സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന താലിബാന്‍ ഉത്തരവിനെതിരെ പ്രതിഷേധം; അഫ്ഗാനില്‍ പുരുഷ ടിവി അവതാരകര്‍ മാസ്‌ക് ധരിച്ച് സ്‌ക്രീനില്‍ എത്തി

സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന താലിബാന്‍ ഉത്തരവിനെതിരെ പ്രതിഷേധം; അഫ്ഗാനില്‍ പുരുഷ ടിവി അവതാരകര്‍ മാസ്‌ക് ധരിച്ച് സ്‌ക്രീനില്‍ എത്തി

കാബൂള്‍: ടിവിയില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന താലിബാന്‍ സര്‍ക്കാരിന്റെ ഉത്തരവില്‍ പ്രതിഷേധിച്ച് പുരുഷ ടിവി അവതാരകര്‍ മാസ്‌ക് ധരിച്ച് സ്‌ക്രീനില്‍ എത്തി. 'ഫ്രീ ഹേര്‍ ഫേസ്' എന്ന ഹാഷ് ടാഗോടെ സാമൂഹ്യമാധ്യമത്തില്‍ നടന്ന പ്രതിഷേധത്തിലാണ് സ്ത്രീകളായ വാര്‍ത്താ അവതാരകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ടോളോ ന്യൂസിലെ പുരുഷ അവതാരകരും മാസ്‌ക് ധരിച്ച് പ്രത്യക്ഷപ്പെട്ടത്.

അഫ്ഗാന്‍ മാധ്യമങ്ങളിലെ എല്ലാ വനിതാ അവതാരകരും മാസ്‌ക് ഉപയോഗിക്കണമെന്ന് മെയ് ആദ്യമാണ് താലിബാന്‍ ഏകപക്ഷീയമായി ഉത്തരവിട്ടത്. ടിവി അവതരണത്തില്‍ മാത്രമല്ല പൊതു സ്ഥലത്തും സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന മുന്‍ ഉത്തരവും ആവര്‍ത്തിച്ചു. ഉത്തരവ് ലംഘിക്കപ്പെട്ടാല്‍ അവരുടെ പുരുഷ ബന്ധുക്കള്‍ പിഴയോ തടവോ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ഉത്തരവില്‍ പറയുന്നു. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ തീരുമാനം അന്തിമമാണെന്നും ചര്‍ച്ചയ്ക്ക് ഇടമില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.

എന്നാല്‍ തലസ്ഥാന നഗരമായ കാബൂളില്‍ ടിവി അവതാരകര്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ ഉത്തരവ് ലംഘിച്ചു. വണ്‍ ടിവിയുടെ വാര്‍ത്താ അവതാരികമാരാണ് ഉത്തരവ് ലംഘിച്ച് ടിവിയില്‍ പ്രത്യേക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് താലിബാന്‍ അംഗങ്ങള്‍ ചാനല്‍ ഓഫീസിലെത്തുകയും ഉത്തരവ് ലംഘിച്ചാല്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ചാനല്‍ മാനേജ്‌മെന്റ് ജീവനക്കാരുടെ മീറ്റിംഗ് വിളിച്ചുകൂട്ടുകയും സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാരും മാസ്‌ക് ധരിച്ച് വാര്‍ത്താവതരണം നടത്തി പ്രതിഷേധം രേഖപ്പെടുത്താമെന്നും തീരുമാനിച്ചു.

ഒമ്പത് മാസത്തെ താലിബാന്‍ ഭരണത്തിനിടയില്‍ ആദ്യമായാണ് വസ്ത്രധാരണത്തില്‍ ഇത്തരമൊരു നിയന്ത്രണം വാര്‍ത്താ അവതാരികമാര്‍ നേരിടേണ്ടിവന്നതെന്ന് 27 കാരിയായ ലെമാ സ്‌പെസാലി പറഞ്ഞു. മുഖംമൂടി ധരിച്ച് വാര്‍ത്ത വായിക്കുന്നത് വളരെ ബൂദ്ധിമുട്ടാണ്. ശ്വസിക്കാന്‍ കഴിയുന്നില്ല. ഇടയ്ക്കിടെ ശ്വാസതടസം നേരിടുന്നു. ഉച്ഛാരണം വ്യക്തമല്ലാതാകുന്നുവെന്നും അവള്‍ പറഞ്ഞു.

ഉത്തരവില്‍ പ്രതിഷേധിച്ച് താനുള്‍പ്പടെയുള്ള പുരുഷ അവതാരകര്‍ മാസ്‌ക് ധരിച്ചാണ് രണ്ടു ദിവസമായി വാര്‍ത്ത വായിക്കുന്നതെന്ന് സുരക്ഷാ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സ്വകാര്യ ടെലിവിഷന്‍ അവതാരകന്‍ പറഞ്ഞു. മാസ്‌ക് ധരിച്ച് വാര്‍ത്ത വായിക്കുമ്പോള്‍ ആരോ വായ് മൂടിപ്പിടിച്ചതുപോലെയാണ് തോന്നുന്നത്. താലിബാന്‍ തീരുമാനം പുനര്‍പരിശോധിക്കും വരെ താനും സഹപ്രവര്‍ത്തകരും പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ പോലൊരു രാജ്യത്ത് ഒരു സ്ത്രീയായിരിക്കുക എന്നത് എത്ര ബുദ്ധിമുട്ടാണെന്ന് മുഖംമൂടി ധരിച്ചപ്പോഴാണ് തനിക്ക് മനസിലായതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു പുരുഷ അവതാരകന്‍ പറഞ്ഞു. ''എന്റെ സഹപ്രവര്‍ത്തക അവളുടെ മുഖത്ത് ഒരു മാസ്‌ക് ധരിച്ച് ടിവി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത് കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു. അപ്പോള്‍ ഞാന്‍ സ്വയം മുഖംമൂടി ധരിച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചു.'' പുരുഷ അവതാരകന്‍ പറഞ്ഞു.



അതേസമയം, താലിബാന്‍ ഉത്തരവിനെ ധിക്കരിക്കാനും മുഖംമൂടി ധരിക്കരുതെന്നും വനിതാ അവതാരകരോട് ആവശ്യപ്പെട്ടു മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. എന്നാല്‍ അദ്ദേഹത്തെ വ്യക്തിപരമായി പരിസഹിക്കുന്ന പ്രതികരമാണ് താലിബാന്‍ ഭരണകൂടത്തിന്റെ ഭാഗത്തുണ്ടായത്. ഹിജാബ് ധരിക്കുക ആവശ്യമാണെന്നും ഉയര്‍ന്ന സ്ഥാനങ്ങളിലുള്ള വനിതകള്‍ ബുര്‍ഖയും കറുത്ത അറബ് ഹിജാബും ആണെന്ന് ധരിക്കേണ്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഉത്തരവ് ധിക്കരിച്ചാല്‍ ആദ്യഘട്ടമെന്ന നിലയില്‍ ഉപദേശവും രണ്ടാംഘട്ടമെന്ന നിലയില്‍ മുന്നറിയിപ്പും നല്‍കും. നിയമലംഘനം തുടര്‍ന്നാല്‍ മൂന്നാംഘട്ടമായി തടവ് ശിക്ഷ അനുഭവിക്കണം. ഇത്തരത്തില്‍ ശിക്ഷ നടപടിക്ക് വിധേയമായ ശേഷവും അതേ സ്ഥാപനത്തിലെ മറ്റുള്ളവര്‍ നിയമലംഘനം തുടരുകയാണെങ്കില്‍ സ്ഥാപനമേധാവിക്കാകും പിന്നീട് ശിക്ഷിക്കപ്പെടുക.

താലിബാന്‍ ഭരണത്തിന്റെ ആദ്യ മാസങ്ങളില്‍ തന്നെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കി ഉത്തരവ് വന്നിരുന്നു. എല്ലാ സ്ത്രീകളും അത് പാലിച്ചില്ല. സമ്മര്‍ദ്ദം ഏറിയപ്പോള്‍ ജോലി രാജിവെച്ച് പോകുന്ന സ്ഥിതിയുണ്ടായി. ഹിജാബ് നിര്‍ബന്ധമാക്കിയുള്ള രണ്ടാമത് ഉത്തരവ് കഴിഞ്ഞ ദിവസം വന്നപ്പോഴേക്കും അഫ്ഗാനിലെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 700 ല്‍ നിന്ന് നൂറില്‍ താഴെയായി കുറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.