ലൂര്‍ദ്ദ്: യുദ്ധക്കെടുതികളുടെ നേര്‍സാക്ഷ്യമായ ഉക്രെയ്ന്‍ സൈനികര്‍ക്ക് കരുത്തും സാന്ത്വനവുമേകാന്‍ ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ നിന്ന് പ്രാര്‍ത്ഥനാ കിറ്റുകള്‍ യു.എസ് സേന അയച്ചു നല്‍കി. ലൂര്‍ദ്ദിലേക്കുള്ള വാര്‍ഷിക തീര്‍ത്ഥാടനത്തിന്റെ ഭാഗമായി യു.എസ് സേനയും ഉക്രെയ്ന്‍ സേനയും സംയുക്തമായി നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് ഉക്രെയ്ന്‍ സൈനികര്‍ക്ക് ചെറുത്ത് നില്‍പ്പിന്റെ സമ്മാനമായി 3000 പ്രാര്‍ത്ഥനാ കിറ്റുകള്‍ നല്‍കിയത്.
ജപമാല, ലൂര്‍ദ്ദ് മാതാവിന്റെ പ്രാര്‍ത്ഥനാ കാര്‍ഡ്, വിശുദ്ധ ജലം, മൈക്കല്‍ മക്ഗിവ്‌നിയുടെ പ്രാര്‍ത്ഥനാ കാര്‍ഡ് എന്നിവയാണ് കിറ്റിലുള്ളത്. യു.എസ് മിലിട്ടറി അതിരൂപതയുടെ തലവനായ ആര്‍ച്ച് ബിഷപ്പ് തിമോത്തി പി. ബ്രോഗ്ലിയോ കിറ്റുകള്‍ ആശീര്‍വദിച്ചു. തുടര്‍ന്ന് സൈനികര്‍ക്കായി ഇവ ഉക്രെയ്‌നിലേക്ക് അയച്ചു.
യുഎസിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും സൈനിക പദവികളില്‍ നിന്ന് വിരമിച്ചവരുമാണ് 'വാരിയേഴ്സ് ടു ലൂര്‍ദ്' എന്ന പേരില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന ലൂര്‍ദ് തീര്‍ത്ഥാടനത്തില്‍ പങ്കെടുക. റഷ്യ-ഉക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഇത്തവണ യുഎസ് സേനാംഗങ്ങള്‍ക്കൊപ്പം ഉക്രെയ്ന്‍ സൈനികരെയും ഉള്‍പ്പെടുത്തി.
ഉക്രേനിയന്‍ പ്രതിനിധി സംഘത്തില്‍ ആറ് സൈനികര്‍, യുദ്ധത്തില്‍ വീരമൃത്യു വരിച്ച നാല് സൈനികരുടെ അമ്മമാര്‍, രണ്ട് സൈനിക ഉദ്യോഗസ്ഥര്‍, രണ്ട് സൈനിക ചാപ്ലിന്‍മാര്‍, ഒരു സൈനിക ബിഷപ്പ് എന്നിവരാണ് ഉണ്ടായിരുന്നത്. മെയ് 10 മുതല്‍ 16 വരെ നടന്ന തീര്‍ത്ഥാടനത്തില്‍ 175 പേര്‍ പങ്കെടുത്തു. ലൂര്‍ദ് മാതാവിന്റെ ദേവാലയം സന്ദര്‍ശിച്ച സംഘം അവിടെ വിശുദ്ധ കൂര്‍ബാനയിലും പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്നു.
മുറിവേറ്റ വീര സൈനീകര്‍ക്ക് രോഗശാന്തിയിലേക്കും വീണ്ടെടുക്കലിലേക്കുമുള്ള അവരുടെ യാത്രകളില്‍ ആത്മീയ പിന്തുണ നല്‍കുകയാണ് തീര്‍ത്ഥാടന ലക്ഷ്യമെന്ന് റിട്ടയേര്‍ഡ് മറൈന്‍ കേണല്‍ ചാള്‍സ് എച്ച്. ഗലീന പറഞ്ഞു. 'സമാധാനം ഞാന്‍ നിങ്ങള്‍ക്ക് തരുന്നു' എന്നതായിരുന്നു തീര്‍ത്ഥടനത്തിന്റെ തീം.
യു.എസ് പ്രതിനിധി സംഘത്തെ യു.എസ് അതിരൂപതയും ഉക്രേനിയന്‍ പ്രതിനിധി സംഘത്തെ നൈറ്റ്‌സ് ഓഫ് കൊളംബസ് എന്ന സംഘടനയുമാണ് സ്പോണ്‍സര്‍ ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.