റഷ്യന്‍ അതിര്‍ത്തിക്കരികില്‍ ഉക്രെയ്ന്‍ സൈന്യം; വിജയം ഉക്രെയ്നൊപ്പമെന്ന് നാറ്റോ മേധാവി

റഷ്യന്‍ അതിര്‍ത്തിക്കരികില്‍ ഉക്രെയ്ന്‍ സൈന്യം; വിജയം ഉക്രെയ്നൊപ്പമെന്ന് നാറ്റോ മേധാവി

കീവ്: റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ വിജയം ഉക്രെയ്നൊപ്പമായിരിക്കുമെന്ന നിരീക്ഷണവുമായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ്. യുദ്ധം 80 ദിവസം പിന്നിടുമ്പോഴാണ് നാറ്റോ മേധാവിയുടെ പരാമര്‍ശം.

റഷ്യയുടെ സൈനിക മുന്നേറ്റത്തിന്റെ വേഗത കുറയുന്നതായും ഉക്രെയ്ന്‍ ജനതയുടെയും സൈന്യത്തിന്റെയും ധീരതയും നാറ്റോയുടെ സഹായവും കൊണ്ട് ഉക്രെയ്‌ന് ഈ യുദ്ധത്തില്‍ ജയിക്കാന്‍ കഴിയുമെന്നാണ് പ്രത്യാശയെന്നും ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.

ഉക്രെയ്നിന് കൂടുതല്‍ സൈനിക പിന്തുണ നല്‍കുന്നതു സംബന്ധിച്ചും നാറ്റോയില്‍ ചേരാനുള്ള ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും നീക്കങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി നാറ്റോയിലെ ഉന്നത നയതന്ത്രജ്ഞര്‍ ഞായറാഴ്ച ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ യോഗത്തില്‍ ഓണ്‍ലൈന്‍ വഴി സംസാരിക്കുകയായിരുന്നു ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ്.

യുദ്ധം മോസ്‌കോ ആസൂത്രണം ചെയ്തതുപോലെ നടക്കുന്നില്ല. കീവ് പിടിച്ചെടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഖാര്‍കീവില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങുകയാണ്. ഡോണ്‍ബാസിലെ ആക്രമണം എങ്ങുമെത്താത്ത അവസ്ഥയിലാണ്. റഷ്യയുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആ രാജ്യത്തിന് കഴിഞ്ഞിട്ടില്ല. ഉക്രെയ്‌ന് സൈനിക പിന്തുണ നല്‍കുന്നത് തുടരണമെന്നും നാറ്റോ മേധാവി പറഞ്ഞു.

അതേസമയം, യുദ്ധത്തില്‍ വ്യക്തമായ ഒരു വിജയി ഉണ്ടാകുമോ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. സാമ്പത്തികമായുണ്ടായ സമ്മര്‍ദം മൂലം ഉക്രെയ്‌നുള്ള അന്താരാഷ്ട്ര പിന്തുണ എത്രത്തോളം നിലനില്‍ക്കുമെന്ന് ഉറപ്പില്ലെന്നും അവര്‍ പറയുന്നു.

റഷ്യയുടെ സൈനിക നടപടി ഇപ്പോള്‍ കിഴക്കന്‍ ഉക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലെ ലുഹാന്‍സ്‌കില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഉക്രെയ്‌ന്റെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവില്‍ നിന്നും റഷ്യന്‍ സേന പൂര്‍ണമായും പിന്‍മാറി. ഖാര്‍കീവില്‍ പ്രത്യാക്രമണം നടത്തുന്ന ഉക്രെയ്ന്‍ സൈന്യം റഷ്യന്‍ അതിര്‍ത്തിക്കരികില്‍ എത്തിയതായി ഖാര്‍കീവ് ഗവര്‍ണര്‍ ഒലെഹ് സിനെഗുബോവ് പറഞ്ഞു.

അതിര്‍ത്തിയിലെ വെളിപ്പെടുത്താത്ത ഒരു സ്ഥലത്ത് നിരവധി ഉക്രെയ്ന്‍ സൈനികര്‍ എത്തിയതായി കാണിച്ചുകൊണ്ടുള്ള വീഡിയോ ഉക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. അതിര്‍ത്തിയിലെ സൈനിക പോസ്റ്റും പുനഃസ്ഥാപിച്ചു.

റഷ്യന്‍ സേന ഇപ്പോള്‍ കേന്ദ്രീകരിക്കുന്നത് ലുഹാന്‍സ്‌ക് പൂര്‍ണമായും പിടിക്കാനാണെന്ന് യു.എസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സ്റ്റഡി ഓഫ് വാര്‍ വ്യക്തമാക്കി. ലുഹാന്‍സ്‌ക്, ഡൊണെറ്റ്‌സ്‌ക് എന്നീ പ്രവിശ്യങ്ങള്‍ അടങ്ങുന്നതാണ് ഡോണ്‍ബാസ്. കനത്ത മിസൈലാക്രമണമാണ് ഇവിടെ നടക്കുന്നത്. ലുഹാന്‍സ്‌കിനെയും ഡൊണെറ്റ്‌സ്‌കിനെയും സ്വതന്ത്ര റിപ്പബ്ലിക്കുകളായി പ്രഖ്യാപിച്ചാണ് കഴിഞ്ഞ ഫെബ്രവരി 24ന് റഷ്യന്‍ സേന ഉക്രെയ്‌നില്‍ സൈനിക അധിനിവേശം ആരംഭിച്ചത്.

ഇന്നലെ റഷ്യയുടെ 11 വ്യോമവാഹനങ്ങള്‍ തകര്‍ക്കാനും റഷ്യന്‍ സേന ഉക്രെയ്ന്‍ നദി കടക്കുന്നത് തടയാനും സാധിച്ചെന്നും ഉക്രെയ്ന്‍ വ്യോമസേന അവകാശപ്പെട്ടിരുന്നു. ഇത് രണ്ടാം തവണയാണ് ഉക്രെയ്ന്‍ നദി കടക്കാനുള്ള റഷ്യന്‍ സംഘത്തിന്റെ ശ്രമം പരാജയപ്പെടുന്നത്. രണ്ട് ക്രൂയിസ് മിസൈല്‍, മൂന്ന് ഒര്‍ലാന്‍-10 യുഎവിഎസ്, ഒരു കെഎ-52 ഹെലികോപ്റ്റര്‍ എന്നിവ ആന്റി എയര്‍ക്രാഫ്റ്റ് മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതായി വ്യോമ സേനയെ ഉദ്ധരിച്ചുകൊണ്ട് ദ കീവ് ഇന്‍ഡിപെന്‍ഡന്റ് അറിയിച്ചു.

ഇതുകൂടാതെ വ്യോമ പ്രതിരോധ സംഘം എംഐ-28 ഹെലികോപ്റ്ററും നാല് ഒര്‍ലാന്‍-10 യുഎവിഎസും തകര്‍ത്തു. ഇന്‍ഹുലെറ്റ് നദി കടക്കാനുള്ള റഷ്യന്‍ സൈന്യത്തിന്റെ ശ്രമമാണ് തടഞ്ഞത്.  നേരത്തെ സിവെര്‍സ്‌കൈ ഡോണറ്റ്‌സ് നദി കടക്കാനുള്ള റഷ്യന്‍ ശ്രമവും ഉക്രെയ്ന്‍ സേന തടഞ്ഞിരുന്നു.

ഉക്രെയ്‌നില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നിയോഗിച്ച സൈനികരില്‍ മൂന്നിലൊന്നും റഷ്യയ്ക്കു നഷ്ടമായെന്നാണു ബ്രിട്ടിഷ് മിലിറ്ററി ഇന്റലിജന്‍സ് വിലയിരുത്തല്‍.

അതേസമയം സ്വീഡനെയും ഫിന്‍ലന്‍ഡിനെയും നാറ്റോയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ നാറ്റോ പദ്ധതിയിട്ടിരിക്കുകയാണ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് വലിയ സമ്മര്‍ദമാണ് ഈ തീരുമാനം നല്‍കുന്നത്. ഫിന്‍ലന്‍ഡ് റഷ്യയുമായി 1,300 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്.

ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയുടെ ഭാഗമായാല്‍ അത് വലിയ പ്രകോപനമാണ് റഷ്യയ്ക്കുണ്ടാക്കുക. റഷ്യയും നാറ്റോയുമായുള്ള നേരിട്ടുള്ള യുദ്ധത്തിലേക്കു നയിച്ചേക്കുമോ എന്നുള്ള ആശങ്ക ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങള്‍ക്കുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.