വത്തിക്കാന്‍ സിറ്റി: 95-ാം ജന്മദിനത്തില്‍ ലോകമെമ്പാടുംനിന്നും പ്രവഹിച്ച ആശംസകളില്‍ മനം നിറഞ്ഞ് പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍. ഇന്നലെയാണ് 24 ഭാഷകളിലായി മൂവായിരത്തിലധികം ജന്മദിനാശംസകള്‍ ലോകത്തിന്റെ പല ഭാഗത്തുനിന്ന് ലഭിച്ചത്. benedictusXVI.org എന്ന വെബ്സൈറ്റ് വഴിയാണ് ആശംസകള്‍ ലഭിച്ചത്.
പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ ആരംഭിച്ച ടാഗെസ്പോസ്റ്റ് ഫൗണ്ടേഷന്റെ വെബ്സൈറ്റിലൂടെ പാപ്പാ ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞു.
'95-ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ലോകമെമ്പാടുനിന്നും ധാരാളം സന്ദേശങ്ങള്‍ ലഭിച്ചു. ഭക്തിയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും ആദരവിന്റെയും ഈ പ്രകാശനം എന്നെ ഏറെ സന്തോഷിപ്പിച്ചു. പ്രാര്‍ത്ഥനയില്‍ എല്ലാവരുമായും ഞാന്‍ ഐക്യപ്പെടുന്നു - മറുപടി സന്ദേശത്തില്‍ പാപ്പ പറഞ്ഞു.
ജര്‍മ്മന്‍, ഇംഗ്ലീഷ്, ഇറ്റാലിയന്‍, പോളിഷ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍നിന്നാണ് സന്ദേശങ്ങള്‍ ലഭിച്ചത്. പോപ്പ് എമരിറ്റസിന്റെ വസതിയായ മാറ്റര്‍ എക്‌ലെസിയാ മൊണാസ്ട്രിയില്‍ വച്ച് പേഴ്സണല്‍ സെക്രട്ടറിയായ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗാന്‍സ്വീന്‍ ജന്മദിന സന്ദേശങ്ങള്‍ പാപ്പയെ ടാബിലൂടെ കാണിച്ചു.
തനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി അറിയിക്കാന്‍ പോപ്പ് എമരിറ്റസ് ആവശ്യപ്പെട്ടതായി ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗാന്‍സ്വീന്‍ പറഞ്ഞു. ആരോഗ്യത്തിന് പ്രാര്‍ഥനകള്‍ നേര്‍ന്നുള്ള, ഊഷ്മളവും വാത്സല്യവും പ്രവഹിക്കുന്ന സന്ദേശങ്ങള്‍ അദ്ദേഹത്തെ ഏറെ സന്തോഷിപ്പിക്കുകയും ആഴത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു.
ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തനായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമാണ് പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍. 2005 മുതല്‍ 2013 വരെയാണ് ആഗോള കത്തോലിക്ക സഭയെ നയിച്ചത്.
മാര്‍പാപ്പയാകുന്നതിനു മുന്‍പ് ജര്‍മനിയിലെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപകന്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകന്‍, മ്യൂണിക് ആന്‍ഡ് ഫ്രെയ്‌സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍, വിശ്വാസ തിരുസംഘത്തിന്റെ തലവന്‍, കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
1927 ഏപ്രില്‍ 16-ന്, ജര്‍മ്മനിയിലെ ബവേറിയയില്‍ ജനിച്ച അദ്ദേഹത്തിന്റെ യഥാര്‍ഥനാമം ജോസഫ് റാറ്റ്സിംഗര്‍ എന്നായിരുന്നു. എഴുപത്തെട്ടാം വയസില്‍ മാര്‍പാപ്പയായ ബെനഡിക്ട് പതിനാറാമന്‍, ക്ലമന്റ് പന്ത്രണ്ടാമന്‍ പാപ്പായ്ക്കു ശേഷം ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. കൂടാതെ ജര്‍മ്മനിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒന്‍പതാമത്തെ മാര്‍പാപ്പായെന്ന സവിശേഷതയുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26