'ഹൃദയമിടിപ്പിന് മുന്‍പും ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കാനാവില്ല'; ജീവന്റെ മഹത്വം വീണ്ടെടുക്കാന്‍ കര്‍ക്കശ നിയമവുമായി അമേരിക്കയിൽ മറ്റൊരു സംസ്ഥാനംകൂടി

'ഹൃദയമിടിപ്പിന്  മുന്‍പും ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കാനാവില്ല'; ജീവന്റെ മഹത്വം വീണ്ടെടുക്കാന്‍ കര്‍ക്കശ നിയമവുമായി അമേരിക്കയിൽ മറ്റൊരു സംസ്ഥാനംകൂടി

വാഷിംഗ്ടണ്‍: ഗര്‍ഭധാരണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ ഗര്‍ഭഛിദ്രം നിരോധിക്കുന്ന ബില്‍ പാസാക്കി യു.എസിലെ ഒക്‌ലഹോമ സംസ്ഥാനം. ലോകം മുഴുവനുമുള്ള പ്രോ-ലൈഫ് അനുകൂലികള്‍ ഏറെക്കാലമായി പ്രാര്‍ത്ഥനയോടെ കാത്തിരുന്ന, പ്രത്യാശ പകരുന്ന നീക്കമാണ് ഒക്‌ലഹോമ സംസ്ഥാനത്തുനിന്നുണ്ടായത്. ഗര്‍ഭഛിദ്ര നിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇതുവരെ നടപ്പാക്കിയതില്‍ വച്ച് ഏറ്റവും കര്‍ക്കശമായ വ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് തുടങ്ങിയാല്‍ പിന്നീട് ഗര്‍ഭച്ഛിദ്രം നിരോധിക്കുന്ന ബില്ലാണ് മറ്റു സംസ്ഥാനങ്ങള്‍ പാസാക്കിയിരിക്കുന്നത്. എന്നാല്‍ അതില്‍നിന്നു വ്യത്യസ്തമാവുകയാണ് ഒക്‌ലഹോമ. ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് കേട്ടുതുടങ്ങിയിട്ടില്ലെങ്കില്‍ പോലും ഗര്‍ഭഛിദ്രം അനുവദിക്കാനാവില്ലെന്നും ഇതു ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും ബില്ലില്‍ പറയുന്നു. മറ്റു രാജ്യങ്ങളിലും നടക്കുന്ന പ്രോ-ലൈഫ് മുന്നേറ്റങ്ങള്‍ക്ക് കരുത്തു പകരുന്നതാണ് അമേരിക്കന്‍ സംസ്ഥാനത്തിന്റെ ഈ നീക്കം.

ബീജസങ്കലനം നടന്നു കഴിഞ്ഞ് ഗര്‍ഭാശയത്തില്‍ ശിശു രൂപംകൊള്ളുന്ന ഘട്ടത്തിലാണെങ്കില്‍ പോലും ഗര്‍ഭച്ഛിദ്രം നടത്തുകയോ അതിനു സഹായിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ സാധാരണ പൗരന്മാരെയും അനുവദിക്കുന്നതാണ് ബില്‍.

മാതാവിന്റെ ജീവന്‍ അപകടത്തിലാകുന്ന സന്ദര്‍ങ്ങളിലും ബലാത്സംഗം, ലൈംഗികാതിക്രമം എന്നിവയുടെ ഫലമായുണ്ടായ ഗര്‍ഭധാരണത്തിനും നിയമത്തില്‍ ഇളവുണ്ട്.

രാജ്യവ്യാപകമായി ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ 1973-ലെ റോ വേഴ്സസ് വേഡ് വിധി അസാധുവാക്കാക്കാനുള്ള നീക്കങ്ങള്‍ സുപ്രീം കോടതി ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഒക്‌ലഹോമ സംസ്ഥാനത്തിന്റെ നീക്കം. ഗര്‍ഭഛിദ്രാനകൂലികള്‍ രാജ്യത്തെ കത്തോലിക്ക പള്ളികള്‍ക്കു നേരേ ഉള്‍പ്പെടെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ഗര്‍ഭഛിദ്ര നിരോധന നടപടികളുമായി മുന്നോട്ടു പോകുകയാണ് വിവിധ സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കന്‍ ഭരണകൂടങ്ങള്‍.

ഗര്‍ഭച്ഛിദ്രത്തെ നിരുത്സാഹപ്പെടുത്താനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് നിയമനിര്‍മാണം തടസമാകില്ലെന്നും ബില്‍ കൊണ്ടുന്ന ജനപ്രതിനിധി വെന്‍ഡി സ്റ്റിയര്‍മാന്‍ പറഞ്ഞു. 16-നെതിരേ 73 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.

ഒക്‌ലഹോമ ജനപ്രതിനിധി സഭയില്‍ പാസായ ബില്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റിന്റെ പരിഗണനയിലാണ്. ഗര്‍ഭഛിദ്രം നിരോധിക്കുന്ന നിയമനിര്‍മ്മാണത്തില്‍ ഒപ്പിടുമെന്ന് നേരത്തെതന്നെ ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നുറപ്പാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.