കുട്ടികളുടെ സ്വഭാവ സവിശേഷതകളെ മാതാപിതാക്കളില്‍ ഒരാളുമായി ബന്ധപ്പെടുത്താറാണ് പതിവ്. പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങുമ്പോഴോ, അതുമല്ലെങ്കില്‍ മത്സരങ്ങളില്‍ വിജയിക്കുമ്പോഴോ എല്ലാം അതിന്റെ ക്രെഡിറ്റ് എടുക്കാന്‍ അച്ഛനും അമ്മയും മത്സരിക്കാറുണ്ട്. പക്ഷെ കുട്ടികള്‍ക്ക് കിട്ടുന്നത് ആരുടെ ബുദ്ധിയാണ്, അമ്മയുടേയോ അതോ അച്ഛന്റെയോ? ഗവേഷകരുടെ അഭിപ്രായത്തില്‍ കുട്ടികള്‍ക്ക് ബുദ്ധിശക്തി പകര്‍ന്ന് കിട്ടുന്നത് അമ്മയില്‍ നിന്നാണെന്നാണ് വ്യക്തമാകുന്നത്.
എക്സ് ക്രോമസോമാണ് ബുദ്ധിശക്തിയെ വഹിക്കുന്നതെന്ന് ഒന്നിലധികം പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഈ ക്രോമസോമുകള്‍ രണ്ടെണ്ണമുണ്ട് (XX). എന്നാല്‍, പുരുഷന്മാര്‍ക്ക് ഒരെണ്ണമേ (XY) ഉള്ളൂ. അതുകൊണ്ട് തന്നെ തങ്ങളുടെ കുട്ടികള്‍ക്ക് ബുദ്ധിപരമായ ജീനുകള്‍ കൈമാറാനുള്ള കഴിവ് പിതാവിനേക്കാള്‍ മാതാവിന് കൂടുതലാണ്. മാത്രവുമല്ല, പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിക്കാവുന്ന ബുദ്ധിപരമായ ജീനുകള്‍ തനിയെ നിര്‍ജ്ജീവമായേക്കാം.
മക്കളുടെ ബുദ്ധിശക്തി അമ്മയുടെ ജീനുകളുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെ പിതാവിന് അതില്‍ കാര്യമായ പങ്കില്ലെന്നാണ് ഇതിനെ അനുകൂലിക്കുന്ന ഗവേഷകര്‍ പറയുന്നത്. വര്‍ഷങ്ങളായി ഈ സിദ്ധാന്തം തെളിയിക്കാന്‍ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. അതിലൊന്ന് ഗ്ലാസ്ഗോയിലെ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ സോഷ്യല്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് സയന്‍സസ് യൂണിറ്റ് നടത്തിയ ഒരു പഠനമാണ്. അതിലും കുട്ടികളുടെ ഐക്യു അമ്മമാരുടേതിന് സമാനമാണെന്ന് കണ്ടെത്തിയിരുന്നു. പഠനത്തിനായി തിരഞ്ഞെടുത്ത കുട്ടികളെ അവരുടെ 14 മുതല്‍ 22 വയസ് വരെയുള്ള കാലത്ത് എല്ലാ വര്‍ഷവും ഗവേഷകര്‍ അഭിമുഖം നടത്തി.
വിദ്യാഭ്യാസം, സാമൂഹിക-സാമ്പത്തിക നില തുടങ്ങിയ വിവിധ ഘടകങ്ങള്‍ അവര്‍ കണക്കിലെടുത്തു. ഒടുവില്‍ അമ്മമാരില്‍ നിന്നാണ് അവര്‍ക്ക് ബുദ്ധിശക്തി ലഭിച്ചതെന്ന അനുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു. മാത്രവുമല്ല അമ്മയും കുഞ്ഞും തമ്മിലുള്ള മാനസികമായ അടുപ്പവും ഇതില്‍ പ്രധാനമാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാ ശാസ്ത്രജ്ഞരും ഈ X ക്രോമസോം തത്വത്തെ അംഗീകരിക്കുന്നില്ല. അങ്ങനെ ക്രെഡിറ്റ് മുഴുവന്‍ അമ്മമാര്‍ കൊണ്ടു പോകേണ്ടെന്നാണ് അവര്‍ പറയുന്നത്. ജനിത കഘടന മാത്രമല്ല ഒരു കുട്ടിയുടെ ബുദ്ധിശക്തി നിര്‍ണ്ണയിക്കുന്നതെന്ന് മറ്റ് ഗവേഷകര്‍ ചൂണ്ടി കാട്ടുന്നു. കുഞ്ഞിന്റെ മാനസികവും, ബുദ്ധിപരവുമായ വളര്‍ച്ചയ്ക്ക് മാതാപിതാക്കളുടെ വൈകാരികമായ പിന്തുണ അനിവാര്യമാണെന്ന് അവര്‍ പറയുന്നു.
സൈക്കോളജി സ്‌പോട്ട് പറയുന്നതനുസരിച്ച് ബുദ്ധിയുടെ 40 മുതല്‍ 60 ശതമാനം വരെ പാരമ്പര്യമായി ലഭിച്ചേക്കാം. എന്നാല്‍ ബാക്കിയുള്ളത് നമ്മുടെ പരിസ്ഥിതിയില്‍ നിന്നാണ് ലഭിക്കുന്നത്. കുഞ്ഞുങ്ങളുടെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുന്നതിലും പുതിയ കഴിവുകള്‍ പഠിപ്പിക്കുന്നതിലും മാതാപിതാക്കള്‍ക്ക് തുല്യപങ്കുണ്ട്. കുട്ടികളുടെ വൈകാരികവും ബൗദ്ധികവുമായ വികാസത്തില്‍ ഓരോ രക്ഷിതാവും വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുവെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.