മാറിച്ചിന്തിച്ച് ബാര്‍ബി; ശ്രവണസഹായി ധരിച്ച പാവകള്‍ വിപണിയില്‍

മാറിച്ചിന്തിച്ച് ബാര്‍ബി; ശ്രവണസഹായി ധരിച്ച പാവകള്‍ വിപണിയില്‍

വാഷിങ്ടണ്‍: ഭിന്നശേഷിയുള്ളവരെക്കുറിച്ച് അറിവു പകരാനും അവരെ ചേര്‍ത്തുനിര്‍ത്തണമെന്നുമുള്ള സന്ദേശവുമായി ശ്രവണസഹായികള്‍ ധരിച്ച ബാര്‍ബി പാവകളുടെ പുതിയ ശേഖരം പുറത്തിറക്കി അമേരിക്കന്‍ കളിപ്പാട്ട കമ്പനി മാറ്റെല്‍. ഈ ശ്രേണിയില്‍ 175-ലധികം പാവകളാണ് മാറ്റെല്‍ പുറത്തിറക്കിയത്.

കളിപ്പാട്ടങ്ങള്‍ കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. കുട്ടികളില്‍ പൊതുധാരണകള്‍ രൂപീകരിക്കുന്നതില്‍ ഇവ വലിയ പ്രാധാന്യം വഹിക്കുന്നുണ്ട്.

ഇത്തരത്തില്‍ ചെറുപ്പം മുതലേ കുട്ടികള്‍ അവരുടെ ചുറ്റുമുള്ള ലോകത്തിലെ വൈവിധ്യങ്ങളെ അംഗീകരിച്ച് വളരണമെന്നും അതിനുള്ള ശ്രമമാണ് ഈ പാവകള്‍ അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും മാറ്റെല്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിസ മക്‌നൈറ്റ് പറഞ്ഞു.

പാവയുടെ ചെവിക്കു പിന്നിലെ ശ്രവണ സഹായികളെ കൃത്യമായി പ്രതിനിധീകരിക്കുന്നതിന് ഓഡിയോളജിസ്റ്റായ ഡോ. ജെന്‍ റിച്ചാര്‍ഡ്സണുമായി ചര്‍ച്ച ചെയ്താണ് പാവ രൂപകല്‍പന ചെയ്തതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കുറച്ച് വര്‍ഷങ്ങളായി ഇത്തരത്തില്‍ വ്യത്യസ്ത ശരീരരൂപങ്ങളും നിറവും വൈകല്യങ്ങളെയും പ്രതിനിധീകരിക്കുന്ന നിരവധി പാവകളെ മാറ്റെല്‍ വിപണിയിലിറക്കിയിരുന്നു. 2020-ല്‍ ചര്‍മ്മരോഗം ബാധിച്ചതും പലതരം മുടികളുള്ളതുമായ ബാര്‍ബി പാവകളെ പുറത്തിറക്കിയതിന് കമ്പനിയെ നിരവധി പേര്‍ അഭിനന്ദിച്ചിരുന്നു.

കാലങ്ങളായി പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന സൗന്ദര്യസങ്കല്‍പങ്ങളുടെ അളവുകോലുകളെ പൊളിച്ചെഴുതാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പെടെയുള്ള സമൂഹത്തെയാണ് പാവകള്‍ പ്രതിനിധീകരിക്കുന്നതെന്ന് കുട്ടികള്‍ മനസിലാകണമെന്നും ലിസ മക്‌നൈറ്റ് പറഞ്ഞു. വ്യത്യസ്ത രൂപങ്ങളിലുള്ള പാവകളുമായി കളിച്ച് വളരുന്നതിലൂടെ അവരെ അംഗീകരിക്കാനും അവരുടെ പ്രാധാന്യം തിരിച്ചറിയാനും കുട്ടികള്‍ പ്രാപ്തരാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.