സംസ്ഥാനത്ത് കനത്ത മഴ: വെളളക്കെട്ടും വ്യാപക നാശനഷ്ടവും; ക്യാമ്പുകള്‍ തുറക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം

സംസ്ഥാനത്ത് കനത്ത മഴ: വെളളക്കെട്ടും വ്യാപക നാശനഷ്ടവും; ക്യാമ്പുകള്‍ തുറക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ. പലയിടങ്ങളിലും വെളളക്കെട്ടും വ്യാപക നാശനഷ്ടവും റിപ്പോര്‍ട്ടു ചെയ്തു. തലസ്ഥാനത്ത് മഴ കനത്തതോടെ അരുവിക്കര ഡാമിലെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം ബോണക്കാട്ട് മണ്ണിടിച്ചില്‍,മിന്നല്‍ പ്രളയ സാദ്ധ്യത മുന്‍നിര്‍ത്തി നാട്ടുകാരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. പെരുമ്പാവൂരില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലും വിവിധ റോഡുകളില്‍ വെളളക്കെട്ടുണ്ട്. എങ്കിലും മഴയെ വകവയ്ക്കാതെ സ്ഥാനാര്‍ത്ഥികള്‍ ചൂടേറിയ പ്രചാരണത്തിലാണ്.

ആലുവയില്‍ ഇരുപതോളം വീടുകളിലേക്ക് വെളളം കയറി. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് വ്യാപകമായി മഴ പെയ്തത്. കൂട്ടുമാടം ക്ഷേത്രത്തില്‍ മഴയില്‍ മരം വീണു. ആലപ്പുഴ കാര്‍ത്തികപ്പളളിയില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. സംസ്ഥാന വ്യാപകമായി മണ്ണിടിച്ചില്‍ സാധ്യതയുളള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. മഴക്കെടുതി നിയന്ത്രിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ വിവിധ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

1077 എന്ന ടോള്‍ഫ്രീ നമ്പരില്‍ 24 മണിക്കൂറുകളും ബന്ധപ്പെടാം. ക്യാമ്പുകള്‍ തുടങ്ങാനും കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. കനത്ത മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഡിജിപി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാന്‍ നിര്‍ദേശിച്ചു.

അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ പൊലീസ് മേധാവിമാര്‍ ജില്ലാ കളക്ടര്‍മാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. പൊലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസറായി സായുധ പൊലീസ് ബറ്റാലിയന്‍ വിഭാഗം എഡിജിപി കെ പത്മകുമാറിനെയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി ക്രമസമാധാന വിഭാഗം എഡിജിപി വിജയ് സാക്കറെയെയും നിയോഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.