നിങ്ങള്‍ക്ക് വിയറ്റ്‌നാം സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടോ? ഇപ്പോൾ ഇതാ വിനോദ സഞ്ചാരികള്‍ക്കായി പുതിയ ചില്ലുപാലമാണ് വിയറ്റ്‌നാമില്‍ തുറന്നിരിക്കുന്നത്. കാടിന് മുകളിലൂടെ 150 മീറ്റര്‍ (490 അടി) ഉയരത്തില്‍ പണിത ഒരു ചില്ലുപാലമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്.
ബാച്ച് ലോംഗ് എന്നാണ് ഈ ചില്ലുപാലത്തിന് പേരിട്ടിരിക്കുന്നത്. വൈറ്റ് ഡ്രാഗണ്‍ എന്ന പേരും ഈ പാലത്തിനുണ്ട്. വടക്കുപടിഞ്ഞാറന്‍ സോണ്‍ ലാ പ്രവിശ്യയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന് ആകെ 632 മീറ്റര്‍ നീളമുണ്ട്. വിയറ്റ്‌നാം യുദ്ധം അവസാനിച്ചതിന്റെ 47-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പാലത്തിന്റെ ഉദ്ഘാടനം നടന്നത്.
ദുബായിലെ ബുര്‍ജ് ഖലീഫ ടവറിന്റെ നാലിലൊന്ന് ഉയരമുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലമാണിത്. ഈ മാസം പാലം സന്ദര്‍ശിക്കുന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വസ്തുതാപരമായി പരിശോധിക്കും. കഴിഞ്ഞയാഴ്ചയാണ് പാലം വിനോദസഞ്ചാരികള്‍ക്കായി തുറന്നത്.
നിരവധി യൂട്യൂബര്‍മാരും ട്രാവല്‍ വ്‌ലോഗര്‍മാരും ഇതിനകം തന്നെ പാലത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ബിസിനസ് ഇന്‍സൈഡര്‍ പറയുന്നതനുസരിച്ച് പാലത്തിന് 632 മീറ്റര്‍ അല്ലെങ്കില്‍ ഏകദേശം 2,073 അടി നീളമുണ്ട്.