തിരുവനന്തപുരം: എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒരു അസംബ്ലി മണ്ഡലത്തില്‍ 500 പേര്‍ക്കാണ് കണക്ഷന്‍ നല്‍കുക. ഇതിനായി ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ എല്ലാ ഫണ്ടും കെ ഫോണിന് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
ഇന്റര്‍നെറ്റ് സേവന ദാതാവിനെ കെ ഫോണ്‍ തെരഞ്ഞെടുക്കുന്നതുവരെ പ്രാദേശിക സേവന ദാതാക്കളെ ഉപയോഗിച്ച് കണക്ഷന്‍ നല്‍കാനാണ് നിര്‍ദ്ദേശം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സ്വപ്ന പദ്ധതിയായ കെ ഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങളെ ഇതിനായി തെരഞ്ഞെടുത്തു.
ഒരു അസംബ്ലി മണ്ഡലത്തിലെ 500 പേര്‍ക്ക് വീതമാണ് സൗജന്യ കണക്ഷന്‍ നല്‍കുക. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടും. ഒരാള്‍ക്ക് കണക്ഷന്‍ നല്‍കാന്‍ 5000 രൂപയും പ്രതിമാസ ചെലവായി 300 രൂപയും ചെലവാകുമെന്നാണ് കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.
കണക്ഷന്‍ നല്‍കാനായി മാത്രം 35 കോടി രൂപ ചെലവാകും. ഇതിനു പുറമെ ഒരു മാസം 2.1 കോടി പ്രതിമാസ ചെലവായി വേണ്ടി വരുമെന്നും സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ ഫണ്ട് ഒരു തടസമല്ലെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു. കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ പക്കല്‍ കെ ഫോണിനായി നല്‍കിയ എല്ലാ ഫണ്ടും ഇതിനായി ചെലവഴിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
അതേസമയം, പദ്ധതി നടപ്പാക്കുന്നതിനെതിരേ വിമര്‍ശനവും ശക്തമാണ്. സംസ്ഥാനം കടക്കെണിയില്‍ നില്‍ക്കുമ്പോള്‍ ഇന്റര്‍നെറ്റ് സൗകര്യം സൗജന്യമായി നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നാണ് പലരും വിമര്‍ശിക്കുന്നത്. തീരെ ചെറിയ തുകയ്ക്ക് വിവിധ ടെലികോം കമ്പനികള്‍ ഇന്റര്‍നെറ്റ് നല്‍കുമ്പോള്‍ എന്തിനാണ് സര്‍ക്കാര്‍ കോടികള്‍ ചെലവിടുന്നതെന്നാണ് പലരുടെയും ചോദ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.