അമേരിക്കയില്‍ വംശവെറി കൊലപാതകം; കൗമാരക്കാരന്‍ നടത്തിയ വെടിവയ്പ്പില്‍ 10 കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ വംശവെറി കൊലപാതകം; കൗമാരക്കാരന്‍ നടത്തിയ വെടിവയ്പ്പില്‍ 10 കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കറുത്തവംശജര്‍ക്കുമേലുള്ള അതിക്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമായി ന്യൂയോര്‍ക്കില്‍ കൗമാരക്കാരന്‍ നടത്തിയ വെടിവയ്പ്പില്‍ 10 കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെട്ടു.  മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം ബഫല്ലോയിലെ ടോപ്സ് ഫ്രണ്ട്‌ലി സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെല്‍മെറ്റും ധരിച്ചെത്തിയ അക്രമി യാതൊരു പ്രകോപനവും കൂടാതെ സൂപ്പര്‍ മാര്‍ക്കറ്റിന് പുറത്തും അകത്തും വെടി ഉതിര്‍ക്കുകയായിരുന്നു.

കൊല്ലപ്പെട്ടുകയും പരുക്കേല്‍ക്കുകയും ചെയ്തവര്‍ കറുത്ത വര്‍ഗക്കാരാണ്. വംശവെറിയാണ് സംഭവത്തിന് പിന്നിലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ജോസഫ് ഗ്രമാഗ്ലിയ പറഞ്ഞു. സംഭവത്തില്‍ പേറ്റണ്‍ ഗ്രെന്‍ഡന്‍ എന്ന 18 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റസമ്മതം നടത്തിയതായി ബഫല്ലോ സിറ്റി കോര്‍ട്ട് ചീഫ് ജഡ്ജ് ക്രെയ്ഗ് ഹന്നാ പറഞ്ഞു.

കറുത്ത വര്‍ഗക്കാര്‍ പാര്‍ക്കുന്ന പ്രദേശത്താണ് വെടിവെയ്പ്പ് നടന്ന സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഹെല്‍മെറ്റില്‍ ഘടിപ്പിച്ചിരുന്ന ക്യാമറ വഴി വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതി തത്സമയം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സൂപ്പര്‍മാര്‍ക്കറ്റിന് പുറത്തേക്ക് വരികെയായിരുന്ന നാല് പേര്‍ക്ക് നേരെയാണ് ആക്രമി ആദ്യം വെടി ഉതിര്‍ത്തത്. ഇതില്‍ മൂന്ന് പേര്‍ തല്‍ക്ഷണം മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.


ഇതേ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിന്റെ സുരക്ഷാ ജീവനക്കാര്‍ അക്രമിക്ക് നേരെ വെടിയുതിര്‍ത്തു. അതില്‍ നിന്ന് രക്ഷപെട്ട അക്രമി സുരക്ഷാ ജീവിക്കാരെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ കടന്ന് കറുത്തവര്‍ഗക്കാരെ തിരഞ്ഞുപിടിച്ച് വെടിവയ്പ്പ് നടത്തി. സുരക്ഷാ ജാക്കറ്റുകളും ഹെല്‍മെറ്റും ധരിച്ചിരുന്നതിനാല്‍ അക്രമിയെ വെടിവച്ച് വീഴ്ത്താനുള്ള പൊലീസിന്റെ ശ്രമങ്ങള്‍ ഫലം കണ്ടില്ല.

കൂടുതല്‍ പൊലീസ് എത്തിയതിനെ തുടര്‍ന്നാണ് അക്രമി വെടിവയ്പ്പ് അവസാനിപ്പിച്ചത്. പൊലീസ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കടന്നപ്പോള്‍ അക്രമി കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചു. തോക്ക് താഴെ വച്ച് സുരക്ഷാ ജാക്കറ്റുകള്‍ അഴിച്ചു മാറ്റിയ ഇയാളെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. വംശീയ ആക്രമണമായതിനാല്‍ സ്ഥലത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.



അടുത്തകാലത്തായി അമേരിക്കയില്‍ വെടിവയ്പ്പ് സംഭവങ്ങള്‍ വര്‍ധിച്ചുവരികെയാണെന്ന് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവയ്പ്പില്‍ മരണപ്പെടുന്നവരുടെ എണ്ണം ഒരു വര്‍ഷവും 35 ശതമാനം വര്‍ധിക്കുന്നതായാണ് കണക്കുകള്‍.

കോവിഡിനെ തുടര്‍ന്ന് അമേരിക്കന്‍ കൗണ്ടികളില്‍ കൂടുതല്‍ വെടിവയ്പ്പ് നടന്നിട്ടുള്ളതായി യുഎസ് സെന്‍സസ് ബ്യൂറോയും ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയില്‍ വര്‍ധിച്ചു വരുന്ന കൊലപാതകങ്ങള്‍ രാജ്യത്തിന്റെ പൊതുജനാരോഗ്യത്തിന് ഭീഷിണിയുയര്‍ത്തുന്നതായി അമേരിക്കന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് ബഞ്ചമിന്‍ അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.