ഐലീഗ് കിരീടം കേരളത്തിലേക്ക് എത്തുമോ? 'ഫൈനല്‍' ശനിയാഴ്ച്ച രാത്രി ഏഴിന്

ഐലീഗ് കിരീടം കേരളത്തിലേക്ക് എത്തുമോ? 'ഫൈനല്‍' ശനിയാഴ്ച്ച രാത്രി ഏഴിന്

കൊല്‍ക്കത്ത: ഐ ലീഗ് കിരീടം തേടി ഗോകുലം കേരള ശനിയാഴ്ച്ച കളത്തിലിറങ്ങുന്നു. വൈകിട്ട് ഏഴിന് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മല്‍സരം. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബാണ് എതിരാളികള്‍. മല്‍സരം സമനിലയിലാകുകയോ ജയിക്കുകയോ ചെയ്താല്‍ ഗോകുലത്തിന് തുടര്‍ച്ചയായ രണ്ടാം കിരീടം ഉയര്‍ത്താം.

മൊഹമ്മദന്‍സിന് ജയിച്ചാല്‍ മാത്രമേ കിരീടം സ്വന്തമാക്കാന്‍ കഴിയൂ. ശ്രീനിധി ക്ലബിനെതിരേ സമനിലയെങ്കിലും പ്രതീക്ഷിച്ചായിരുന്നു ഗോകുലം ഇറങ്ങിയതെങ്കിലും അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതോടെയായിരുന്നു കാത്തിരിപ്പ് നീണ്ടത്. ലീഗ് ഘട്ടത്തില്‍ മുഹമ്മദന്‍സുമായി മത്സരിച്ചപ്പോള്‍ 1-1ന്റെ സമനിലയായിരുന്നു ഫലം. ഗോകുലം കേരളയുടെ മുന്‍ താരമായിരുന്ന മാര്‍ക്കസ് ജോസഫാണ് മുഹമ്മദന്‍സിന്റെ മുന്നേറ്റത്തില്‍ കളിക്കുന്നത്.

ശ്രീനിധിക്കെതിരേയുള്ള മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച ക്യാപ്റ്റനും മധ്യനിര താരവുമായ ശരീഫ് മുഹമ്മദും മലയാളി താരം ജിതിന്‍ എം.എസും ഇന്ന് ഗോകുലത്തിനൊപ്പമുണ്ടാകില്ല. പരുക്കിന്റെ പിടിയിലായിരുന്നു സ്ലോവേനിയന്‍ താരം ലൂക്ക മെയ്സന്‍ ടീമില്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. 17 മത്സരത്തില്‍ നിന്ന് 40 പോയിന്റാണ് ഗോകുലം കേരളയുടെ സമ്പാദ്യം. ഇത്രയും മത്സരത്തില്‍ നിന്ന് 37 പോയിന്റാണ് മുഹമ്മദന്‍സ് നേടിയിട്ടുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.