ജപ്പാനിലെ ക്വാഡ് യോഗത്തില്‍ പങ്കെടുക്കണം; ഓസ്‌ട്രേലിയയില്‍ ആല്‍ബനീസി സര്‍ക്കാര്‍ നേരത്തെ അധികാരമേറ്റു

ജപ്പാനിലെ ക്വാഡ് യോഗത്തില്‍ പങ്കെടുക്കണം; ഓസ്‌ട്രേലിയയില്‍ ആല്‍ബനീസി സര്‍ക്കാര്‍ നേരത്തെ അധികാരമേറ്റു

സിഡ്‌നി: ആര്‍ഭാടങ്ങളില്ലാതെ, ഔപചാരികതയുടെ സമ്മര്‍ദമില്ലാതെ, ലളിത സുന്ദരമായ ചടങ്ങില്‍ ഓസ്‌ട്രേലിയയുടെ 31-മത് പ്രധാനമന്ത്രയായി ആന്റണി ആല്‍ബനീസി (59) സത്യപ്രതിജ്ഞ ചെയ്തു. നാലാമത് ക്വാഡ് യോഗത്തിനായി ജപ്പാനിലേക്ക് പോകേണ്ടതിനാലാണ് തിങ്കളാഴ്ച രാവിലെ തന്നെ അല്‍ബനീസി സര്‍ക്കാര്‍ അധികാരമേറ്റത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായാണ് ആദ്യ കൂടിക്കാഴ്ച്ച. പ്രധാനമന്ത്രിക്കൊപ്പം നാലു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിലാണ് അല്‍ബനീസിയുടെ ലേബര്‍ പാര്‍ട്ടി മുന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ നേതൃത്വം നല്‍കിയ ലിബറല്‍ പാര്‍ട്ടിയെ പരാജയപ്പെടുത്തിയത്.

കാന്‍ബറയിലെ ഗവണ്‍മെന്റ് ഹൗസില്‍ ഗവര്‍ണര്‍ ജനറല്‍ പീറ്റര്‍ കോസ്‌ഗ്രോവാണ് പുതിയ പ്രധാനമന്ത്രി ആന്തണി അല്‍ബനീസിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആര്‍ഭാടങ്ങളില്ലാതെ തീര്‍ത്തും ലളിതമായിട്ടായിരുന്നു ചടങ്ങുകള്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് കോടികള്‍ വാരിയെറിയുമ്പോഴാണ് പുതിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാതൃകയാകുന്നത്.

ഉപപ്രധാനമന്ത്രിയായും തൊഴില്‍ മന്ത്രിയുമായും റിച്ചാര്‍ഡ് മാര്‍ലെസ്, വിദേശകാര്യമന്ത്രിയായി പെന്നി വോങ്, ട്രഷററായി ജിം ചാള്‍മേഴ്‌സ്, ധനമന്ത്രിയായി കേറ്റ ഗാലഗര്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

തുടര്‍ന്ന് പ്രധാനമന്ത്രി വിദേശകാര്യമന്ത്രി പെന്നി വോങ്ങിനൊപ്പം ക്വാഡ് യോഗത്തിനായി ടോക്കിയോയിലേക്കു തിരിച്ചു. മലേഷ്യയില്‍ ജനിച്ച പെന്നി വോങ് ഓസ്ട്രേലിയന്‍ കാബിനറ്റ് പദവിയിലെത്തുന്ന ആദ്യ ഏഷ്യന്‍ വംശജയാണ്. സ്‌കോട്ട് മോറിസണ്‍ സര്‍ക്കാരിന്റെ കാലത്ത് മുറിഞ്ഞുപോയ ചൈനീസ് ബന്ധം വീണ്ടെടുക്കാന്‍ പെന്നി വോങ്ങിനു കഴിയുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.

ക്വാഡ് യോഗം കണക്കിലെടുത്ത് തിരക്കിട്ട് സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും പൂര്‍ണ മന്ത്രിസഭ അടുത്തയാഴ്ച മാത്രമേ രൂപീകരിക്കൂ. അടുത്ത ചൊവ്വാഴ്ച ലേബര്‍ പാര്‍ട്ടി യോഗം ചേര്‍ന്ന് മന്ത്രിമാരെ തെരഞ്ഞെടുക്കുമെന്നും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


'ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ ആളുകളെ ഒരുമിപ്പിക്കാനും ഓസ്ട്രേലിയന്‍ ജനതയെപ്പോലെ ധൈര്യവും കഠിനാധ്വാനവും കരുതലുമുള്ള ഒരു സര്‍ക്കാരിനെ നയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നുമുതല്‍ ആരംഭിക്കുമെന്നും സത്യപ്രതിജ്ഞയ്ക്കു ശേഷം ആല്‍ബനീസി ട്വിറ്ററിലൂടെ അറിയിച്ചു.

തനിക്ക് വോട്ട് രേഖപ്പെടുത്തിയവര്‍ക്ക് നന്ദി അറിയിച്ച്, തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ അദ്ദേഹം രംഗത്തെത്തിയിരുന്നു. മാറ്റത്തിനായാണ് ഓസ്ട്രേലിയന്‍ ജനത വോട്ട് ചെയ്തെന്നായിരുന്നു വിജയത്തിന് ശേഷം ആല്‍ബനീസിയുടെ പ്രതികരണം.

27 ലക്ഷം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീരാന്‍ സമയമെടുക്കുമെന്നതിനാലാണ് ഫലപ്രഖ്യാപനം നീളുന്നത്. കോവിഡ് മൂലം ഒട്ടേറെ പേരാണു പോസ്റ്റല്‍ വോട്ടിലേക്കു തിരിഞ്ഞത്. 151 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് 76 സീറ്റ് വേണം. തിങ്കളാഴ്ച രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലേബറിന് 75 സീറ്റുകളിലാണ് മുന്‍തൂക്കം. ലിബറല്‍ സഖ്യത്തിന് 51. സ്വതന്ത്രരരും ഗ്രീന്‍സും 14 സീറ്റുകള്‍ നേടി. 14 സീറ്റുകളിലെ ഫലം കൂടി വരാനുണ്ട്.

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവ മുഖ്യവിഷയമാക്കിയ ഗ്രീന്‍സ് പാര്‍ട്ടിയും സ്വതന്ത്രരും നടത്തിയ മുന്നേറ്റമാണു ഒരു ദശകത്തോളം നീണ്ട ലിബറല്‍ പാര്‍ട്ടിയുടെ ഭരണത്തിന് അന്ത്യം കുറിച്ചത്.

കാലാവസ്ഥാ നയത്തില്‍ മാറ്റംവരുത്തി രാജ്യത്തെ പുതിയ ദിശയിലൂടെ നയിക്കുമെന്ന് ആന്റണി ആല്‍ബനീസ് വ്യക്തമാക്കിയിരുന്നു. പുനരുപയോഗ ഊര്‍ജ സ്രോതസുകളുടെ വികസനത്തില്‍ വന്‍ ശക്തിയാകാന്‍ ഓസ്ട്രേലിയക്ക് കഴിയും. കാലാവസ്ഥാ വ്യതിയാനത്തിലെടുക്കുന്ന കൃത്യമായ നടപടി തൊഴിലവസരങ്ങള്‍ക്കും സമ്പദ്വ്യവസ്ഥയ്ക്കും ഗുണകരമാകും. സാമൂഹിക സുരക്ഷയ്ക്കും വേതന വര്‍ധനയ്ക്കും പ്രാധാന്യം നല്‍കുമെന്നും ആല്‍ബനീസി പറഞ്ഞു.

യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അല്‍ബനീസിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സ്‌കോട്ട് മോറിസണ്‍ ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനം രാജിവച്ചു. മുന്‍ പ്രതിരോധമന്ത്രി പീറ്റര്‍ ഡട്ടണ്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്കു വരുമെന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.