മെല്‍ബണ്‍: യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും യു.എസിനും പിന്നാലെ ഓസ്‌ട്രേലിയയിലും കുരങ്ങുപനി സ്ഥിരീകരിച്ചു. ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ എന്നീ സംസ്ഥാനങ്ങളിലാണ് ഓരോ കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തത്.
യൂറോപ്പില്‍നിന്ന് മടങ്ങിയെത്തിയ 40 വയസുകാരനായ ന്യൂ സൗത്ത് വെയില്‍സ് സ്വദേശിക്കാണ് കുരങ്ങുപനി ആദ്യമായി സ്ഥിരീകരിച്ചത്. ഇദ്ദേഹം വീട്ടില്‍ ഐസൊലേഷനിലാണെന്ന് ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.
അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജപ്പാന്‍ ജ്വരം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് കുരങ്ങുപനിയും സ്ഥിരീകരിച്ചത്.
ബ്രിട്ടണില്‍നിന്ന് കഴിഞ്ഞ 16-ന് മെല്‍ബണില്‍ തിരിച്ചെത്തിയ 30 വയസുകാരനിലും കുരങ്ങുപനി സ്ഥിരീകരിച്ചതായി വിക്ടോറിയന്‍ ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
രോഗം സ്ഥിരീകരിച്ച വ്യക്തി ബ്രിട്ടനില്‍ കുരങ്ങുപനി ബാധയുള്ള പ്രദേശം സന്ദര്‍ശിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. രോഗം ബാധിച്ചയാള്‍ മെല്‍ബണിലെ ആല്‍ഫ്രഡ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.
ഫ്‌ളൂവിന് സമാനമായ രോഗലക്ഷണങ്ങളാണ് കുരങ്ങുപനി ബാധിച്ചിട്ടുള്ളവരിലും കാണുകയെന്ന് വിക്ടോറിയന്‍ ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. പനി, തലവേദന, പേശീ വേദന എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ചര്‍മ്മത്തില്‍ തടിപ്പും ലിംഫ് ഗ്രന്ഥികളില്‍ വീക്കവും ഉണ്ടാകുന്നു.
ബ്രിട്ടന്‍, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, അമേരിക്ക, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ് കാനഡ എന്നീ രാജ്യങ്ങളില്‍ അടുത്തിടെ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പടിഞ്ഞാറന്‍, മധ്യ ആഫ്രിക്കയില്‍ മാത്രം കണ്ട് വന്നിരുന്ന ഈ രോഗം യൂറോപ്പിലേക്കും മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചത് വളരെ ഗൗരവമായി കണക്കിലെടുക്കേണ്ട വിഷയമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. വളരെ അപൂര്‍വമായി മാത്രമാണ് ഈ രോഗം ആഫ്രിക്കയ്ക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഇത് പെട്ടെന്നു പടരുന്ന വൈറസല്ലെന്ന് ന്യൂ സൗത്ത് വെയില്‍സ് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോ കെറി ചാന്റ് പറഞ്ഞു. സാധാരണ ഏതാനും ആഴ്ചകള്‍ക്കകം രോഗം ഭേദമാകാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചര്‍മ്മത്തിലെ മുറിവുകളിലോ, പഴുപ്പ് ഉള്‍പ്പെടെയുള്ള ശരീരദ്രവത്തിലോ സ്പര്‍ശിക്കുന്നത് വഴി രോഗം പടരാം. ദീര്‍ഘനേരമുള്ള മുഖാമുഖ സമ്പര്‍ക്കത്തിലൂടെയും വൈറസ് പടരുമെന്നും കെറി ചാന്റ് പറഞ്ഞു.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഏറ്റവും അടുത്ത ആശുപത്രിയില്‍ പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.