തിരുവനന്തപുരം: ഒറ്റ രാത്രി കൊണ്ട് ലക്ഷപ്രഭുവായ ജസീന്തയെ പക്ഷാഘാതം തളര്‍ത്തിയത് രണ്ടു തവണയാണ്. എന്നെങ്കിലും ഒരിക്കല്‍ ഭാഗ്യം കടാക്ഷിക്കുമെന്ന പ്രതീക്ഷയില്‍ തളര്‍ന്നു വീണിട്ടും ഭാഗ്യക്കുറി വിറ്റ് ജീവിതം തള്ളിനീക്കിയ ജസീന്തയെ ഒടുവില്‍ ഭാഗ്യദേവത കടാക്ഷിച്ചു.
വലതുവശം തളര്‍ന്ന് കിടപ്പായിപ്പോകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ നടന്നു തുടങ്ങിയ ജസീന്ത രാത്രിയെ പകലാക്കിയാണ് ലോട്ടറി വില്‍പന നടത്തിയത്. തിരുവനന്തപുരം വലിയതുറ സ്വദേശി ജസീന്ത ഈമാസം 15നും 18നും ഇടയില്‍ വിമാനത്താവളത്തില്‍ വിറ്റ ടിക്കറ്റിനാണ് വിഷു ബമ്പറായ 10കോടി അടിച്ചത്. നികുതി കഴിച്ച് 90ലക്ഷം രൂപയാണ് ഏജന്‍സി കമ്മിഷന്‍.
പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററില്‍ നിന്നാണ് ജസീന്തയും ഭര്‍ത്താവ് രംഗനും ടിക്കറ്റ് വാങ്ങിയത്. അവര്‍ക്കുള്ള കമ്മിഷന്‍ കഴിച്ച് 85 ലക്ഷത്തോളം രൂപ കൈയിലെത്തും. എച്ച് ബി 727990എന്ന ടിക്കറ്റിനാണ് ബമ്പറടിച്ചത്. അവകാശി ഇതുവരെ എത്തിയിട്ടില്ല.
രാത്രി 12.30ന് എഴുന്നേറ്റ് കാപ്പിയും കുടിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന ജസീന്തയും രംഗനും രാവിലെ 6.30വരെ ടിക്കറ്റ് വില്‍ക്കും. ഈ സമയത്താണ് കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നത്.
ജന്മനാ വലതുകൈക്ക് സ്വാധീനക്കുറവുള്ള രംഗന്‍ ഡ്രൈവറായിരുന്നു. ജസീന്തയ്ക്ക് കോര്‍പ്പറേഷനു കീഴില്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ജോലിയും. ഏഴു വര്‍ഷം മുമ്പ് ജസീന്ത ജോലിക്കിടെ കുഴഞ്ഞു വീണു. ജനറല്‍ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സ്‌ട്രോക്കാണെന്ന് അറിഞ്ഞത്. ഒരുവശം തളര്‍ന്നു പോകാനുള്ള സാധ്യതകളെ അതിജീവിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീട്ടിലെത്തി. തുടര്‍ന്നാണ് ശഖുംമുഖം ഭാഗത്ത് ലോട്ടറി വില്‍പന തുടങ്ങിയത്.
അവിടെ വില്‍പന കുറവായതോടെ വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. അതിനിടെ പ്രമേഹം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വീണ്ടും സ്‌ട്രോക്ക് ബാധിച്ച് വീണു. ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്കു ശേഷം വീണ്ടും ജീവിതത്തിലേക്ക്. 10 ലക്ഷത്തോളം രൂപ ചികിത്സയ്ക്കും മറ്റുമായി കടം വാങ്ങിയിട്ടുണ്ട്. അത് തീര്‍ക്കണം.
ഡ്രൈവറായ മകന്‍ മനുവിന് ഓട്ടോ വാങ്ങി നല്‍കണം. മകള്‍ മഞ്ജുവിന്റെ ഭര്‍ത്താവിന് എല്ലുപൊടിയുന്ന അസുഖമായതിനാല്‍ അവരുടെ ജീവിതം സുരക്ഷിതമാക്കണം. നാല് കൊച്ചുമക്കള്‍ക്കായും എന്തെങ്കിലും നീക്കിവയ്ക്കണം. ജസീന്തയുടെയും രംഗന്റെയും ആഗ്രഹങ്ങള്‍ ഇങ്ങനെ നീളുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.