ദേവാലയത്തില്‍ ആക്രമണം: അമ്മയോടൊപ്പം കുര്‍ബാനയില്‍ പങ്കെടുത്തിരുന്ന മൂന്നു വയസുകാരന്‍ കൊല്ലപ്പെട്ടു

ദേവാലയത്തില്‍ ആക്രമണം: അമ്മയോടൊപ്പം കുര്‍ബാനയില്‍ പങ്കെടുത്തിരുന്ന മൂന്നു വയസുകാരന്‍ കൊല്ലപ്പെട്ടു

മെക്‌സിക്കോ സിറ്റി: വടക്കേ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയില്‍ ദേവാലയത്തിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു വയസുകാരന് ദാരുണാന്ത്യം. അമ്മയ്‌ക്കൊപ്പം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന കാലെബ് ആണ് വെടിയേറ്റു മരിച്ചത്. മെക്സിക്കന്‍ സംസ്ഥാനമായ സകാറ്റെകാസിലെ ഫ്രെസ്നില്ലോ എന്ന പ്രദേശത്താണു സംഭവമുണ്ടായത്. ഔര്‍ലേഡി ഓഫ് ഗ്വാഡെലൂപ്പെ പള്ളിയിലേക്ക് അതിക്രമിച്ചു കയറിയ അക്രമിസംഘം വെടിയുതിര്‍ത്തപ്പോഴാണ് കാലെബിന് ജീവന്‍ നഷ്ടമായത്.

പള്ളിക്കുള്ളിലേക്ക് ഓടിക്കയറിയ ഒരു ചെറുപ്പക്കാരനെ പിന്തുടര്‍ന്ന് എത്തിയതായിരുന്നു ആയുധധാരികളായ രണ്ടുപേര്‍. അതിനിടയിലാണ് വെടിവയ്പ്പുണ്ടായത്. അക്രമികള്‍ പിന്തുടര്‍ന്നു വന്ന ചെറുപ്പക്കാരന് മാരകമായി മുറിവേറ്റിരുന്നു. യുവാവ് പിന്നീട് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങി.

മൂന്നു വയസുകാരന്റെ കൊലപാതകത്തില്‍ മെക്‌സിക്കന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് അതീവ ദു:ഖവും നടുക്കവും രേഖപ്പെടുത്തി. കാലെബിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായി മെക്‌സിക്കന്‍ ബിഷപ്പുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

'അക്രമത്തിന്റെ എല്ലാ പരിധികളും ലംഘിക്കപ്പെടുന്നതാണ് പിഞ്ചുകുഞ്ഞിന്റെ ദാരുണമായ മരണം. എല്ലാവരും ആയുധങ്ങള്‍ താഴെയിടണമെന്നും ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു. നമുക്കെല്ലാവര്‍ക്കും സമാധാനത്തിന്റെ സൃഷ്ടാക്കളാകാന്‍ കഴിയും. തന്റെ സഹോദരനെ ആക്രമിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അത്തരം ആക്രമണങ്ങളെ ന്യായീകരിക്കുന്ന യാതൊന്നും സ്വീകാര്യമല്ലെന്നും ബിഷപ്പുമാര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ 17-ന് മെക്‌സിക്കോയില്‍ അജ്ഞാതരുടെ മര്‍ദനമേറ്റ് മരിച്ച കത്തോലിക്ക പുരോഹിതന്‍ ഫാ. ജോസ് ഗ്വാഡലുപ്പെ റിവാസിനെയും സഭാധ്യക്ഷന്‍മാര്‍ സന്ദേശത്തില്‍ അനുസ്മരിച്ചു.

കൂടുതല്‍ വായനയ്ക്ക്:

മെക്‌സിക്കോയില്‍ കത്തോലിക്ക പുരോഹിതന്‍ കൊല്ലപ്പെട്ട നിലയില്‍; ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.