ഇന്ത്യയില്‍ രണ്ട് പതിറ്റാണ്ടിനിടയില്‍ 1888 കസ്റ്റഡി മരണങ്ങള്‍; കണക്കുകള്‍ പുറത്തുവിട്ട് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

ഇന്ത്യയില്‍ രണ്ട് പതിറ്റാണ്ടിനിടയില്‍ 1888 കസ്റ്റഡി മരണങ്ങള്‍; കണക്കുകള്‍ പുറത്തുവിട്ട് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1888 കസ്റ്റഡി മരണങ്ങള്‍. അതില്‍ 893 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 358 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ ഇക്കാലയളവില്‍ ശിക്ഷിക്കപ്പെട്ടത് വെറും 26 പൊലീസുകാര്‍ മാത്രമാണ്. ബാക്കി കേസുകളില്‍ ഒന്നിലും ഇരയ്ക്ക് നീതി കിട്ടിയിട്ടില്ല. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍ സി ആര്‍ ബി)യാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണം സംഭവിച്ചത് 2019 ലാണ്.

കസ്റ്റഡി മരണങ്ങളെ എന്‍ സി ആര്‍ ബി രണ്ടായിട്ടാണ് തരം തിരിക്കുന്നത്. റിമാന്‍ഡില്‍ ഇല്ലാത്ത വ്യക്തികളുടെ മരണങ്ങളാണ് ആദ്യത്തേത്. അവരെ പൊലീസ് അറസ്റ്റ് ചെയ്തങ്കിലും കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് മരണപ്പെട്ടു. രണ്ടാമത്തേത് റിമാന്‍ഡില്‍ ഉള്ളവരുടെ മരണങ്ങളാണ്. കോടതി റിമാന്‍ഡ് ചെയ്തവരുടെ മരണങ്ങളാണ് ഇതില്‍ വരുന്നത്.

പൊലീസ് കസ്റ്റഡിയിലിരിക്കവേ ഒരാള്‍ മരണപ്പെട്ടാല്‍ ഉടനടി എഫ് ഐ ആര്‍ തയ്യാറാക്കണമെന്ന് നിബന്ധനയുണ്ട്. കസ്റ്റഡി മരണങ്ങളെപ്പറ്റി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അന്വേഷണം നടത്തേണ്ടതും അനിവാര്യമാണ്. സി ആര്‍ പി സി സെക്ഷന്‍ 176 പ്രകാരം കസ്റ്റഡി മരണങ്ങളെപ്പറ്റി പൊലീസ് അന്വേഷണം നടത്തിയാലും മജിസ്‌ട്രേറ്റ് നിര്‍ബന്ധമായും അന്വേഷണം നടത്തണം.

അന്വേഷണം നടത്തുന്ന മജിസ്‌ട്രേറ്റ് മരണം നടന്ന് 24 മണിക്കൂറിനുള്ളില്‍ അടുത്തുള്ള സിവില്‍ സര്‍ജന് മൃതദേഹം വിശദ പരിശോധന്ക്ക് കൈമാറണം. അതിന് കഴിയാതെ വന്നാല്‍ അക്കാര്യം കാരണം സഹിതം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണം. ഒരു കസ്റ്റഡി മരണം സംഭവിച്ചാല്‍ അക്കാര്യം 24 മണിക്കൂറിനുള്ളില്‍ തന്നെ ദേശീയ മനുഷ്യാവകാശ കമ്മീഷനെയും അറിയിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വീഡിയോയും റെക്കോഡ് ചെയ്യണം. ഇതെല്ലാം ഉള്‍പ്പെടുന്ന മജിസ്‌ട്രേറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ടും രണ്ട് മാസത്തിനകം തന്നെ കമ്മീഷന് നല്‍കണം.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഒരിക്കല്‍ കസ്റ്റഡി മരണങ്ങളെക്കുറിച്ച് തന്റെ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. കസ്റ്റഡി മരണങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെല്ലാം ഭരണഘടനയുടെ പഴുതുകള്‍ കാരണമാകുന്നതിനാല്‍ പൊലീസ് സ്റ്റേഷനുകളാണ് മനുഷ്യാവകാശങ്ങള്‍ക്കും അന്തസിനും ഏറ്റവും വലിയ ഭീഷണിയെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.

കസ്റ്റഡി മരണങ്ങള്‍ കുറയ്ക്കുന്നതിനായി എല്ലാ പൊലീസ് സ്റ്റേഷനുകളിലും അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.