"സ്വപ്‌നം കാണു... ഒപ്പം സര്‍ക്കാരുണ്ട്": ആദ്യപ്രസംഗത്തില്‍ സ്ത്രീകളോടായി എലിസബത്ത് ബോണ്‍; മൂന്ന് പതിറ്റാണ്ടിന് ശേഷം ഫ്രാന്‍സിന് വനിതാ പ്രധാനമന്ത്രി


പാരീസ്: എലിസബത്ത് ബോണിനെ ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നിയമിച്ചു. ജീന്‍ കാസ്ടെക്സ് രാജിവച്ചതിനെ തുടര്‍ന്നാണ് നിയമനം. 1991ന് ശേഷം ഇതാദ്യമായാണ് ഒരു വനിത ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയാകുന്നത്. 2020 മുതല്‍ മാക്രോണ്‍ സര്‍ക്കാരില്‍ തൊഴില്‍, ഗതാഗതം, പരിസ്ഥിതി എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു.

കഴിഞ്ഞ മാസം ഇമ്മാനുവല്‍ മാക്രോണ്‍ വീണ്ടും ഫ്രഞ്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ജീന്‍ കാസ്ടെക്സിന്റെ രാജി പ്രതീക്ഷിച്ചിരുന്നതാണ്. തിങ്കളാഴ്ച എലീസി കൊട്ടാരത്തിലെത്തി അദ്ദേഹം രാജി സമര്‍പ്പിച്ചു. രാജി അംഗീകരിച്ചതായി പ്രസിഡന്റിന്റെ ഓഫീസ് പിന്നീട് അറിയിച്ചു. തുടര്‍ന്നാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്.

ഫ്രാന്‍സിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ വനിതയാണ് 61 കാരിയായ ബോണ്‍. 1991-92 ല്‍ എഡിത്ത് ക്രേസണ്‍ ആണ് ഇതിനു മുന്‍പുണ്ടായിരുന്ന വനിതാ പ്രധാനമന്ത്രി. ജൂണില്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മാക്രോണിന്റെ പാര്‍ട്ടിയുടെയും സഖ്യകക്ഷികളുടെയും വിജയം ഉറപ്പുവരുത്തുകയാണ് എലിസബത്ത് ബേണിന്റെ ആദ്യ രാഷ്ട്രീയദൗത്യം.

ജൂണിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മന്ത്രിസഭയില്‍ വലിയ അഴിച്ചുപണി നടത്താന്‍ മാക്രോണ്‍ പദ്ധതിയിടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മാക്രോണിന്റെ പെന്‍ഷന്‍, ക്ഷേമ പദ്ധതികള്‍ എന്നിവ നടപ്പാക്കണമെങ്കില്‍ അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിക്കണം.

പെന്‍ഷന്‍ പ്രായം 62 ല്‍ നിന്ന് 64 അല്ലെങ്കില്‍ 65 ആക്കാനുള്ള മാക്രോണിന്റെ നയത്തോട് ജനത്തില്‍ അത്ര തൃപ്തിയില്ല. ട്രേഡ് യൂണിയന്‍ മേഖലയില്‍ നിന്ന് ശക്തമായ എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്. ഇത്തരം എതിര്‍പ്പുകളെ ശമിപ്പിച്ച് നയങ്ങള്‍ നടപ്പാക്കിയെടുക്കാന്‍ പ്രസിഡന്റിനെ സഹായിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം ബോണിനാണ്. മുന്‍പ് ഗതാഗതമന്ത്രിയായിരിക്കെ റെയില്‍വേ രംഗത്ത് വിപ്ലകരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന പ്രശംസ നേടിയ ആളാണ് എലിസബത്ത് ബോണ്‍.



ഫ്രാന്‍സിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും തന്റെ സ്ഥാനനേട്ടം ബോണ്‍ സമര്‍പ്പിച്ചു. 'നിങ്ങള്‍ നിങ്ങളുടെ സ്വപ്‌നങ്ങള്‍ പിന്തുടരു, സര്‍ക്കാര്‍ ഒപ്പമുണ്ട്' എന്ന വാഗ്ദാനമാണ് ബോണ്‍ തന്റെ ആദ്യ പ്രസംഗത്തില്‍ ഫ്രാന്‍സിലെ സ്ത്രീകള്‍ക്ക് നല്‍കിയത്. എന്‍ജിനീയര്‍ കൂടിയായ ബോണ്‍ സീനിയര്‍ സിവില്‍ സര്‍വീസ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, സ്റ്റേറ്റ് ബിസിനസുകള്‍ എന്നിവയില്‍ ദീര്‍ഘകാല പ്രവര്‍ത്തിച്ചിട്ടുണ്ട്.

30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1991 മെയ് മുതല്‍ 1992 ഏപ്രില്‍ വരെ പ്രസിഡണ്ട് ഫ്രാങ്കോയിസ് മിത്തറാണ്ടിന്റെ കീഴില്‍ ഹ്രസ്വകാലത്തേക്ക് മാത്രമായിരുന്നു എഡിത്ത് ക്രെസണ്‍ എന്ന വനിത പ്രധാനമന്ത്രിയായിരുന്നത്. പിന്നീട് പ്രധാനമന്ത്രി പദവിയിലേക്ക് സ്ത്രീ സാന്നിധ്യം ഉണ്ടായില്ല. ഇപ്പോള്‍ ബോണ്‍ ആ സ്ഥാനത്തേക്ക് വന്നതോടെ പാരിസ്ഥിതിക ബോധവും ഇടതുചിന്താഗതിയുമുള്ള ഒരു വനിതയെയാണ് ഫ്രാന്‍സിന് പ്രധാനമന്ത്രിയായി ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.