വിമാനം ലാന്‍ഡ് ചെയ്തയുടന്‍ യാത്രക്കാരന്‍ ചോദിച്ചത്
'ഇതെങ്ങനെ ഓഫ് ചെയ്യും' എന്നായിരുന്നു
ബഹാമാസ്: വിമാന യാത്രയ്ക്കിടെ പൈലറ്റ് അബോധാവസ്ഥയിലായാല്‍ അതിന്റെ പ്രത്യാഘാതം ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്റെ അപ്രതീക്ഷിതമായ ഇടപെടല്‍ വിമാനത്തെ രക്ഷിച്ച സംഭവമാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുന്നത്.
വിമാനം പറത്താന്‍ യാതൊരു ധാരണയുമില്ലാത്ത യാത്രക്കാരന്‍ വിജയകരമായി വിമാനം ലാന്‍ഡ് ചെയ്ത സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അമേരിക്കയിലെ ബഹാമാസിലെ മാര്‍ഷ് ഹാര്‍ബര്‍ ലിയനാര്‍ഡ് എം തോംസണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഫ്ളോറിഡയിലേക്ക് സഞ്ചരിച്ച സെസ്ന 208 കാരവന്‍ വിമാനത്തിലാണ് ഏവരെയും അത്ഭുതപ്പെടുത്തിയ സംഭവങ്ങള്‍ അരങ്ങേറിയത്.
പൈലറ്റ് പെട്ടെന്ന് ബോധരഹിതനായതോടെയാണ് യാത്രക്കാരനായ യുവാവിന് വിമാനം നിയന്ത്രിക്കേണ്ടി വന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് യുവാവ് വിമാനം സുരക്ഷിതമായി റണ്‍വേയില്‍ ഇറക്കിയത്.
യാത്രക്കാരന്റെ സ്വകാര്യത മാനിച്ച് പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ വീട്ടിലേക്കു പോവുകയായിരുന്നു യുവാവ്. കൂടെ മറ്റൊരു യാത്രക്കാരനും ഉണ്ടായിരുന്നു. ഫ്ളോറിഡ തീരപ്രദേശത്തിന് മുകളിലൂടെ പറക്കുമ്പോഴാണ് പൈലറ്റ് കുഴഞ്ഞു വീണത്. ചെറു വിമാനമായതിനാല്‍ മറ്റു പൈലറ്റുമാര്‍ ഉണ്ടായിരുന്നില്ല. വിമാനം പറത്താനാവാത്ത വിധം പൈലറ്റ് ബോധരഹിതനായതോടെ യാത്രക്കാരന്‍ കോക്പിറ്റില്‍ ചെന്ന് കണ്‍ട്രോള്‍ റൂമിലേക്ക് എമര്‍ജന്‍സി കോള്‍ ചെയ്തു.
വിമാനം പറപ്പിക്കാന്‍ അറിയില്ലെന്ന് യാത്രക്കാരന്‍ അവരെ ബോധ്യപ്പെടുത്തി. എവിടെയാണിപ്പോള്‍ എന്നായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ചോദ്യം. ഫ്ളോറിഡ തീരമേഖലയിലാണ് വിമാനമുള്ളതെന്നും മറ്റൊരു ധാരണയുമില്ലെന്നും അദ്ദേഹം മറുപടി നല്‍കി.
ചിറകുകളുടെ ലെവല്‍ അതേപടി നിലനിര്‍ത്താനും തീരത്തിനു മുകളിലൂടെ തന്നെ പറക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. അതിനു ശേഷം വിമാനം ലൊക്കേറ്റ് ചെയ്തു. എയര്‍ട്രാഫിക് കണ്‍ട്രോളറായ റോബര്‍ട്ട് മോര്‍ഗന്‍ സമയോചിതമായി പ്രവര്‍ത്തിച്ചു. പരിഭ്രാന്തനാകരുതെന്നും നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പിന്തുടരാനും യാത്രക്കാരനോട് ആവശ്യപ്പെട്ടു.
ദീര്‍ഘകാലം പൈലറ്റ് പരിശീലകനായി പ്രവര്‍ത്തിച്ച റോബര്‍ട്ടിന് സെസ്ന ചെറുവിമാനം പറത്തിയും നല്ല പരിചയമുണ്ടായിരുന്നു. സെസ്ന വിമാനത്തിന്റെ കോക്പിറ്റിന്റെ ചിത്രത്തിന്റെ പ്രിന്റ് ഔട്ട് എടുത്തശേഷം അദ്ദേഹം യാത്രക്കാരന് വേണ്ട നിര്‍ദേശങ്ങള്‍ തല്‍സമയം നല്‍കിക്കൊണ്ടിരുന്നു. പാം പീച്ച് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറങ്ങുന്നതുവരെ യാത്രക്കാരന് അദ്ദേഹം പിന്തുണയുമായി കൂടെനിന്നു.
അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ എല്ലാം അനുസരിച്ച യാത്രക്കാരന്‍ വിമാനം നിയന്ത്രിക്കുകയും റണ്‍വേയിലേക്ക് വിജയകരമായി ഇറക്കുകയും ചെയ്തു. വിമാനം ഇറക്കുന്നതിനു മുമ്പ് എങ്ങനെയാണ് പവര്‍ കുറയ്ക്കുക എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കൂളായി കൈകാര്യം ചെയ്ത യാത്രികന്‍ വിമാനം ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്തു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ യാത്രക്കാരന്‍ ചോദിച്ച ചോദ്യം കണ്‍ട്രോളര്‍ പിന്നീട് മാധ്യമങ്ങളോട് ചെറുചിരിയോടെ വെളിപ്പെടുത്തി. 'ഞാനിവിടെ എത്തി. ഇനി ഇതെങ്ങനെയാണ് ഒന്ന് ഓഫ് ചെയ്യുക?'
വിമാനം ലാന്‍ഡ് ചെയ്തയുടന്‍ കണ്‍ട്രോളര്‍ യാത്രക്കാനെ ആലിംഗനം ചെയ്തു. അസാധാരണമായ ശാന്തതയോടെയാണ് സംഘര്‍ഷം നിറഞ്ഞ ആ സമയങ്ങള്‍ യാത്രക്കാരന്‍ കൈകാര്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. വിമാനം നിലത്തിറങ്ങിയ ശേഷം പൈലറ്റിനെ അടിയന്തര ചികില്‍സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.