'അനാവശ്യ ചെലവ്', അഫ്ഗാനിലെ മനുഷ്യാവകാശ കമ്മീഷനെ താലിബാന്‍ പിരിച്ചുവിട്ടു

'അനാവശ്യ ചെലവ്', അഫ്ഗാനിലെ മനുഷ്യാവകാശ കമ്മീഷനെ താലിബാന്‍ പിരിച്ചുവിട്ടു

കാബൂള്‍: മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഏറെ നടക്കുന്ന അഫ്ഗാനിസ്ഥാനില്‍ മനുഷ്യാവകാശ കമ്മീഷനെ താലിബാന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടു. അമേരിക്കയുടെ പിന്തുണയുള്ള മറ്റ് നാല് പ്രധാന വകുപ്പുകള്‍കൂടി ഇതോടൊപ്പം പിരിച്ചുവിട്ടു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് പ്രധാന വകുപ്പുകള്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഒഴിവാക്കിയരിക്കുന്നത്.

താലിബാന്‍ അധികാരമേറ്റ ശേഷം നടന്ന ആദ്യ വാര്‍ഷിക ബജറ്റില്‍ 501 മില്യണ്‍ ഡോളറിന്റെ ബജറ്റ് കമ്മി രാജ്യം നേരിടുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കടുത്ത സാമ്പത്തിക അച്ചടക്കത്തിലൂടെയെ സുസ്ഥിരമായ സാമ്പത്തിക സ്ഥിതി രാജ്യത്ത് കൊണ്ടുവരാന്‍ കഴിയു. അതിനായി അനാവശ്യ ചിലവുകള്‍ ഇല്ലാതാക്കുമെന്നും ചെലവ് ചുരുക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു.

ചെലവ് ചുരുക്കലിന്റെ ഭാഗമായി പിരിച്ചുവിടപ്പെട്ട വകുപ്പുകള്‍ക്കൊന്നും അന്ന് ബജറ്റില്‍ തുക വകയിരുത്തിയിരുന്നില്ല. അനാവശ്യ വകുപ്പുകള്‍ എന്ന വിലയിരുത്തലിലാണ് തുക വകയിരുത്താതിരുന്നത്. തുടര്‍ന്നാണ് അപ്രധാന വകുപ്പുകള്‍ പിരിച്ചുവിട്ടനുള്ള തീരുമാനം എടുത്തതെന്ന് സര്‍ക്കാര്‍ ഉപ വക്താവ് ഇന്നമുല്ല സമംഗാനി പറഞ്ഞു.



ദേശീയ അനുരഞ്ജനത്തിനുള്ള ഹൈ കൗണ്‍സില്‍, ദേശീയ സുരക്ഷാ കൗണ്‍സില്‍, ഭരണഘടന മേല്‍നോട്ട കമ്മീഷന്‍ എന്നിവയാണ് പിരിച്ചുവിടപ്പെട്ട മറ്റ് പ്രധാന വകുപ്പുകള്‍. അഫ്ഗാനിലെ അമേരിക്കന്‍ ആധിപത്യകാലത്ത് രൂപീകരിക്കപ്പെട്ടതാണ് ഈ കമ്മീഷനുകള്‍.

മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് അബ്ദുല്ല അബ്ദുള്ളയായിരുന്നു ഹൈ കൗണ്‍സിലിന്റെ അവസാന പ്രസിഡന്റ്. മുന്‍ പ്രസിഡന്റ് അഷ്റഫ് ഘാനിയുടെ യുഎസ് പിന്തുണയുള്ള സര്‍ക്കാരും അന്നത്തെ വിമത താലിബാനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിച്ചിരുന്നത് ഹൈ കൗണ്‍സിലാണ്.

സജീവവും ഉല്‍പ്പാദനക്ഷമതയുള്ളതുമായ വകുപ്പുകള്‍ക്കാണ് താലിബാന്‍ പ്രാധാന്യം നല്‍കുന്നതെന്നും ആവശ്യമെങ്കില്‍ മാത്രം പിരിച്ചുവിട്ട വകുപ്പുകള്‍ പുനസ്ഥാപിക്കുകയുള്ളെന്നും സാംഗാനി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.