ജനീവ: ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സുഡാനിൽ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം അതീവ ദയനീയമെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. പുരുഷന്മാർ കൊല്ലപ്പെടുകയോ നാടുവിടുകയോ ചെയ്തതോടെ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വന്ന ലക്ഷക്കണക്കിന് സ്ത്രീകൾ പട്ടിണിയുടെയും സുരക്ഷാഭീഷണിയുടെയും നിഴലിലാണെന്ന് യുഎൻ വുമൺ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.
യുദ്ധം മൂലം സുഡാനിലെ പരമ്പരാഗത കുടുംബ വ്യവസ്ഥിതി പൂർണ്ണമായും തകർന്നു. നിലവിൽ സഹായം ആവശ്യമുള്ള കുടുംബങ്ങളിൽ മൂന്നിലൊന്നും സ്ത്രീകളുടെ നേതൃത്വത്തിലുള്ളവയാണ്. ഇവരിൽ 75 ശതമാനത്തോളം പേർക്ക് അടിസ്ഥാനപരമായ ഭക്ഷണത്തിന് പോലും വകയില്ല. പുരുഷന്മാർ നയിക്കുന്ന കുടുംബങ്ങളെ അപേക്ഷിച്ച് പട്ടിണി അനുഭവിക്കാനുള്ള സാധ്യത ഇവർക്ക് മൂന്നിരട്ടിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഏകദേശം എട്ട് ശതമാനത്തോളം വീടുകളിൽ കുടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഉള്ള വെള്ളം ഒട്ടും ലഭ്യമല്ലാത്ത സാഹചര്യമാണ്. ദാരിദ്ര്യം മൂലം ഭൂരിഭാഗം കുട്ടികളും പഠനം ഉപേക്ഷിച്ച് ജോലിക്കു പോകാൻ നിർബന്ധിതരാകുന്നു. ഇത് ഭാവി തലമുറയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബാങ്ക് സേവനങ്ങളോ സാമ്പത്തിക സഹായങ്ങളോ ഈ സ്ത്രീകൾക്ക് ലഭിക്കുന്നില്ല. സഹായം എത്തിക്കുന്നതിൽ പോലുമുള്ള വിവേചനം ഇവരെ കൂടുതൽ തളർത്തുന്നു. ഗർഭിണികൾക്ക് ആവശ്യമായ ചികിത്സയോ മരുന്നുകളോ ലഭിക്കുന്നില്ല. വടക്കൻ ഡാർഫർ പോലുള്ള സംഘർഷ ബാധിത പ്രദേശങ്ങളിൽ 72 ശതമാനം സ്ത്രീകളും സുരക്ഷാ പേടി കാരണം പുറത്തിറങ്ങാൻ പോലും ഭയപ്പെടുകയാണ്.
സ്ത്രീ കുടുംബനാഥകളെ ലക്ഷ്യമിട്ട് പ്രത്യേക സഹായ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ഭക്ഷണമായും പണമായും നേരിട്ട് സഹായമെത്തിക്കാൻ സന്നദ്ധ സംഘടനകൾ മുന്നോട്ടു വരണമെന്നും, കുടിവെള്ളവും സുരക്ഷിതമായ താമസവും ഉറപ്പാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
ലോകരാജ്യങ്ങൾ ഒത്തൊരുമിച്ച് ഇടപെട്ടില്ലെങ്കിൽ സുഡാനിലെ ഈ "ജെൻഡർ എമർജൻസി" വരും ദശകങ്ങളിൽ വലിയൊരു മാനുഷിക ദുരന്തമായി മാറുമെന്നും യുഎൻ മുന്നറിയിപ്പ് നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.