'അങ്ങാണ് ഞങ്ങളുടെ പ്രതീക്ഷ': മാര്‍പാപ്പയ്ക്കരികില്‍ വാക്കുകള്‍ ഇടറി ഉക്രെയ്ന്‍ സൈനികരുടെ ഭാര്യമാര്‍

'അങ്ങാണ് ഞങ്ങളുടെ പ്രതീക്ഷ': മാര്‍പാപ്പയ്ക്കരികില്‍ വാക്കുകള്‍ ഇടറി ഉക്രെയ്ന്‍ സൈനികരുടെ ഭാര്യമാര്‍

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ കൈ പിടിച്ച് തങ്ങളുടെ ഭര്‍ത്താക്കന്മാരെക്കുറിച്ച് പറയുമ്പോള്‍ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു യൂലിയക്കും കാറ്റെറിനയ്ക്കും. രക്തവും കണ്ണീരും ഒഴുകുന്ന ഉക്രെയ്‌നില്‍ പൗരന്മാരെ സംരക്ഷിക്കാനുള്ള മുന്നണിപ്പോരാളികളാണ് ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍. സ്വന്തം ജീവന്‍ അവഗണിച്ച് അവര്‍ പോരാടുമ്പോള്‍ ആശ്വാസ തീരം തേടിയാണ് യൂലിയയും കാറ്റെറിനയും ഫ്രാന്‍സിസ് പാപ്പയ്ക്കരികില്‍ എത്തിയത്. യുദ്ധം ആഴത്തില്‍ മുറിവേല്‍പ്പിച്ച ഉക്രെയ്‌ന്റെ വേദന മുഴുവന്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു വത്തിക്കാനിലെ വികാരനിര്‍ഭരമായ കൂടിക്കാഴ്ച്ച.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഉക്രെയ്ന്‍ സൈനികരുടെ ഭാര്യമാരായ കാറ്റെറിന പ്രോകോപെങ്കോ (27), യൂലിയ ഫെഡോസിയുക് (29) എന്നിവര്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

യുദ്ധത്തില്‍ റഷ്യ ഏറ്റവും മാരകമായി ആക്രമിച്ച തുറമുഖ നഗരമായ മരിയുപോളിനെ രക്ഷിക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലെഫ്റ്റനന്റ് കേണല്‍ ഡെനിസ് പ്രോകോപെങ്കോയുടെ ഭാര്യയാണ് കാറ്റെറിന. സാധാരണക്കാര്‍ കുടുങ്ങിക്കിടക്കുന്ന അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റിനെ മോചിപ്പിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത് ഡെനിസാണ്. ഏതു നിമിഷവും ജീവന്‍ നഷ്ടപ്പെടാമെന്ന് തിരിച്ചറിയുമ്പോഴും അവസാനശ്വാസം വരെ പോരാടാനുറച്ചാണ് ഡെനിസ് അടക്കമുള്ള സൈനികര്‍ മുന്നോട്ടു നീങ്ങുന്നത്.


'ഞങ്ങളുടെ അവസാന പ്രതീക്ഷയാണ് അങ്ങ്. അവരുടെ ജീവന്‍ രക്ഷിക്കാന്‍ അങ്ങേയ്ക്ക് കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ദയവായി അവരെ മരണത്തിലേക്കു തള്ളിവിടാന്‍ അനുവദിക്കരുത്'- കണ്ണീരണിഞ്ഞ് കാറ്റെറിന ഫ്രാന്‍സിസ് പാപ്പയോട് പറഞ്ഞു.

ഈ കൂടിക്കാഴ്ച ഞങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ജീവന്‍ രക്ഷിക്കാനുള്ള അവസരമാണെന്ന് മാര്‍പാപ്പയെ കണ്ട ശേഷം സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ മാധ്യമപ്രവര്‍ത്തകരോട് കാറ്റെറിന പറഞ്ഞു. മാര്‍പാപ്പയില്‍ നിന്നും പ്രതിനിധി സംഘത്തില്‍ നിന്നുമുള്ള സമാധാന നടപടികള്‍ക്ക് ഞങ്ങള്‍ തയ്യാറാണ്.

സാര്‍ജന്റ് ആര്‍സെനി ഫെഡോസിയുക്കിനെയാണ് യൂലിയ വിവാഹം ചെയ്തിരിക്കുന്നത്. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ പോരാടുന്ന സ്റ്റീല്‍ പ്ലാന്റിനുള്ളിലെ ഭയാനകമായ അവസ്ഥയെക്കുറിച്ച് യൂലിയ മാര്‍പാപ്പയോട് വിശദീകരിച്ചു.

'ഞങ്ങളുടെ 700 സൈനികര്‍ക്ക് മാരകമായി പരിക്കേറ്റു. അവയവങ്ങള്‍ നഷ്ടപ്പെട്ടര്‍, മുറിവേറ്റ ശരീരം പുഴുവരിച്ചിട്ടും ചികിത്സ ലഭിക്കാത്തവര്‍.. പലരും മരണത്തിനു കീഴടങ്ങി. ചീഞ്ഞഴുകിയ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നു. മരിച്ചവരെ അവസാനമായി കാണാനോ ക്രൈസ്തവ പാരമ്പര്യത്തില്‍ അവരെ അടക്കം ചെയ്യാനോ കഴിഞ്ഞിട്ടില്ല. ഞങ്ങളെ സഹായിക്കണം-യൂലിയ മാര്‍പാപ്പയോട് അഭ്യര്‍ഥിച്ചു.

ഇരുവരും രണ്ട് കത്തുകളും മാര്‍പ്പാപ്പയ്ക്ക് നല്‍കി. ഉക്രെയ്‌നിലേക്ക് വരാനും റഷ്യന്‍ പ്രസിഡന്റ് പുടിനുമായി സംസാരിക്കാനും മാര്‍പാപ്പയോട് ആവശ്യപ്പെടുന്നതാണ് ഒരു കത്ത്. 'ഞങ്ങളെ സഹായിക്കണമെന്നും ഈ യുദ്ധം അവസാനിപ്പിക്കാന്‍ മൂന്നാം കക്ഷിയായി മാര്‍പാപ്പ ഇടപെടണമെന്നുമാണ് കാറ്റെറിനയും യൂലിയയും ആവശ്യപ്പെട്ടത്.

സമാധാനത്തിനുള്ള എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നും സൈനികരുടെ ഭാര്യമാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും ആശ്വസിപ്പിച്ചാണ് പാപ്പാ തങ്ങളെ യാത്രയാക്കിയതെന്ന് യൂലിയ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.