സിറോ മലബാര്‍ ആരാധനാക്രമം യുവജനങ്ങള്‍ക്ക് മനസിലാകുംവിധം എല്ലാ ഭാഷകളിലേക്കും തര്‍ജ്ജിമ ചെയ്യപ്പെടണം: ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍

സിറോ മലബാര്‍ ആരാധനാക്രമം യുവജനങ്ങള്‍ക്ക്  മനസിലാകുംവിധം എല്ലാ ഭാഷകളിലേക്കും തര്‍ജ്ജിമ ചെയ്യപ്പെടണം: ബിഷപ്പ്  മാര്‍ ബോസ്‌കോ പുത്തൂര്‍

പെര്‍ത്ത്: സിറോ മലബാര്‍ സഭയിലെ പുതു തലമുറയുടെ വിശ്വാസ പ്രഘോഷണവും പരിശീലനവും ആരാധനയും അവര്‍ക്കു മനസിലാകുന്ന ഭാഷയിലായിരിക്കണമെന്നും അത്തരത്തില്‍ വിവിധ ഭാഷകളിലേക്ക് ആരാധനാക്രമങ്ങള്‍ തര്‍ജ്ജിമ ചെയ്യപ്പെടേണ്ടതുണ്ടെന്നും മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍. മലയാള ഭാഷ അറിയാത്ത കുട്ടികളിലേക്ക് എങ്ങനെ സിറോ മലബാര്‍ ആരാധനാക്രമങ്ങള്‍ പകര്‍ന്നു നല്‍കുമെന്ന ചോദ്യത്തിന് ഉത്തരമായാണ് ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സിന്യൂസ് ലൈവ് അഡൈ്വസറി എഡിറ്റര്‍ പ്രകാശ് ജോസഫ്, സിന്യൂസ് ലൈവ് എക്‌സിക്യൂട്ടീവ് ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ (ഓസ്‌ട്രേലിയ) ലൈസാ മാത്യൂ എന്നിവര്‍ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മാര്‍ ബോസ്‌കോ പുത്തൂര്‍ പ്രവാസി സമൂഹത്തില്‍ വിശ്വാസപരമായി ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങള്‍ പങ്കുവച്ചത്.


ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍

ബൈബിള്‍ ആദ്യം അരമായ ഭാഷയില്‍ മാത്രമാണുണ്ടായിരുന്നത്. പിന്നീട് എല്ലാ ലോകഭാഷകളിലേക്കും തര്‍ജ്ജിമ ചെയ്യപ്പെട്ടു. കത്തോലിക്ക സഭയുടെ ആരാധനാക്രമവും ആദ്യം അരമായ (സുറിയാനി) ഭാഷയില്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ഗ്രീക്ക് ഭാഷയിലും ലത്തീന്‍ ഭാഷയിലും ആരാധനാക്രമം വികസിച്ചു. ഓരോ കാലഘട്ടത്തിലും വിശ്വാസ സമൂഹത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് സംഭവിക്കുന്ന കാര്യങ്ങളാണിത്. കേരളം എന്ന ഇട്ടാവട്ടത്തില്‍നിന്ന് സിറോ മലബാര്‍ വിശ്വാസ സമൂഹം ലോകം മുഴുവന്‍ വളരുന്നതിന് അനുസരിച്ച് എല്ലാ ഭാഷകളിലേക്കും ആരാധനാക്രമം തര്‍ജ്ജിമ ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകും. ഇന്ന് വിവിധ ഇന്ത്യന്‍ ഭാഷകളിലും ഇറ്റാലിയന്‍, ഇംഗ്ലീഷ് എന്നീ വിദേശ ഭാഷകളിലും സിറോ മലബാര്‍ കുര്‍ബാന ചൊല്ലുന്നു. യുവജനങ്ങള്‍ക്ക് മനസിലാകുന്ന ഭാഷ ഏതാണോ ആ ഭാഷയിലായിരിക്കണം അവരുടെ വിശ്വാസ പ്രഘോഷണം.


പെര്‍ത്ത് സെന്റ് ജോസഫ്‌ സിറോ മലബാര്‍ പള്ളിയുടെ കൂദാശ വേളയില്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍. സമീപം പെര്‍ത്ത് അതിരൂപതയുടെ സഹായമെത്രാന്‍ ബിഷപ്പ് ഡൊണാള്‍ഡ് സ്‌പ്രോക്സ്റ്റണ്‍

മലയാളത്തിന് തനിമയാര്‍ന്ന പ്രസ്‌ക്തിയുണ്ട്. പുതു തലമുറയ്ക്ക് ഓസ്‌ട്രേലിയയില്‍ മലയാളം പഠിക്കാനുള്ള അവസരം സൃഷ്ടിക്കേണ്ടതുണ്ട്. മറ്റു വിദേശ രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായി ഓസ്‌ട്രേലിയയില്‍ ഇതര ഭാഷകള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്നും പിതാവ് വിലയിരുത്തി. മെല്‍ബണില്‍ മലയാളം ക്ലാസുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടും അതു പ്രയോജനപ്പെടുത്താന്‍ മാതാപിതാക്കള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്നും മാര്‍ ബോസ്‌കോ പുത്തൂര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെയും ഓസ്‌ട്രേലിയയിലെയും വിശ്വാസ സമൂഹങ്ങള്‍ തമ്മിലുള്ള വ്യത്യാസം?

പല കാര്യങ്ങളിലും സാമ്യമുണ്ടെങ്കിലും വ്യത്യാസങ്ങളുമുണ്ട്. ഇരു രാജ്യങ്ങളിലെയും സാമൂഹികാന്തരീക്ഷം വ്യത്യസ്തമാണ്. കേരളത്തിലുള്ളത് മതാത്മകമായ അന്തരീക്ഷമാണ്. ഓസ്‌ട്രേലിയയിലേത് മതനിരപേക്ഷമായ സംസ്‌കാരവും. അതുകൊണ്ടു തന്നെ ഇവിടേക്കു കുടിയേറിയ വിശ്വാസ സമൂഹത്തിന് അവരുടെ വിശ്വാസത്തില്‍ ജീവിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. കുടുംബാന്തരീക്ഷത്തിലും വ്യത്യാസമുണ്ട്. കേരളത്തിലെ കുടുംബങ്ങളില്‍ തലമുറകള്‍ തമ്മിലുള്ള ബന്ധം ശക്തമാണ്. മുതിര്‍ന്നവരുടെ സാന്നിധ്യം കൊച്ചുമക്കള്‍ക്ക് വലിയ ശക്തിയാണ്.

മുതിര്‍ന്നവരുടെ കുറവ് ഓസ്‌ട്രേലിയയിലെ കുടുംബങ്ങളെ നിഷേധാത്മകമായി ബാധിക്കുന്നുണ്ട്. കുടിയേറ്റം എന്നത് ജനിച്ചുവളര്‍ന്ന സാഹചര്യങ്ങളില്‍നിന്നുള്ള പറിച്ചുനടലാണ്. അതുണ്ടാക്കുന്ന ആകുലതകളും നഷ്ടപ്പെടലുകളും മുറിവുകളും അനുഭവിക്കുന്നവരാണ് ഓസ്‌ട്രേലിയന്‍ സമൂഹം. ഏറെയും ചെറുപ്പക്കാരാണ് ഇവിടെയുള്ളത്. ഓസ്‌ട്രേലിയയില്‍ സിറോ മലബാര്‍ സഭാ വിശ്വാസികളില്‍ അന്‍പതു ശതമാനത്തില്‍ കൂടുതല്‍ 18 വയസിനു താഴെയുള്ളവരാണ്. അവര്‍ക്കുണ്ടാകുന്ന സാംസ്‌കാരികവും വിശ്വാസപരവുമായ വെല്ലുവിളികള്‍ മാതാപിതാക്കളോട് ആരോഗ്യപരമായി സംവദിക്കാനുള്ള സമയവും സാഹചര്യവും ലഭിക്കുന്നില്ല.

ഞായറാഴ്ച്ചകളില്‍ കുട്ടികളെ കുര്‍ബാനയ്‌ക്കെത്തിക്കാന്‍ സാധിക്കാതെ പോകുക, ആത്മീയ കാര്യങ്ങള്‍ക്ക് സമയം കിട്ടാതിരിക്കുക, മതബോധനത്തിന് വിടാതിരിക്കുക എന്നതൊക്കെ നിഷേധാത്മായി ബാധിക്കുന്ന അപകടകരമായ സാഹചര്യങ്ങളാണെന്നും പിതാവ് ഓര്‍മിപ്പിച്ചു.

മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയുടെ ആരംഭത്തില്‍ നേരിട്ട വെല്ലുവിളികള്‍?

2013-ഡിസംബര്‍ 23-നാണ് ഫ്രാന്‍സിസ് പാപ്പ മെല്‍ബണ്‍ ആസ്ഥാനമായി സീറോ-മലബാര്‍ രൂപത ഔദ്യോഗികമായി സ്ഥാപിച്ചത്. 2014 മാര്‍ച്ച് 25-നായിരുന്നു രൂപത ഉദ്ഘാടനം ചെയ്യപ്പെടുന്നതും ഞാന്‍ രൂപതാധ്യക്ഷനായി സ്ഥാനമേല്‍ക്കുന്നതും.

ഓസ്‌ട്രേലിയയിലേക്കു കുടിയേറിപ്പാര്‍ത്ത സിറോ മലബാര്‍ വിശ്വാസ സമൂഹത്തെ ഈശോയുടെ അജഗണമായി വളര്‍ത്തുക എന്ന ദൗത്യമാണ് ഒരു മെത്രാനായ ഞാന്‍ ഏറ്റുവാങ്ങിയത്. ഒരു പ്രവാസി സമൂഹത്തിലുണ്ടാകുന്ന ആകുലതകള്‍ അനുഭവിക്കുന്ന ദൈവജനത്തോടൊപ്പം വിശ്വാസത്തില്‍ യാത്ര ചെയ്യുക, കുഞ്ഞുമക്കള്‍ക്ക് വിശ്വാസ പരിശീലനത്തിന് ഉപകരിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുക, ഇടവക സമൂഹത്തെ രൂപീകരിക്കുക, കുടുംബ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തുക... ഇതൊക്കെയായിരുന്നു സഭ എന്നെ ഏല്‍പിച്ച ദൗത്യങ്ങള്‍.

വൈദികരുടെയും ഇടവകകളുടെ നേതൃസ്ഥാനത്തിരിക്കുന്നവരുടെയും പിന്തുണയോടെ ഒരു പരിധിവരെ ഈ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിച്ചു. ഇനിയും ഏറെ മുന്നേറാനുണ്ട്. ഓസ്‌ട്രേലിയയില്‍ വിശ്വാസ സമൂഹം വളരുന്നുവെന്നതിന്റെ തെളിവാണ് പെര്‍ത്തിലെ പുതിയ സിറോ മലബാര്‍ ദേവാലയം. കോവിഡ് പ്രതിസന്ധിക്കിടയിലും പള്ളി നിര്‍മാണം പൂര്‍ത്തിയാക്കാനും മേയ് ഒന്നിന് യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനത്തില്‍തന്നെ ആ നാമഥേയത്തിലുള്ള പള്ളി കൂദാശ ചെയ്യാനും സാധിച്ചു എന്നത് വലിയ ദൈവാനുഗ്രഹമായി കരുതുന്നു.

2014-ല്‍ ഞാന്‍ ഓസ്‌ട്രേലിയയില്‍ വരുമ്പോള്‍ ഇടവക സമൂഹം രൂപീകരിച്ചിട്ടില്ല. നാലു വൈദികരാണ് ആകെയുണ്ടായിരുന്നത്. ഇന്ത്യയേക്കാള്‍ രണ്ടരയിരട്ടി വിസ്തൃതിയുള്ള ഭൂപ്രദേശത്ത് ചിതറിക്കിടക്കുന്ന വിശ്വാസികളെ കൂട്ടിയിണക്കിക്കൊണ്ടു പോകുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു.

ഇടവക സമൂഹങ്ങളെ വളര്‍ത്തിയെടുക്കാനും ആത്മീയമായും ഭൗതികമായും സ്വയം പര്യാപ്തതയിലേക്കു നയിക്കാനും ഏറെ പരിശ്രമം വേണ്ടിവന്നു. ഭൂമിശാസ്ത്രപരമായ അകലമായിരുന്നു രൂപത നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. നഗരങ്ങളില്‍ മാത്രമല്ല പ്രാദേശിക മേഖലകളിലും ഏറെ സിറോ മലബാര്‍ വിശ്വാസികളുണ്ട്. അവരിലേക്ക് ആത്മീയ ശുശ്രൂഷ എത്തിച്ചുകൊടുക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. അതാണ് എന്നെ ഏറെ വേദനിപ്പിക്കുന്നത് - ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ പറഞ്ഞു.

ഒരു വൈദികന് ഓസ്‌ട്രേലിയയില്‍ എത്തിച്ചേരാന്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഐ.ഇ.എല്‍.റ്റി.എസ്. പാസാകുന്നത് ഉള്‍പ്പെടെ. എന്നാല്‍ ഇന്ന് ഓസ്‌ട്രേലിയയില്‍ രൂപതയ്ക്കു സ്വന്തമായി 36 വൈദികരുണ്ട്. ഇനിയും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വൈദികരെ ആവശ്യമുണ്ട്. ദൈവാനുഗ്രഹത്താല്‍ ഇടവകകളിലേക്ക് വിശ്വാസികളെ ഒരുമിച്ചുകൊണ്ടുവരാനും ഞായറാഴ്ച്ചയെങ്കിലും ദിവ്യബലി അര്‍പ്പിക്കാനും കുട്ടികള്‍ക്ക് വിശ്വാസ പരിശീലനം നല്‍കാനും കുടുംബ കൂട്ടായ്മകള്‍ വളര്‍ത്തിക്കൊണ്ടു വരാനും കഴിഞ്ഞത് വലിയ സന്തോഷം നല്‍കുന്നതായും മാര്‍ ബോസ്‌കോ പുത്തൂര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.