ടോക്കിയോ: അധികാരമേറ്റെടുത്ത് ആദ്യ ദിവസത്തെ ഔദ്യോഗിക തിരക്കുകള്‍ക്ക് ശേഷം ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി ആന്റണി അല്‍ബനീസി നാലാമത് ക്വാഡ് യോഗത്തില്‍ പങ്കെടുക്കുന്നതിനായി ജപ്പാനിലെത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളുടെ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തി. കാലാവസ്ഥാ വ്യതിയാനം മറികടക്കുന്നതില്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അദ്ദേഹം യോഗത്തില്‍ പ്രസംഗിച്ചു.
ഓസ്‌ട്രേലിയയ്ക്കു പുറമേ ഇന്ത്യ, അമേരിക്ക, ജപ്പാന്‍ എന്നീ നാല് രാജ്യങ്ങളാണ് ക്വാഡ് സഖ്യത്തിലുള്ളത്. സമുദ്രാതിര്‍ത്തിയിലെ ചൈനീസ് കപ്പലുകളുടെ അനധികൃത മീന്‍പിടിത്തം നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായുള്ള പുതിയ പദ്ധതി യോഗത്തില്‍ അവതരിപ്പിച്ചു. ചൈനയുടെ വര്‍ധിച്ചുവരുന്ന സൈനിക ആക്രമണം, റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം, കാലാവസ്ഥാ വ്യതിയാനം, പകര്‍ച്ചവ്യാധി പ്രതിരോധം തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടന്നു.
യോഗത്തില്‍ നരേന്ദ്ര മോഡി, യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായി അല്‍ബനീസി പ്രത്യേകം കൂടിക്കാഴ്ച്ച നടത്തി. വിദേശകാര്യ മന്ത്രി പെന്നി വോംഗും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ആര്‍ഭാടങ്ങളില്ലാതെ ലളിതമായ ചടങ്ങിലായിരുന്നു അല്‍ബനീസിന്റെ സത്യപ്രതിജ്ഞ. ഉപപ്രധാനമന്ത്രിയായും തൊഴില്‍ മന്ത്രിയുമായും റിച്ചാര്‍ഡ് മാര്‍ലെസ്, വിദേശകാര്യമന്ത്രിയായി പെന്നി വോങ്, ട്രഷററായി ജിം ചാള്‍മേഴ്സ്, ധനമന്ത്രിയായി കേറ്റ ഗാലഗര്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ജപ്പാനില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം മന്ത്രിസഭാ വിപുലീകരണം ഉണ്ടാകും.
പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ ദിനം ലോകരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണ് അല്‍ബനീസി വിനിയോഗിച്ചത്. ജപ്പാനിലേക്കുള്ള വിമാനയാത്രാ മധ്യേ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ഫോണ്‍ സംഭാഷണം നടത്തി. അക്കുസ് കരാറിനെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം മൂലം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ലിബറല്‍ പാര്‍ട്ടിയുടെ സ്‌കോട്ട് മോറിസണിനെ പരാജയപ്പെടുത്തിയാണ് അല്‍ബനീസിയുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവ മുഖ്യവിഷയമാക്കിയ ഗ്രീന്‍സ് പാര്‍ട്ടിയും സ്വതന്ത്രരും നടത്തിയ മുന്നേറ്റമാണു ഒരു ദശകത്തോളം നീണ്ട ലിബറല്‍ പാര്‍ട്ടിയുടെ ഭരണത്തിന് അന്ത്യം കുറിച്ചത്.
കാലാവസ്ഥാ നയത്തില്‍ മാറ്റംവരുത്തി രാജ്യത്തെ പുതിയ ദിശയിലൂടെ നയിക്കുമെന്ന് ആന്റണി അല്‍ബനീസി വ്യക്തമാക്കിയിരുന്നു. പുനരുപയോഗ ഊര്‍ജ സ്രോതസുകളുടെ വികസനത്തില്‍ വന്‍ ശക്തിയാകാന്‍ ഓസ്‌ട്രേലിയക്ക് കഴിയും. കാലാവസ്ഥാ വ്യതിയാനത്തിലെടുക്കുന്ന കൃത്യമായ നടപടി തൊഴിലവസരങ്ങള്‍ക്കും സമ്പദ് വ്യവസ്ഥയ്ക്കും ഗുണകരമാകും. സാമൂഹിക സുരക്ഷയ്ക്കും വേതന വര്‍ധനയ്ക്കും പ്രാധാന്യം നല്‍കുമെന്നും ആല്‍ബനീസി പറഞ്ഞു.
യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അല്‍ബനീസിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സ്‌കോട്ട് മോറിസണ്‍ ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനം രാജിവച്ചു. മുന്‍ പ്രതിരോധമന്ത്രി പീറ്റര്‍ ഡട്ടണ്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്കു വരുമെന്നാണ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.