ചിന്തന്‍ ശിവിര്‍ നയരേഖ നടപ്പാക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും: സോണിയ ഗാന്ധി

ചിന്തന്‍ ശിവിര്‍ നയരേഖ നടപ്പാക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും: സോണിയ ഗാന്ധി

ഉദയ്പൂര്‍: മൂന്ന് ദിവസം നീണ്ട ചിന്തന്‍ ശിവിരില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ പാര്‍ട്ടിയില്‍ നടപ്പാക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിവിരില്‍ നടത്തിയ പ്രസംഗത്തിലാണ് സോണിയ ഇക്കാര്യം വ്യക്തമാക്കിയത്.

നേതാക്കൾക്ക് പാർട്ടിയെകുറിച്ച് പഠിക്കാൻ കോൺഗ്രസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും. ഇന്ന് സമാപിച്ച ചിന്തൻ ശിവിരിലാണ് ഇതേകുറിച്ചുള്ള തീരുമാനം എടുത്തത്. കോൺഗ്രസ് എന്താണ്, പാർട്ടിയുടെ രീതികൾ എന്താണ് എന്നിവ കൂടാതെ കോൺഗ്രസ് ആശയങ്ങളും പാർട്ടിയിലെ നേതാക്കളെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കും. എല്ലാ കോൺഗ്രസ് നേതാക്കൾക്കും പാർട്ടിയെകുറിച്ച് അറിയാനുള്ള ഒരു വേദിയായി ഇൻസ്റ്റിറ്റ്യൂട്ട് മാറുമെന്ന് സോണിയാ ഗാന്ധി സൂചിപ്പിച്ചു.

ഇതിനുപുറമേ രാജ്യത്തെ ഒരുമിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കാശ്മീർ മുതൽ കന്യാകുമാരി വരെ ഭാരത് യാത്ര സംഘടിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന ജാഥ രാജ്യമൊട്ടാകെ സഞ്ചരിച്ച് ജനങ്ങളുടെ വികാരം മനസിലാക്കാൻ ശ്രമിക്കുമെന്ന് സോണിയ ഗാന്ധി പറഞ്ഞു.

യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടു വരാനുള്ള ചിന്തന്‍ ശിവിരിലെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ തന്നെ പോലുള്ള മുതിര്‍ന്ന നേതാക്കളേയും പുതിയ നേതൃസമിതികളിലേക്ക് പരിഗണിക്കണമെന്ന് സോണിയ ഗാന്ധി തമാശ രൂപേണ പറഞ്ഞു.

വിലക്കയറ്റത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ ചിന്തന്‍ ശിവിരില്‍ ധാരണയായിട്ടുണ്ട്. കൂടാതെ പ്രവര്‍ത്തക സമിതിയുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക ഉപദേശക സമിതി വരും. മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തിയാവും ഉപദേശക സമിതി രൂപീകരിക്കുകയെന്നും അവര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.