മാര്‍ഡിന്‍: റോമാ സാമ്രാജ്യത്തിന്റെ കൊടീയ പിഢനങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ക്രിസ്ത്യാനികള്‍ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന വലിയ ഭൂഗര്‍ഭ നഗരം തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. തുര്‍ക്കി മാര്‍ഡിന്‍ പ്രവിശ്യയിലെ മിഡ്യാത്ത് ജില്ലയിലാണ് ഏകദേശം രണ്ടായിരം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഭൂഗര്‍ഭ അറ കണ്ടെത്തിയത്.
ആയിരത്തിലേറെ ആളുകള്‍ക്ക് താമസിക്കാന്‍ കഴിയുംവിധം സ്ഥലസൗകര്യമുള്ള ഇവിടെ ഒരു വലിയ ഭൂഗര്‍ഭ നഗരത്തിന് സമാനമായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നതായി ലഭ്യമായ ചരിത്രാവശിഷ്ടങ്ങളില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തി. ചുണ്ണാമ്പ് കല്ലില്‍ തീര്‍ത്ത ഗുഹാദ്വാരത്തില്‍ നിന്നാണ് ഈ വലിയ ഗുഹയിലേക്കുള്ള 'ഉള്ളറകള്‍' തുറന്നത്.
ഗുഹാദ്വാരത്തിന് പിന്നില്‍ നീണ്ടുകിടക്കുന്ന പാതയിലൂടെ മുന്നോട്ട് നടന്നാല്‍ നഗരസമാനമായ കാഴ്ച്ചകളുടെ ചരിത്രാവശിഷ്ടങ്ങള്‍ കാണാം. പ്രധാന വഴിയില്‍ നിന്ന് ശാഖകളായി പിരിഞ്ഞുപോകുന്ന ചെറുപാതകള്‍, കിണറുകള്‍, ആരാധനാലയങ്ങള്‍, ധാന്യ സംഭരണികള്‍, ക്രിസ്ത്യന്‍പള്ളി, നക്ഷത്രചിഹ്നമുള്ള വലിയ ഹാള്‍, 49 അറകള്‍... അങ്ങനെ നീളുന്നു ഗുഹയ്ക്കുള്ളിലെ കാഴ്ച്ചകള്‍.
റോമന്‍ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആദ്യകാല ക്രിസ്ത്യാനികള്‍ ഉപയോഗിച്ചിരുന്ന ഒരു സംരക്ഷിത ഇടമായിരുന്നിരിക്കാം ഇതെന്ന് മാര്‍ഡിന്‍ മ്യൂസിയത്തിന്റെ ഡയറക്ടറും ഖനനത്തിന്റെ തലവനുമായ ഗനി തര്‍ക്കന്‍ പറഞ്ഞു. ഇത്തരമൊരു ഗുഹ ഇവിടെ ഉണ്ടായിരുന്നതായുള്ള ഐതീഹ്യ കഥകള്‍ നാട്ടില്‍ പ്രചരിച്ചിരുന്നു. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഭൂഗര്‍ഭ അറ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കിമിട്ടതെന്നും ഗനി തര്‍ക്കന്‍ പറഞ്ഞു.
എഡി രണ്ടാം നൂറ്റാണ്ടുവരെ ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി അംഗീകരിച്ചിരുന്നില്ല. ഇക്കാലത്ത് റോം വിജാതീയരുടെ സ്വാധീനത്തിലായിരുന്നു. റോമാ ഭരണാധികാരികളുടെ കൊടിയ പീഢനങ്ങളാണ് അക്കാലത്ത് ക്രിസ്ത്യാനികള്‍ക്ക് നേരിട്ടുകൊണ്ടിരുന്നത്. ഇതില്‍ നിന്ന് രക്ഷനേടാന്‍ ഭൂഗര്‍ഭ അറകള്‍ പോലുള്ള രഹസ്യ കേന്ദ്രങ്ങളെ അവര്‍ ആശ്രയിച്ചു. അത്തരത്തിലൊരു ഭൂഗര്‍ഭ അറയാകാം ഇതെന്നും അദ്ദേഹം പറയുന്നു.
മാര്‍ഡിന്‍ പ്രവിശ്യയിലെ മിഡ്യാത്ത് ജില്ലയില്‍ ചരിത്രപരമായ തെരുവുകളും വീടുകളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ ഗവേഷണത്തിന്റെ ഭാഗമായി രണ്ട് വര്‍ഷം നീണ്ട ഖനനത്തിനൊടുവിലാണ് ഭൂഗര്‍ഭ അറ കണ്ടെത്തിയത്. ഖനനം ചെയ്യാന്‍ ഇനിയുമേറെ ഉണ്ടെന്നും ഇതുവരെ കണ്ടെത്തിയത് യഥാര്‍ഥ ഭൂഗര്‍ഭ നഗരത്തിന്റെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
10,000 ചതുരശ്ര മീറ്ററില്‍ മാത്രമേ ഇതുവരെ പര്യവേക്ഷണം നടത്തിയിട്ടുള്ളൂ. ഭൂഗര്‍ഭ നഗരത്തിന് ഏകദേശം നാല് ദശലക്ഷം ചതുരശ്ര അടി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 60,000 നും 70,000 നും ഇടയില്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്ര വലുതായിരിക്കും ഇതെന്നും അദ്ദേഹം കരുതുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.