കെ നീലകണ്ഠപിള്ളയും ഡിലനോയിലും തമ്മില്‍ കണ്ടു സംസാരിച്ചിരുന്നു. ക്രമേണ ഇവരുടെ സൗഹൃദം വളര്‍ന്ന് അവര്‍ ആത്മമിത്രങ്ങളായിത്തീര്‍ന്നു.
സ്വതവേ ജ്ഞാനിയായിരുന്ന നീലകണ്ഠപിള്ള ഡീലനോയിയില്‍ നിന്നും ക്രിസ്തുമത തത്ത്വങ്ങള്‍ പഠിച്ചു. ക്രിസ്തുവിനെക്കുറിച്ചും സത്യദൈവത്തെക്കുറിച്ചും ജ്ഞാനം സിദ്ധിച്ച നീലകണ്ഠപിള്ള ആ വിശ്വാസം സ്വീകരിക്കുവാന്‍ തീരുമാനിച്ചു. അങ്ങനെ 1745 ല്‍ വടക്കന്‍കുളം ഇടവകവികാരി ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് ബുട്ടാരിയില്‍ നിന്നും അദ്ദേഹം ജ്ഞാനസ്‌നാനം സ്വീകരിച്ച് 'ദേവസഹായം' എന്ന പേരു സ്വീകരിച്ചു.
സവര്‍ണര്‍ മതം മാറുന്നതു നിയമവിരുദ്ധമായിരുന്ന പഴയ തിരുവിതാംകൂറില്‍ രാജകോപത്തെ അവഗണിച്ചു കൊണ്ട് ക്രിസ്തുവിനുവേണ്ടി ജീവിച്ച ദേവസഹായം പിള്ളയ്ക്കു പിന്നീടങ്ങോട്ട് പീഡനത്തിന്റെ കാലമായിരുന്നു. എന്നാല്‍ എല്ലാ പീഡനങ്ങളും സഹനങ്ങളും അദ്ദേഹം ക്രിസ്തുവിനോടുള്ള സ്‌നേഹത്തെ പ്രതി ഏറ്റുവാങ്ങി.
കാര്യക്കാരന്‍ പദവി നഷ്ടപ്പെട്ടിട്ടും തടവറയില്‍ ക്രൂരപീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടും അദ്ദേഹം ക്രിസ്തുവിനെ തള്ളിപ്പറഞ്ഞില്ല. കഴുത്തില്‍ എരുക്കിന്‍ പൂമാലയിട്ടു പോത്തിന്റെ പുറത്തിരുത്തി പരിഹാസ പാത്രമായി തെരുവീഥിയിലൂടെ കൊണ്ടു നടന്നിട്ടും ദേവസഹായം പിള്ള ക്രിസ്തു വിശ്വാസത്തില്‍ ഉറച്ചു നിന്നു. ശരീരം മുഴുവന്‍ ചാട്ടവാറുകൊണ്ട് അടിച്ചുപൊട്ടിച്ചു മുറിവുകളില്‍ മുളക് അരച്ചുതേച്ചു വെയിലത്തു കിടത്തിയിട്ടും കന്നുകാലികളെ കെട്ടിയിടുന്നതുപോലെ മരത്തില്‍ ചങ്ങലകൊണ്ടു ബന്ധിച്ചു പട്ടിണിക്കിട്ടിട്ടും ആ വിശ്വാസി പിന്മാറിയില്ല.
ബന്ധുക്കളും ഉദ്യോഗസ്ഥരും സ്‌നേഹിതരും സത്യദൈവത്തെ ഉപേക്ഷിക്കുവാന്‍ അദ്ദേഹത്തെ നിരന്തരം ഉപദേശിച്ചുകൊണ്ടിരുന്നു. എന്നാല്‍ അപ്പോഴൊക്കെ ദേവസഹായം പിള്ള ക്രിസ്തുവിന്റെ നടപടികളെയും തത്ത്വങ്ങളെയും അവര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയാണ് ചെയ്തത്.
പീഡനങ്ങളുടെ ശക്തി കൂടിയതോടെ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയും വര്‍ധിച്ചു. 'ഒറ്റവാക്കുകൊണ്ടു ലോകത്തെ ശിക്ഷിക്കുവാന്‍ ശക്തിയുള്ള കര്‍ത്താവേ! എനിക്ക് ഈ പീഡനങ്ങള്‍ സഹിക്കുവാന്‍ ബലം തരണമേ, ഇവരോടു ക്ഷമിച്ച് അവരെ മാനസാന്തരപ്പെടുത്തണമേ' എന്ന് അദ്ദേഹം നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
ദേവസഹായം പിള്ളയെ രക്തസാക്ഷി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ക്ക് 2012 ല്‍ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെഅംഗീകാരം ലഭിച്ചു. 2012 ഡിസംബര്‍ രണ്ടിന് കത്തോലിക്ക സഭ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയായ ദേവസഹായം പിള്ള വിശ്വാസത്തിന്റെ വിശുദ്ധ പടവുകള്‍ താണ്ടി വിശുദ്ധനായി നാമകരണം ചെയ്യപ്പെടാന്‍ ഒരുങ്ങുകയാണ്. വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന ചടങ്ങ് മെയ് 15ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടത്തപെടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.