വിലക്കയറ്റത്തെ പിടിച്ചുകെട്ടി രാജ്യത്തിന് മാതൃക; നാണയപ്പെരുപ്പം ഏറ്റവും കുറവ് കേരളത്തില്‍

 വിലക്കയറ്റത്തെ പിടിച്ചുകെട്ടി രാജ്യത്തിന് മാതൃക; നാണയപ്പെരുപ്പം ഏറ്റവും കുറവ് കേരളത്തില്‍

തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചുകെട്ടുന്നതില്‍ മാതൃകയായി കേരളം. കുതിച്ചുയര്‍ന്ന ഇന്ധന വിലയും ഉക്രെയിന്‍ യുദ്ധവും കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ രാജ്യത്ത് വിലക്കയറ്റം ഏറ്റവുമധികം രൂക്ഷമാക്കിയപ്പോഴാണ് മാതൃകയായി കേരളം മാറിയത്. രാജ്യത്ത് ഏറ്റവും നല്ല നിലയിലുള്ള പൊതുവിതരണ സംവിധാനവും പൊതു വിപണിയിലെ സര്‍ക്കാര്‍ ഇടപെടലുമാണ് രക്ഷയായതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

വിലക്കയറ്റം രൂക്ഷമാക്കുന്ന നാണയപ്പെരുപ്പം രാജ്യത്ത് ഏറ്റവും കുറഞ്ഞ നിലയില്‍ 5.1 ശതമാനത്തില്‍ തളച്ചതാണ് സംസ്ഥാനത്തെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ (എന്‍.എസ്.ഒ) പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം.

കുറഞ്ഞ നാണയപ്പെരുപ്പ നിരക്കില്‍ തമിഴ്‌നാടാണ് രണ്ടാമത് (5.4%) രാജ്യത്താകെ 7.8 ശതമാനവും ഹരിയാന, തെലങ്കാന, മധ്യപ്രദേശ്, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഒന്‍പതും മറ്റ് സംസ്ഥാനങ്ങളില്‍ എട്ട് ശതമാനവുമാണ് നാണയപ്പെരുപ്പ നിരക്ക്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തില്‍ വിലക്കയറ്റം പിടിച്ചു നിറുത്തിയത് അത്ഭുതത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

പെട്രോള്‍, ഡീസല്‍ വില അസാധാരണമായി വര്‍ധിച്ചതും ഉക്രെയിന്‍ യുദ്ധവും കോവിഡിന് ശേഷമുള്ള സാഹചര്യവും രാജ്യത്ത് പൊതു വിപണിയില്‍ വന്‍ വിലക്കയറ്റമുണ്ടാക്കിയ സാഹചര്യത്തിലാണ് സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ സര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സംസ്ഥാനത്ത് ക്രമാതീതമായ രീതിയില്‍ വിലക്കയറ്റം രൂക്ഷമാകാതെ പിടിച്ചു നിറുത്തിയതിന്റെ ക്രെഡിറ്റ് പൊതുവിതരണ സംവിധാനത്തിനാണെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.