കപ്പലില്‍ നിന്ന് ബോട്ടില്‍ കരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച 320 കിലോ കൊക്കെയ്ന്‍ ഓസ്‌ട്രേലിയയില്‍ പിടികൂടി

കപ്പലില്‍ നിന്ന് ബോട്ടില്‍ കരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച 320 കിലോ കൊക്കെയ്ന്‍ ഓസ്‌ട്രേലിയയില്‍ പിടികൂടി

പില്‍ബാറ: ഓസ്ട്രേലിയയിലെ പടിഞ്ഞാറന്‍ മേഖലയായ പില്‍ബാറയില്‍ 320 കിലോയുടെ മയക്കുമരുന്ന് പിടികൂടി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേഖലയില്‍ വ്യാപകമായി മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരികെയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

128 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കൊക്കെയ്ന്‍ ആണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഒരു കിലോ വരുന്ന പായ്ക്കറ്റുകളിലാക്കിയ നിലയിലായിരുന്നു മയക്കുമരുന്ന്. ന്യൂ സൗത്ത് വെയില്‍സില്‍ നിന്നുള്ള 49 കാരനെയും 37 വയസുള്ള ജര്‍മ്മന്‍കാരനെയുമാണ് അറസ്റ്റ് ചെയ്തത്.

മയക്കുമരുന്ന് ഇടപാടിനായി മെയ് ആദ്യം ഓസ്‌ട്രേലിയയിലേക്ക് വന്നതാണ് ജര്‍മ്മന്‍ സ്വദേശി. ഇയാള്‍ ന്യൂ സൗത്ത് വെയില്‍സില്‍ നിന്നുള്ള 49 കാരനുമായി ഗുഢാലോചന നടത്തുകയും പുറംകടലില്‍ നിന്ന് മയക്കുമരുന്ന് കരയിലെത്തിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.

ഇതിനായി ഇരുവരും 240 കിലോമീറ്റര്‍ അകലെയുള്ള കറാത്തയിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്ത ശേഷം അവിടെ നിന്നും ഒരു ബോട്ട് വാടകയ്ക്ക് എടുത്തു. തുടര്‍ന്ന് പുറംകടലില്‍ നങ്കുരമിട്ടു കിടന്ന കപ്പലില്‍ നിന്ന് മയക്കുമരുന്ന് കൈപ്പറ്റി. കപ്പലിന് സമീപം സംശയാസ്പദമായ നിലയില്‍ ബോട്ട് കിടക്കുന്ന വിവരം കോസ്റ്റല്‍ പൊലീസാണ് ലോക്കല്‍ പൊലീസിന് കൈമാറിയത്.

തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് (എഎഫ്പി), ഡബ്ല്യുഎ പോലീസ്, ഓസ്ട്രേലിയന്‍ ക്രിമിനല്‍ ഇന്റലിജന്‍സ് കമ്മീഷന്‍, ഓസ്ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്സ് (എബിഎഫ്) എന്നിവയുടെ സംയുക്ത്വത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ചരക്ക് കപ്പല്‍ പോര്‍ട്ട് ഹെഡ്ലാന്‍ഡില്‍ ഡോക്ക് ചെയ്യാന്‍ നിര്‍ദ്ദേശിച്ചതായി എഎഫ്പി കമ്മീഷണര്‍ റീസ് കെര്‍ഷ പറഞ്ഞു. എഎഫ്പിയില്‍ നിന്നും ഡബ്ല്യുഎ പൊലീസില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ കപ്പലില്‍ പരിശോധന നടത്തി. മതിയായ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26