2022 മെയ് 15- ഓർമയിലെ കല്ഫലകത്തിൽ കൊത്തിവയ്ക്കപ്പെട്ട ദിനമായ് മാറി!
ദൈവസഹായംപിള്ളയടക്കം പത്തുപേരെ വിശുദ്ധരായ് ഫ്രാൻസിസ് പാപ്പ ഉയർത്തിയ തിരുക്കർമ്മത്തിൽ നാല്പത്തയ്യായിരത്തോളം പേർ പങ്കെടുത്തു എന്നാണ് വത്തിക്കാന്റെ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ആ ആൾക്കൂട്ടത്തിൽ ഒരാളാകാൻ ദൈവം എന്നെയും അനുഗ്രഹിച്ചു.
പത്തുപേരെ വിശുദ്ധ പദവിയിലേക്കുയർത്തുന്നത് എന്റെ നയനങ്ങൾ ദർശിച്ചു! കാതുകൾ ശ്രവിച്ചു!
ഫ്രാൻസിസ് പാപ്പ അർപ്പിച്ച ബലിയിൽ ഞാനും സഹകാർമികനായ് ഈശോയെ സ്വീകരിച്ചു!
എന്നെ സംബന്ധിച്ചിടത്തോളം ഇതൊരദ്‌ദുതമാണ് ....യഥാർത്ഥ അദ്ഭുതം!
കാൽമുട്ടിനുള്ള ബുദ്ധിമുട്ടും പ്രായത്തിന്റെ ക്ലേശങ്ങളും ഉള്ളിലൊതുക്കി പുഞ്ചിരിയോടെ
ഏവരെയും ആശീർവദിച്ച് പാപ്പ കടന്നുവന്നപ്പോൾ പൊരിവെയിലത്തും ജനഹൃദയങ്ങൾ കുളിരണിഞ്ഞു.
വിശുദ്ധ ബലിമധ്യേ നൽകിയ സന്ദേശത്തിൽ വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഉദ്ധരിച്ചുകൊണ്ട് പാപ്പ പറഞ്ഞു: 'ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കുവിന്‍..' (യോഹന്നാന്‍ 13 : 35). ക്രിസ്തു സ്നേഹിച്ചതു പോലെ സ്നേഹിക്കുക എന്നതാണ് ശിഷ്യത്വത്തിന്റെ മാനദണ്ഡം.
"നാം ദൈവത്തെ സ്‌നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെ സ്‌നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്‌ക്കുകയും ചെയ്‌തു എന്നതിലാണ് സ്‌നേഹം" (1 യോഹന്നാന്‍ 4 : 10) കുടികൊള്ളുന്നത്.
ഹെൻറി ന്യൂവന്റെ വാക്കുകൾ കടമെടുത്ത് പാപ്പ ഇപ്രകാരം തുടർന്നു: "നിങ്ങൾക്കറിയുമോ ......
മറ്റുള്ളവർ നമ്മെ കാണുന്നതിന് എത്രയോ മുമ്പുതന്നെ ദൈവം നമ്മെ കണ്ടിരിക്കുന്നു, അവിടുത്തെ നയനങ്ങൾ നമ്മെ ദർശിച്ചിരിക്കുന്നു? മറ്റുള്ളവർ നമ്മുടെ ചിരിയും കരച്ചിലും കേൾക്കുന്നതിനു മുമ്പേ ദൈവം നമ്മെ ശ്രവിച്ചിരുന്നു. മറ്റാരും നമ്മോട് സംസാരിക്കുന്നതിനു മുമ്പേ ദൈവം നമ്മോട് സംസാരിച്ചു...."അത്രമാത്രം ദൈവം നമ്മെ സ്നേഹിക്കുന്നു.....
ഒരു ചെറു പുഞ്ചിരിയോടെ അവിടുന്ന് ചോദിച്ചു:"നിങ്ങൾ മറ്റുള്ളവരെ സഹായിക്കാറുണ്ടോ? ദാനധർമ്മം നൽകാറുണ്ടോ? ദാനം ചെയ്യുമ്പോൾ, സ്വീകരിക്കുന്നവരുടെ മിഴികളിലേക്ക് നിങ്ങൾ നോക്കാറുണ്ടോ? അവരുടെ കരങ്ങളിൽ സ്പർശിക്കാറുണ്ടോ? അതോ മറ്റെവിടേയ്ക്കെങ്കിലും നോക്കിയാണോ നിങ്ങൾ ദാനം ചെയ്യുന്നത്? എങ്കിൽ നിങ്ങൾ തിരിച്ചറിയുക; നിങ്ങൾ അവരെ നോക്കുമ്പോഴും സ്പർശിക്കുമ്പോഴും ക്രിസ്തുവിന്റെ ശരീരത്തെയാണ് കാണുന്നതും സ്പർശിക്കുന്നതും ...."
എങ്ങനെയാണ് ഒരാൾക്ക് വിശുദ്ധിയിൽ വളരാനാകുക? പാപ്പ വിശദീകരിച്ചു:
"സമർപ്പിതർ തങ്ങളുടെ സമർപ്പിത ജീവിതം സന്തോത്തോടെ ജീവിച്ച് വിശുദ്ധിയിൽ വളരണം. വിവാഹിതർ തങ്ങളുടെ ജീവിത പങ്കാളിയെ പരിഗണിച്ചും സ്നേഹിച്ചും വിശുദ്ധി പ്രാപിക്കണം. മാതാപിതാക്കളും വയോവൃദ്ധരും തങ്ങളുടെ മക്കൾക്കും പേരക്കുട്ടികൾക്കും ക്രിസ്തുവിനെ അനുധാവനം ചെയ്യാൻ മാതൃക നൽകണം, മേലുദ്യോഗസ്ഥർ തങ്ങളുടെ ലാഭത്തിനും നേട്ടത്തിനുമല്ലാതെ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പ്രയത്നിക്കണം ....അങ്ങനെയാണ് നിങ്ങൾ വിശുദ്ധിയിൽ വളരേണ്ടത്..."
പാപ്പയുടെ വാക്കുകൾ ആരുടെ ഹൃദയത്തെയാണ് തൊട്ടുണർത്താത്തത്? വിശുദ്ധിയിൽ ജീവിക്കുക ....
അത്ര എളുപ്പമല്ല. എന്നാൽ സാധ്യമാണ്. അതിനുള്ള പരിശ്രമങ്ങൾ അനുദിനജീവിതത്തിൽ തുടരാം.
അതിനായ് വിശുദ്ധരുടെ മാധ്യസ്ഥം തേടാം.
https://fb.watch/d1aOEYttem/
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.