പതിനൊന്നുകാരന് നേരെ ജാതി അധിക്ഷേപം; സവര്‍ണ വിദ്യാര്‍ത്ഥികള്‍ തീയില്‍ തള്ളിയിട്ട ബാലന് ഗുരുതരമായി പൊള്ളലേറ്റു

പതിനൊന്നുകാരന് നേരെ ജാതി അധിക്ഷേപം; സവര്‍ണ വിദ്യാര്‍ത്ഥികള്‍ തീയില്‍ തള്ളിയിട്ട ബാലന് ഗുരുതരമായി പൊള്ളലേറ്റു

ചെന്നൈ: തമിഴ്‌നാട്ടില്‍ പതിനൊന്നുകാരന് നേരെ സവര്‍ണ ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ അതിക്രമം. തമിഴ്നാട് വില്ലുപുരം ജില്ലയില്‍ ഡിണ്ടിവനം ടൗണിലുള്ള കാട്ടുചിവിരി സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ ജാതി അധിക്ഷേപം നടത്തുകയും തീയില്‍ തള്ളിയിടുകയും ചെയ്തതിന് പ്രായ പൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി.

പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാലരയോടെ അമ്മൂമ്മയെ കാണുന്നതിനായി അതിക്രമത്തിനിരയായ കുട്ടി വീട്ടില്‍ നിന്ന് പോയിരുന്നു. തിരികെ വന്ന കുട്ടിയുടെ മുതുകിലും തോളിലും നെഞ്ചിലും പൊള്ളലിന്റെ പാടുകള്‍ കണ്ട മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോള്‍ അബദ്ധത്തില്‍ തീപിടിച്ച കുറ്റിക്കാട്ടില്‍ കാല്‍ വഴുതി വീണുവെന്നാണ് പറഞ്ഞത്.

കുട്ടിയെ ഉടന്‍ തന്നെ ഡിണ്ടിവനം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും അടിയന്തര ചികിത്സ നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവില്‍ കുട്ടി സത്യം വെളിപ്പെടുത്തി. സ്‌കൂളിലെ ഉന്നത ജാതിയില്‍പ്പെട്ട ചില വിദ്യാര്‍ത്ഥികള്‍ നിരന്തരം ജാതി അധിക്ഷേപം നടത്താറുണ്ടെന്നും തിങ്കളാഴ്ച വൈകിട്ട് ഒറ്റയ്ക്ക് നടന്നുവരുന്നത് കണ്ട് ഉപദ്രവിക്കുകയും തീയിലേക്ക് തള്ളിയിടുകയുമായിരുന്നുവെന്ന് കുട്ടി വെളിപ്പെടുത്തി.

തീയില്‍ വീണതിന് പിന്നാലെ ഷര്‍ട്ടില്‍ തീപിടിക്കുകയും പൊള്ളലേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ അടുത്ത് കണ്ട വാട്ടര്‍ ടാങ്കിലേക്ക് ചാടിയതിനാല്‍ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.