കെഎസ്ആര്‍ടിസിയില്‍ ശമ്പളം നാളെ മുതല്‍; 20 കോടി കൂടി സര്‍ക്കാര്‍ അനുവദിച്ചു

കെഎസ്ആര്‍ടിസിയില്‍ ശമ്പളം നാളെ മുതല്‍; 20 കോടി കൂടി സര്‍ക്കാര്‍ അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണത്തിന് 20 കോടി രൂപ കൂടി അനുവദിച്ചു ധനവകുപ്പ്. നേരത്തേ 30 കോടി നല്‍കിയിരുന്നു. ജീവനക്കാര്‍ക്കു നാളെ മുതല്‍ ശമ്പളം ലഭിച്ചു തുടങ്ങും. കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമാണ് ആദ്യം ശമ്പളം നല്‍കുക.

82 കോടി രൂപയാണ് ശമ്പളം നല്‍കാനായി വേണ്ടത്. 30 കോടി രൂപ ധനവകുപ്പ് ഈ മാസം ആദ്യം നല്‍കിയിരുന്നു. ഇതിനു പുറമേയാണ് 30 കോടിരൂപ കൂടി ഗതാഗതവകുപ്പ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് 20 കോടി കൂടി നല്‍കാന്‍ ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു. ശേഷിക്കുന്ന തുക കെഎസ്ആര്‍ടിസി കണ്ടെത്തും.

മാര്‍ച്ച് മാസത്തെ ശമ്പളം ഏപ്രില്‍ 19നാണ് വിതരണം ചെയ്തത്. 45 കോടി രൂപ ഓവര്‍ഡ്രാഫ്‌റ്റെടുത്താണ് കഴിഞ്ഞ മാസം ശമ്പള പ്രതിസന്ധി മറികടന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം വിതരണം ചെയ്യാമെന്ന് ശമ്പള പരിഷ്‌കരണ കരാര്‍ ഒപ്പിടുന്ന വേളയില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.

അതേസമയം തൊഴിലാളികള്‍ പണിമുടക്ക് നടത്തിയതുകൊണ്ടാണ് ശമ്പളം പത്താം തീയതി നല്‍കാന്‍ സാധിക്കാതിരുന്നതെന്ന നിലപാട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ആവര്‍ത്തിച്ചു. സിഐടിയുവുമായി പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡും ഇന്ധന വിലവര്‍ധനവും കൂടി വന്നപ്പോള്‍ കെഎസ്ആര്‍ടിസി പോലെയുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ താളം തെറ്റി. അതിന് പണിമുടക്ക് ഒരു പരിഹാരമല്ല. കൂട്ടായ ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാത്ത വിധത്തില്‍ എങ്ങനെ കൂടുതല്‍ ധന സമാഹരണം നടത്താമെന്നും ചെലവു കുറച്ച് അഞ്ചാം തീയതിക്കുള്ളില്‍ എങ്ങനെ ശമ്പളം കൊടുക്കാന്‍ സാധിക്കുമെന്നും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.