പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് 14 പേര്‍. കോവിഡ് വ്യാപനം ആരംഭിച്ച ശേഷം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്. പുതുതായി 15,674 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കേസുകള്‍ വര്‍ധിച്ചതോടെ കടുത്ത സമ്മര്‍ദത്തിലൂടെയാണ് ആരോഗ്യ രംഗം കടന്നുപോകുന്നത്. 325 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 11 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പുനരാരംഭിക്കാന്‍ മെഡിക്കല്‍ ബോഡികള്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദം ചെലത്തുന്നുണ്ട്. അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 400-ല്‍ എത്തിയേക്കുമെന്ന് ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ (പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ) പ്രസിഡന്റ് മാര്‍ക്ക് ഡങ്കന്‍-സ്മിത്ത് പറഞ്ഞു.
ആശുപത്രി സംവിധാനങ്ങള്‍ അടുത്ത രണ്ടാഴ്ച വലിയ സമ്മര്‍ദ്ദവും പ്രതിസന്ധിയും നേരിടും. ജീവനക്കാരുടെ ക്ഷാമം, ആംബുലന്‍സ് ക്ഷാമം എന്നിവ ഉള്‍പ്പെടെ ഗുരുതരമായ പ്രതിസന്ധികളാണ് മുന്നിലുള്ളത്.
അതിനിടെ, പെര്‍ത്തില്‍ ഗുരുതരാവസ്ഥയിലുള്ള സ്ത്രീ ആംബുലന്‍സിനായി രണ്ട് മണിക്കൂറിലധികം കാത്തിരുന്നശേഷം ലഭിക്കാതെ മരണത്തിനു കീഴടങ്ങിയത് സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിന്റെ വീഴ്ച്ചയുടെ മറ്റൊരു ഉദാഹരണമായി മാറി. സംഭവത്തില്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ പ്രീമിയര്‍ മാര്‍ക് മക്ഗോവന്‍ കുടുംബത്തോട് ക്ഷമാപണം നടത്തി.
ഞായറാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ജോര്‍ജിന വൈല്‍ഡ് (80) മരിച്ചത്.
പുലര്‍ച്ചെ 2:30-ന് നെഞ്ചുവേദന അനുഭവപ്പെട്ട ജോര്‍ജിന ആംബുലന്‍സ് നമ്പറായ ട്രിപ്പിള്‍ സീറോയില്‍ വിളിച്ചു. സെന്റ് ജോണ്‍ ആംബുലന്‍സ് സര്‍വീസ് ജോര്‍ജിനയുടെ കേസ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. 15 മിനിറ്റിനുള്ളില്‍ ആംബുലന്‍സ് എത്തണമെന്നാണു നിയമം.
പുലര്‍ച്ചെ മൂന്നിനും 3:30-നും ആംബുലന്‍സ് ലഭ്യമല്ലെന്ന് അറിയിച്ച് ആംബുലന്‍സ് കോള്‍ സെന്ററില്‍നിന്ന് ഫോണ്‍ വന്നിരുന്നു. പുലര്‍ച്ചെ നാലിനും ജോര്‍ജിനയെ ജീവനക്കാരന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഏകദേശം രണ്ടര മണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് ആംബുലന്‍സ് എത്തിയത്. എന്നാല്‍ പാരാമെഡിക്കല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ ജോര്‍ജിന മരിച്ചതായി കണ്ടെത്തി.
രണ്ടര മണിക്കൂറോളം ആംബുലന്‍സ് എത്താതിരുന്നതിന് ഒരു ന്യായീകരണവും സ്വീകാര്യമല്ലെന്ന് പ്രീമിയര്‍ കുറ്റപ്പെടുത്തി. ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ ആശങ്ക തങ്ങള്‍ സെന്റ് ജോണിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ആംബുലന്‍സ് എത്താന്‍ കാലതാമസം ഉണ്ടായതായി സെന്റ് ജോണ്‍ ആംബുലന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് മിഷേല്‍ ഫൈഫ് സമ്മതിച്ചു. കേസിന്റെ സാഹചര്യങ്ങളെക്കുറിച്ച് ഉടന്‍ അന്വേഷണം ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച രാവിലെ വരെ കടുത്ത സമ്മര്‍ദമാണ് ആംബുലന്‍സ് സേവനം നേരിട്ടത്.
സംസ്ഥാനത്ത് കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ വീണ്ടും കൊണ്ടുവരുന്നതു സംബന്ധിച്ച് പ്രതികരിക്കാന്‍ പ്രീമിയര്‍ മാര്‍ക് മക്‌ഗൊവന്‍ വിസമ്മതിച്ചു. പുതിയ കോവിഡ് കണക്കുകള്‍ പശ്ചിമ ഓസ്ട്രേലിയക്കാര്‍ ഗൗരവമായി കാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിച്ച് നിരവധി പേരാണ് മരിക്കുന്നത്.
പുറത്തുപോകുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇതിനകം കോവിഡ് പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കാത്തവര്‍ എത്രയും വേഗം എടുക്കണമെന്നും പ്രീമിയര്‍ പറഞ്ഞു. 16 വയസിനു മുകളില്‍ പ്രായമുള്ള 80.9 ശതമാനം ആളുകള്‍ മൂന്നു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.