ദുബായ്: ദുബായിലെ തിരക്കേറിയ റോഡുകളിൽ, 25 വർഷംകൊണ്ട് 1 മില്യൺ കിലോമീറ്ററുകൾക്കപ്പുറം വാഹനം ഓടിക്കുകയും എന്നാൽ ഒരു ചെറു വാഹന പിഴ പോലും വരുത്താതിരിക്കുകയും ചെയ്യുക .
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോട്ട്പാക്ക് എന്ന ഗ്ലോബൽ സ്ഥാപനത്തിന്റെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറായ സൈനുദ്ധീൻ ബീരാവുണ്ണിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
സഹോദരന്റെ ബിസിനസ്സ് സ്ഥാപനത്തിൽ ജോലി ചെയ്യാൻ 1996ൽ ദുബായിൽ എത്തി. സഹോദരനോടൊപ്പം സൈനുദ്ധീനും ഒരു ഡ്രൈവറും മാത്രമായിരുന്നു സ്ഥാപനത്തിന്റെ ആരംഭകാല പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
അന്ന് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുക ദുഷ്കരമായിരുന്നു. ടെസ്റ്റിനുള്ള തീയതി ലഭിക്കാൻ തന്നേ ഏറെ മാസങ്ങൾ കാക്കണം എന്നതായിരുന്നു പ്രധാനകാരണം. അങ്ങനെ നീണ്ട ഒന്നര വർഷത്തെ പരിശ്രമങ്ങൾക്കൊടുവിൽ സൈനുദ്ധീൻ യുഎഇ ലൈസെൻസ് കരസ്ഥമാക്കി.
തുടക്ക കാലമായതിനാൽ വിവിധ ഉത്തരവാദിത്തങ്ങളുമായി ധാരാളം യാത്രകൾ ചെയേണ്ടിയിരുന്നു. ദിവസവും കുറഞ്ഞത് ഇരുനൂറു മുതൽ മുന്നൂറു കിലോമീറ്റർ വരെ വാഹനം ഓടിക്കേണ്ടി വന്നു. അങ്ങനെ എളിയരീതിയിൽ ആരംഭിച്ച സ്ഥാപനം ഇന്ന് അത്യധ്വാനം കൊണ്ട് വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൂവായിരത്തി മൂന്നൂറിൽപരം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനമായി വളർന്നു. ഇപ്പോൾ എല്ലാകാര്യങ്ങൾക്കും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും സൈനുദ്ധീന് വാഹനത്തോടും യാത്രയോടുമുള്ള പ്രണയം അവസാനിച്ചിട്ടില്ല.
ഇപ്പോഴുമുണ്ട് പ്രതിമാസം ജോലി സംബന്ധമായി
മൂവായിരിത്തി അഞ്ഞൂറ് കിലോമീറ്ററോളം വരുന്ന യാത്രകൾ. ഇരുപത്തിയഞ്ചു വർഷങ്ങളായി ഈ യാത്രകളൊക്കെ നടത്തി പോന്നിട്ടും ഒരു ആക്സിഡന്റ് പോലും അദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല. വണ്ടിക്ക് ഒരു പോറൽ പോലും ഇതേവരെ ഉണ്ടയിട്ടില്ല എന്നുള്ളതും എടുത്തുപറയേണ്ടതാണ്.
സ്വതവേ ശാന്തനായ അദ്ദേഹം റോഡിൽ തിരക്കുകൾ കൂട്ടാറില്ല. യുഎഇക്ക് പുറമേ അമേരിക്ക, ഓസ്ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ വാഹനങ്ങൾ ഓടിക്കുമ്പോഴും ഗതാഗത നിയമങ്ങളിൽ നിന്ന് അദ്ദേഹം അണുവിട വ്യതിചലിച്ചിട്ടില്ല.
യുഎഇയിൽ വാഹനം ഓടിക്കുന്നവരോട് അദ്ദേഹത്തിന് നൽകാനുള്ള ഉപദേശം ഇതാണ് ''റോഡുകളിൽ തിരക്കു കൂട്ടാതിരിക്കുക. നിയമങ്ങൾ പാലിക്കപ്പെടുക തന്നെ വേണം. നിയമങ്ങൾ തെറ്റിക്കുന്ന പത്തു ശതമാനം ആളുകൾ ഒന്ന് ഓർക്കണം, നിങ്ങൾ ഇല്ലാതാക്കുന്നത് മറ്റു തൊണ്ണൂറു ശതമാനം ആളുകളുടെ ജീവനും സമയവുമാണ് ". മറ്റുള്ളവരെ വകവയ്ക്കാതെ നീണ്ട വരിയിലുള്ള ട്രാഫിക് മറികടക്കാൻ ട്രാക്ക് അതിവേഗം മാറ്റി അപകടം ഉണ്ടാക്കുന്നവർ മറ്റുള്ളവരുടെ മാന്യതയെ ആദരിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതൊഴിവാക്കാനുള്ള ഒരു മാർഗം യാത്രകൾ പുറപ്പെടുമ്പോൾ നേരത്തെ ഇറങ്ങാൻ ശ്രമിക്കുക എന്നതാണ്. അങ്ങനെ റോഡിൽ അനാവശ്യമായ തിടുക്കം ഒഴിവാക്കാം എന്നും അദ്ദേഹം പറഞ്ഞു.
നിസ്സാൻ ബ്ലൂ ബേർഡ് കാറിൽ തുടങ്ങി മെഴ്‌സിഡീസ് മെയ്ബാക്ക് കാറിൽ എത്തി നിൽക്കുന്നതാണ് അദ്ദേഹത്തിന്റെ വാഹന പ്രേമം. ഡ്രൈവിംഗ് സുരക്ഷയുടെ കാര്യത്തിൽ എല്ലാ ഡ്രൈവർമാർക്കും സൈനുദീൻ ഒരു മാതൃക തന്നെയാണ് എന്ന കാര്യത്തിൽ തർക്കമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.