കാലിഫോര്‍ണിയ: അമേരിക്കയില്‍ കാലിഫോര്‍ണിയയില്‍ പ്രസ്ബൈറ്റീരിയന്‍ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ന്യൂയോര്‍ക്കില്‍ 18 വയസുകാരന്‍ നടത്തിയ വെടിവയ്പ്പില്‍ 10 കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം മാറുംമുമ്പാണ് കാലിഫോര്‍ണിയയിലും ആക്രമണമുണ്ടായത്. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
പ്രാദേശിക സമയം ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കാലിഫോര്‍ണിയയിലെ ലഗുണ വുഡ്സ് നഗരത്തിലെ ഇര്‍വിന്‍ തായ്വാനീസ് പ്രസ്ബൈറ്റീരിയന്‍ പള്ളിയുടെ ഹാളിലാണ് ആക്രമണമുണ്ടായത്. ഉച്ചഭക്ഷണത്തിനായി ഹാളില്‍ നാല്‍പതോളം പേര്‍ ഒത്തുകൂടിയപ്പോഴാണ് വെടിവയ്പ്പുണ്ടായത്. ഇടവകാംഗങ്ങളില്‍ ഭൂരിഭാഗവും പേരും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള, മുതിര്‍ന്ന തായ്വാനീസ് കുടിയേറ്റക്കാരാണ്. മരിച്ചയാളും പരിക്കേറ്റവരും മുതിര്‍ന്ന പൗരന്മാരാണ്.
60 വയസുള്ള ഏഷ്യന്‍ വംശജനായ അക്രമിയെ ഇടവകാംഗങ്ങള്‍ കീഴടക്കി കയറു കൊണ്ട് ബന്ധിച്ചു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കല്‍ നിന്നും ആയുധവും കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
കഴിഞ്ഞദിവസം ന്യൂയോര്‍ക്കിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന വെടിവയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ന്യൂയോര്‍ക്കിലെ ബഫല്ലോയിലാണ് വെടിവയ്പ്പ് ഉണ്ടായത്. ടോപ്സ് ഫ്രണ്ട്‌ലി മാര്‍ക്കറ്റ് എന്ന സൂപ്പര്‍ മാര്‍ക്കറ്റിലാണ് 18 വയസുകാരന്‍ വെടിവയ്പ്പ് നടത്തിയത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെല്‍മെറ്റും ധരിച്ചെത്തിയ അക്രമി നടത്തിയ വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ തല്‍സമയം ഹെല്‍മെറ്റില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയിലൂടെ സ്ട്രീം ചെയ്തു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തി.
യു.എസിലെ ഒരു പള്ളിക്കുള്ളില്‍ ഏറ്റവും മാരകമായ വെടിവയ്പ്പ് നടന്നത് 2017-ലാണ്. ടെക്‌സസിലെ സതര്‍ലാന്‍ഡ് സ്പ്രിംഗ്‌സിലുള്ള ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ ഞായറാഴ്ച ശുശ്രൂഷയ്ക്കിടെയാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ 24-ലധികം പേരാണ് അന്നു കൊല്ലപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.