തിരുവനന്തപുരം: ഡോക്ടര്‍മാര്‍ മരുന്നും സര്‍ജിക്കല്‍ ഉല്‍പന്നങ്ങളും വില്‍പന നടത്താന്‍ കട നടത്തുന്നത് തടഞ്ഞ് ദേശീയ മെഡിക്കല്‍ കമീഷന്റെ കരട് നിയമം. രജിസ്‌റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ റെഗുലേഷന്റെ കരടിലാണ് ഈ വ്യവസ്ഥകളുള്ളത്. ഡോക്ടര്‍ക്ക് സ്വന്തം രോഗികള്‍ക്ക് നേരിട്ട് മരുന്ന് വില്‍ക്കാം. മരുന്ന് നിര്‍ദേശിക്കുകയോ നല്‍കുകയോ ചെയ്യാം.
ക്ലിനിക്കല്‍ നടപടി, രോഗ നിര്‍ണയ പരിശോധന, ശസ്ത്രക്രിയ തുടങ്ങിയ സാഹചര്യങ്ങളില്‍ രോഗിയില്‍ നിന്ന് രേഖാമൂലം അനുമതി തേടണം. അതിനു കഴിയാത്ത സാഹചര്യമാണെങ്കില്‍ രക്ഷാകര്‍ത്താവില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ അനുമതി തേടണം. രോഗിയുടെ അനുമതി ഇല്ലാതെ ഫോട്ടോയോ റിപ്പോര്‍ട്ടോ പ്രസിദ്ധീകരിക്കരുത്. ഡോക്ടര്‍മാര്‍ എല്ലാ വര്‍ഷവും പ്രഫഷനല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ പങ്കെടുക്കണം.
മോഡേണ്‍ മെഡിസിനില്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സെടുത്താല്‍ മറ്റു രീതികളില്‍ ചികിത്സ പാടില്ല. ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, രോഗികള്‍ക്ക് നല്‍കുന്ന രസീത് തുടങ്ങിയവയില്‍ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ രേഖപ്പെടുത്തണം. വ്യക്തിപരമോ സാമൂഹികമോ ബിസിനസ് പരമോ ആയ ആവശ്യങ്ങള്‍ക്കായി രോഗിയെ ചൂഷണം ചെയ്യാന്‍ പാടില്ല.
സ്‌കാനിങ് ഉള്‍പ്പെടെ രോഗനിര്‍ണയ പരിശോധനയുമായി ബന്ധപ്പെട്ട ഫീസിന്റെ വിഹിതം കൈപ്പറ്റരുത്. ചികിത്സിക്കും മുമ്പ് രോഗിയെ പരിശോധന ഫീസ് അറിയിക്കണം. ഡോക്ടര്‍ക്ക് ഒന്നിലധികം ചികിത്സ സമ്പ്രദായങ്ങളില്‍ യോഗ്യതയുണ്ടെങ്കില്‍ ഏതിലാണ് പ്രാക്ടീസ് ചെയ്യുന്നതെന്ന് തീരുമാനിക്കണം. ദേശീയ മെഡിക്കല്‍ കമീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കരട് റെഗുലേഷനില്‍ ജൂണ്‍ 22 വരെ വിദഗ്ധര്‍ക്കും പൊതുജനങ്ങള്‍ക്കും അഭിപ്രായം അറിയിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.