സമത്വ വാദികളും അഭിപ്രായ സ്വാതന്ത്ര്യ ദാഹികളും ഇപ്പോള്‍ കടുത്ത മൗന വൃതത്തിലാണ്

സമത്വ വാദികളും അഭിപ്രായ സ്വാതന്ത്ര്യ ദാഹികളും ഇപ്പോള്‍ കടുത്ത മൗന വൃതത്തിലാണ്

'സമത്വം അറിയാത്ത സമസ്ത' എന്ന് കുറിച്ചത് ആ പ്രസ്ഥാനത്തെ അടച്ചാക്ഷേപിക്കുക എന്ന ലക്ഷ്യം വച്ചല്ല. ഏതൊരു പ്രസ്ഥാനത്തിലും ചില നേതാക്കളുടെ നിലപാടുകള്‍ ആ പ്രസ്ഥാനത്തിന്റെ നയരേഖ ആകണമെന്നില്ല.

എന്നാല്‍ പഠന മികവിന് പ്രോത്സാഹനം നല്‍കാന്‍ പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെ പൊതു വേദിയിലേക്ക് വിളിച്ചു വരുത്തിയ സംഘാടകരെ പരസ്യമായി ശാസിച്ച സമസ്ത നേതാവിന്റെ നടപടി വിവാദമായിട്ടും അദ്ദേഹത്തെ തിരുത്തുവാനോ അത് തങ്ങളുടെ പൊതു നിലപാടല്ല എന്ന് പരസ്യമായി പറയുവാനോ ഇതുവരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഒരു നേതാവും തയ്യാറായിട്ടില്ല.

അതുകൊണ്ടു തന്നെയാണ് സമസ്തയുടെ വിദ്യാഭ്യാസ വിഭാഗം മേധാവി കൂടിയായ എം.ടി അബ്ദുള്ള മുസ്ലിയാരുടെ നിലപാട് തന്നെയാണ് സമസ്തയുടെ അടിസ്ഥാന നയം എന്ന് കരുതേണ്ടി വരുന്നത്. തള്ളി പറഞ്ഞില്ലെന്നു മാത്രമല്ല അദ്ദേഹത്തെ വെള്ള പൂശാനാണ് ചില നേതാക്കള്‍ തിരക്കു കൂട്ടുന്നത്. അതിനാലാണ് 'സമത്വം അറിയാത്ത സമസ്ത' എന്ന് പറയേണ്ടി വരുന്നതും.

സമസ്തയുടെ കാര്യം അവിടെ നില്‍ക്കട്ടെ. നാട്ടില്‍ എന്തു സംഭവിച്ചാലും അഭിപ്രായം പറയുന്ന പുരോഗമന വാദികളും സ്ത്രീസമത്വ സ്വാതന്ത്ര്യ ദാഹികളും വിപ്ലവ പ്രസ്ഥാനക്കാരും ബുദ്ധി ജീവികളും സോഷ്യല്‍ മീഡിയ എഴുത്തുകാരും പെണ്‍ കൂട്ടായ്മകളും എല്ലാം കഴിഞ്ഞ നാലഞ്ചു ദിവസമായി കടുത്ത മൗന വൃതത്തിലാണെന്നു തോന്നുന്നു.

അഭിപ്രായം ജന്മാവകാശമാണെന്ന് ഇടയ്ക്കിടെ നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം, കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ടി.സിദ്ദിഖ്, ഷാഫി പറമ്പില്‍ തുടങ്ങിയ യുവ കേസരികള്‍ക്കൊന്നും ഇക്കാര്യത്തില്‍ മിണ്ടാട്ടമില്ല. എസ്.എഫ്.ഐ, കെ.എസ്.യു പോലുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കും സമരാവേശമില്ല.

ചാനലുകളിലെ അന്തിച്ചര്‍ച്ചകളെ കൊഴുപ്പിക്കാന്‍ മസാലക്കൂട്ടുകളുമായി വരുന്ന രാഷ്ട്രീയ പാര്‍ട്ടികളിലെ 'വാഗ്മി'കളെല്ലാം ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി വച്ചിരിക്കുകയാണ്. കാരണം ചാനലുകളില്‍ നിന്ന് ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ എന്തു പറയും എന്ന കാര്യത്തില്‍ മഹാ കണ്‍ഫ്യൂഷനാണ്... സമസ്തയാണോ ശരി, സമത്വമാണോ ശരി എന്നങ്ങ് കൃത്യമായി പറയാന്‍ പറ്റുന്നില്ല പോലും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ നേരിട്ട് ഇടപെടാന്‍ നിയമപരമായി അധികാരമുള്ള രണ്ട് കമ്മീഷനുകള്‍ കേരളത്തിലുണ്ട്. വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും. 'ഞങ്ങള്‍ നിക്കണോ, പോണോ' എന്ന സന്ദേഹത്തില്‍ അവര്‍ കഴിയുമ്പോഴാണ് ഗവര്‍ണര്‍ നേരിട്ടിറങ്ങി ഗ്രനേഡ് പൊട്ടിച്ചത്.

'സമസ്ത നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ കേരളീയ സമൂഹത്തില്‍ നിന്ന് പ്രതിഷേധമുയരാത്തതില്‍ തനിക്ക് അതിയായ ദുഖമുണ്ട്. ഒരു പെണ്‍കുട്ടി പൊതു സമൂഹത്തിനു മുന്നില്‍ അപമാനിക്കപ്പെട്ടിട്ടും രാഷ്ട്രീയക്കാര്‍ മാത്രമല്ല, സമൂഹത്തിലെ മറ്റ് വിഭാഗങ്ങളിലുള്ളവരും മൗനം പാലിക്കുകയാണ്.

സമസ്ത നേതാവിനെതിരെ കേസെടുക്കേണ്ടതാണ്. എന്തുകൊണ്ട് സര്‍ക്കാര്‍ അത് ചെയ്യുന്നില്ല. ഇത്തരക്കാരാണ് ലോകം മുഴുവന്‍ ഇസ്ലാമോഫോബിയ വ്യാപിപ്പിക്കുന്നത്. എന്തുതരം സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്'? - ഇതായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.

ഇതോടെ നിക്കക്കള്ളിയില്ലാതെ വന്ന കമ്മീഷനുകള്‍ ലൈവായി. സംഭവം അപലപനീയമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രതികരണം വന്നു. അബ്ദുള്ള മുസ്ലിയാര്‍ക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസുമെടുത്തു. കേസും കൂട്ടവുമൊക്കെ ഏതു വഴിയ്ക്കാകുമെന്ന് അനുമാനിക്കാവുന്നതേയുള്ളൂ.

ഇനി പെരിന്തല്‍മണ്ണയ്ക്കടുത്ത് നടന്ന സമസ്തയുടെ പൊതു സമ്മേളന വേദിയിലേക്ക് പോകാം. വിദ്യാഭ്യാസ രംഗത്തെ നേട്ടത്തിന് ഉപഹാരം നല്‍കാന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സംഘാടകരിലൊരാള്‍ സ്റ്റേജിലേക്ക് ക്ഷണിച്ചു. പെണ്‍കുട്ടി വരികയും ചെയ്തു. അപ്പോഴാണ് സമസ്തയുടെ വിദ്യാഭ്യാസ ബോര്‍ഡിന്റെ തലവനായ ടി.കെ അബ്ദുള്ള മുസ്ലിയാര്‍ പരസ്യമായി പൊട്ടിത്തെറിച്ചത്.

'ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്'- ഇതായിരുന്നു മുസ്ലിയാരുടെ ആക്രോശം.

പെണ്ണ് എഴുത്തും വായനയും പഠിക്കരുതെന്നും പള്ളിയില്‍ ജമാഅത്തിനും ജുമുഅക്കും പോകരുതെന്നും വാദിച്ചിരുന്ന സമസ്ത എത്ര വളര്‍ന്നാലും ഉള്ളിലിരിപ്പു മാറില്ലെന്നു തെളിയിക്കുന്നതാണ് നേതാവിന്റെ ഉഗ്ര ശാസന. ഇത്തരത്തില്‍ സമസ്ത അവരുടെ പെണ്‍ വിരുദ്ധത ഉറക്കെ പ്രഖ്യാപിക്കുമ്പോള്‍ പുതുതലമുറയില്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കിടയില്‍ വലിയ അപകര്‍ഷതാ ബോധമാണ് സൃഷ്ടിക്കപ്പെടുന്നത്.

സമൂഹത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകള്‍ ചുവടുറപ്പിക്കുന്ന ഈ ആധുനിക കാലഘട്ടത്തില്‍ ഇത്തരം പിന്തിരിപ്പന്‍ നിലപാടുകള്‍ ജാതിമത ചിന്തകള്‍ക്ക് അതീതമായി പൊതു സമൂഹം ചെറുക്കുക തന്നെ വേണം. അല്ലെങ്കില്‍ അഫ്ഗാനിലെ താലിബാനിസത്തെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമുണ്ടാകില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.