കൊളംബോ: ശ്രീലങ്കയില്‍ പെട്രോള്‍ വില കുതിച്ചുയരുന്നു. ശ്രീലങ്കയില്‍ പെട്രോളിനും ഡീസലിനും വില വര്‍ധനവ് പ്രഖ്യാപിച്ച് സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍. പെട്രോള്‍ വില 24.3 ശതമാനവും ഡീസലിന് 38.4 ശതമാനവും വര്‍ധിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ധന വിലയിലെ ഈ റെക്കോര്‍ഡ് വര്‍ധനവ്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മുതല്‍ പുതുക്കിയ ഇന്ധനവില പ്രാബല്യത്തില്‍ വരുമെന്നും കാബിനറ്റ് അംഗീകരിച്ച ഇന്ധന വിലനിര്‍ണയ ഫോര്‍മുല നടപ്പിലാക്കുമെന്നും പെട്രോളിയം മന്ത്രി കാഞ്ചന വിജയശേഖര ട്വീറ്റ് ചെയ്തു.
പെട്രോളിന് 420 രൂപയും ഡീസലിന് 400 രൂപയും ആണ് വില. കഴിഞ്ഞ തവണത്തേതില്‍ നിന്നും പെട്രോളിന് 82 രൂപയും ഡീസലിന് 111 രൂപയും ആണ് കൂടിയത്. വിദേശനാണ്യ ശേഖരത്തിന്റെ അഭാവം മൂലം രാജ്യം വീണ്ടും കടുത്ത പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ തിരിച്ചടി. ഏപ്രില്‍ 19ന് ശേഷമുള്ള രണ്ടാം ഘട്ട വില വര്‍ധനവാണ് ഇന്നുണ്ടായത്. പൊതു മേഖലാ സ്ഥാപനമായ സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷനാണ് (സിപിസി) പുതുക്കിയ ഇന്ധന വില പുറത്തു വിട്ടത്.
പെട്രോളിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതി, സ്റ്റേഷനുകളിലേക്കുള്ള വിതരണം, മറ്റു നികുതികള്‍ എന്നിവയ്ക്കുള്ള എല്ലാ ചെലവുകളും ഈ വില പരിഷ്‌കരണത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഗതാഗതവും മറ്റ് സേവന നിരക്കുകളും പരിഷ്‌കരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കിയെന്നും ട്വീറ്റിലൂടെ വ്യക്തമാക്കി.
സിപിസിയുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് വില വര്‍ധിപ്പിച്ചതെന്ന് എല്‍ ഐ ഒ സി സിഇഒ മനോജ് ഗുപ്ത പിടിഐയോട് പറഞ്ഞു. അതേസമയം ഓട്ടോറിക്ഷാ നിരക്കുകളിലും വര്‍ധനവുണ്ടായിട്ടുണ്ട്. യാത്രയിലെ ആദ്യ കിലോമീറ്ററിന് 90 രൂപയും രണ്ടാമത്തേതിന് 80 രൂപയും ആക്കി നിരക്ക് ഉയര്‍ത്തുമെന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അറിയിച്ചു.
പെട്രോള്‍ നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ചെലവ് ലഘൂകരിക്കുന്നതിന്റെ ഭാഗമായി വര്‍ക്ക് ഫ്രം ഹോം അടക്കമുള്ള രീതികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപന മേധാവികള്‍ക്ക് തീരുമാനമെടുക്കാനാകും. 2002 മുതല്‍ ലങ്ക ഐ ഒ സി ശ്രീലങ്കയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
പെട്രോളിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഇന്ധന ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും ഉയര്‍ന്ന വിലക്ക് വില്‍പ്പന നടത്തുന്നതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.