ഉപഗ്രഹങ്ങളെപ്പോലും തകര്‍ക്കുന്ന ലേസര്‍ ആയുധം പ്രയോഗിച്ച് റഷ്യ; ഉക്രെയ്ന്‍ ഡ്രോണുകള്‍ ലേസര്‍ ഉപയോഗിച്ച് നശിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍

ഉപഗ്രഹങ്ങളെപ്പോലും തകര്‍ക്കുന്ന ലേസര്‍ ആയുധം പ്രയോഗിച്ച് റഷ്യ; ഉക്രെയ്ന്‍ ഡ്രോണുകള്‍ ലേസര്‍ ഉപയോഗിച്ച് നശിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍

മോസ്‌കോ: അധിനിവേശം തുടരുമെന്ന സൂചനകള്‍ നല്‍കി, ഉക്രെയ്‌നെതിരെ ലേസര്‍ ആയുധ പ്രയോഗം നടത്തിയതിന്റെ തെളിവുമായി റഷ്യ. ഉപഗ്രഹങ്ങളെപ്പോലും തകര്‍ക്കാന്‍ ശേഷിയുള്ള റഷ്യയുടെ ലേസര്‍ ആയുധ ശേഖരത്തിലെ പ്രഹരശേഷി കുറഞ്ഞ ആയുധം ഉപയോഗിച്ച് ഉക്രെയ്‌ന്റെ ഡ്രോണുകള്‍ തകര്‍ത്തതായി ഒരു ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

അഞ്ചു കിലോമീറ്റര്‍ അകലെ പറന്നിരുന്ന ഡ്രോണ്‍ ആണ് ലേസര്‍ ആയുധ പരീക്ഷണത്തിലൂടെ റഷ്യ തകര്‍ത്തത്. ദൗത്യത്തിന് വെറും അഞ്ച് സെക്കന്‍ഡ് മാത്രമേ വേണ്ടിവന്നുള്ളു. അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ ഉക്രെയ്‌ന് കൈമാറിയ ആയുധങ്ങളെ ചെറുക്കാന്‍ റഷ്യ ചില രഹസ്യ ആയുധങ്ങള്‍ വിന്യസിച്ചതായി സൈനിക വികസനത്തിന്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രി യൂറി ബോറിസോവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ലേസര്‍ ആയുധം പ്രയോഗിച്ചതിന്റെ തെളിവുകള്‍ റഷ്യ പുറത്തുവിട്ടത്.



അരപ്പതിറ്റാണ്ട് മുന്‍പാണ് ലേസര്‍ ആയുധം റഷ്യയുടെ അയുധ ശേഖരത്തിന്റെ ഭാഗമായത്. പെരെസ്വെറ്റ് എന്ന് പേരിട്ടിരിക്കുന്ന ലേസര്‍ ആയുധത്തിന് ഭൂമിയില്‍ നിന്ന് 1,500 കിലോമീറ്റര്‍ വരെ ഉയരമുള്ള ഉപഗ്രഹങ്ങളെ നശിപ്പിക്കാന്‍ ശേഷിയുണ്ട്. ഇതിന്റെ പ്രഹരശേഷി കുറഞ്ഞ ലേസര്‍ ആയുധങ്ങള്‍ ഇതിനോടകം തന്നെ റഷ്യ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്.

സ്റ്റേറ്റ് ന്യൂക്ലിയര്‍ കോര്‍പ്പറേഷന്‍ വികസിപ്പിച്ച 'സാദിറ' എന്ന ശ്രണിയില്‍പ്പെട്ട ലേസര്‍ ആയുധമാണ് റഷ്യ ഉക്രെയ്‌നില്‍ പ്രയോഗിച്ചത്. പുതിയ തലമുറ ലേസര്‍ ആയുധങ്ങള്‍ പരമ്പരാഗത ആയുധങ്ങളേക്കാള്‍ വേഗത്തിലും കൃത്യതയിലും ഫലം നല്‍കുന്നതാണെന്ന് റഷ്യയുടെ ആണവായുധ ഗവേഷണ കേന്ദ്രമായ സരോവില്‍ നിന്ന് തിരിച്ചെത്തിയ ബോറിസോവ് പറഞ്ഞു.

എന്നാല്‍ ഉക്രെയ്ന്‍ ഡ്രോണുകള്‍ക്കു മേല്‍ ലേസര്‍ ആയുധ പ്രയോഗം നടത്തിയെന്ന റഷ്യയുടെ അവകാശവാദത്തോട് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ പ്രതികരണം പരിഹാസത്തോടെയുള്ളതായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ പരാജയം തടയുന്നതിന് നാസി ജര്‍മ്മനി പുറത്തിറക്കിയ അത്ഭുത ആയുധങ്ങള്‍ എന്ന കാല്പനിക സങ്കല്‍പ്പത്തോടാണ് സെലെന്‍സ്‌കി ഇതിനെ ഉപമിച്ചു.

യുദ്ധത്തില്‍ പരാജയപ്പെടുമെന്ന് വ്യക്തമായപ്പോള്‍ ഇല്ലാത്ത അത്ഭുത ആയുധത്തെക്കുറിച്ച് പ്രചാരണം നടത്തുകയാണ് റഷ്യയെന്ന് വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. 'പ്രത്യേക സൈനിക ഓപ്പറേഷന്‍' ആസൂത്രണം ചെയ്യുകയാണെന്ന് പറയുന്ന റഷ്യയുടെ ആയുധ ശേഷി എത്രത്തോളം ഉണ്ടെന്ന് തങ്ങള്‍ക്ക് ബോധ്യമുണ്ട്. അതിനെയൊക്കെ പ്രതിരോധിക്കാനുള്ള ആയുധ ശേഷി ഉക്രെയ്‌നുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.