സഭയ്ക്ക് സ്ഥാനാര്‍ത്ഥിയില്ല; ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാം: മാര്‍ ജോര്‍ജ് ആലഞ്ചേരി

സഭയ്ക്ക് സ്ഥാനാര്‍ത്ഥിയില്ല; ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാം: മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലെന്ന് വ്യക്തമാക്കി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി. തിരഞ്ഞെടുപ്പില്‍ സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറില്ല. തൃക്കാക്കരയില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാം. ഇക്കാര്യത്തില്‍ സഭ നിര്‍ദേശം നല്‍കില്ലെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. കൊച്ചി വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ ജനങ്ങളാണ് നിലപാട് എടുക്കേണ്ടത്. ജനങ്ങളുടേത് സഭയുടെ നിലപാട് ആയിരിക്കണമെന്നില്ല. സഭ എന്ന് പറയുന്നത് ജനങ്ങളുടെ കൂട്ടായ്മയാണ്. സഭ എന്ന് പറഞ്ഞ് ഒരു കൂട്ടര്‍ മാറി നില്‍ക്കും. ഏത് പാര്‍ട്ടിക്ക് വോട്ട് ചെയ്യമെന്ന് അവര്‍ തീരുമാനിക്കുമെന്നും മാര്‍ ആലഞ്ചേരി വ്യക്തമാക്കി.

ചിലപ്പോള്‍ ചിതറി വോട്ട് ചെയ്‌തെന്നും വരാം. അത് ജനാധിപത്യത്തില്‍ കണ്ടു വരുന്നതാണ്. ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന നിര്‍ദ്ദേശം സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. നന്നായി പരിശ്രമം നടത്തി തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ ശ്രമിക്കണമെന്നും മാര്‍ ആലഞ്ചേരി വ്യക്തമാക്കി.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് സഭയുടെ പ്രതിനിധിയാണെന്ന് നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. ജോ ജോസഫ് സഭയുടെ പ്രതിനിധി തന്നെയാണെന്നും, തൃക്കാക്കര തെരഞ്ഞെടുത്തയക്കുന്ന നിയമസഭയുടെ പ്രതിനിധിയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

സ്ഥാനാർഥി വിഷയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് സീറോ മലബാർ മീഡിയ കമ്മീഷനും നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു.

അതേസമയം, തൃക്കാക്കരയില്‍ പ്രചാരണം ശക്തമാകുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ വാഹന പര്യടനം ഇന്ന് തുടങ്ങും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വാഹന പര്യടനം ഇന്നലെ ആരംഭിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.