റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ ശീതീകരിച്ച ട്രെയിനില്‍ തിരിച്ചയയ്ക്കാനൊരുങ്ങി ഉക്രെയ്ന്‍

റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ ശീതീകരിച്ച ട്രെയിനില്‍ തിരിച്ചയയ്ക്കാനൊരുങ്ങി ഉക്രെയ്ന്‍

കീവ്: മൂന്നു മാസം പിന്നിട്ട റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ ശീതീകരിച്ച ട്രെയിനുകളില്‍ അയയ്ക്കാനൊരുങ്ങി ഉക്രെയ്ന്‍. അടുത്തിടെ റഷ്യന്‍ സൈന്യത്തില്‍നിന്നു തിരിച്ചുപിടിച്ച, ഉക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ചിതറിക്കിടക്കുന്ന 60 മൃതദേഹങ്ങള്‍ ശേഖരിക്കാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ സൈന്യത്തെ സഹായിച്ചുകൊണ്ടിരിക്കുകയാണ്. അവ ശീതീകരിച്ച ട്രെയിനിലാണ് സൂക്ഷിച്ചിരിക്കുന്നത്. യുദ്ധത്തിന്റെ തുടക്കം മുതല്‍ റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ ഉക്രെയ്ന്‍ ശേഖരിക്കുന്നുണ്ട്.

സൈനികരുടെ ശരീരത്തിലുള്ള ടാറ്റൂ മുതല്‍ ഡി.എന്‍.എ വരെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പരിശോധിക്കുന്നുണ്ട്. 'ഞങ്ങള്‍ എല്ലാ രേഖകളും ക്രെഡിറ്റ് കാര്‍ഡുകളും ശേഖരിക്കുകയാണ്. ടാറ്റൂവും ഡി.എന്‍.എയും ഉള്‍പ്പെടെ ശരീരം തിരിച്ചറിയാന്‍ സഹായിക്കുന്ന എല്ലാം പരിശോധിക്കുകയാണ്' - ഉക്രെയ്ന്‍ സൈനിക മേധാവി ആന്റന്‍ ഇവാനിക്കോവ് പറഞ്ഞു.

യുദ്ധത്തടവുകാരെ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടക്കുന്ന കീവില്‍ മൃതദേഹങ്ങള്‍ ട്രെയിന്‍ മാര്‍ഗം അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഖാര്‍കിവ് നഗരത്തിന് സമീപമുള്ള മാലാ രോഹന്‍ എന്ന ഗ്രാമത്തില്‍ നടന്ന ഷെല്ലാക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ക്കിടയിലെ ഒരു കിണറ്റില്‍ നിന്ന് രണ്ട് റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വളണ്ടിയര്‍മാര്‍ കയറുപയോഗിച്ച് വലിച്ചെടുക്കുന്നത് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരാളുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.

കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കിടെ കണ്ടെത്തിയ 12 മൃതദേഹങ്ങളില്‍ ഒന്ന് ഒരു സ്ത്രീയുടെ വീടിന്റെ ഭൂഗര്‍ഭ അറയില്‍ നിന്നാണ് കിട്ടിയത്. പ്രദേശത്ത് ഒറ്റപ്പെട്ടുപോയ സൈനികന്‍ സ്വയം വെടിവച്ച് മരിച്ചതാണെന്നാണ് ഉക്രെയ്ന്‍ സൈന്യത്തിന്റെ വിശദീകരണം. ഉക്രെയ്ന്‍ പ്രതിരോധസേന കൊന്നൊടുക്കിയ നിരവധി റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങളാണ് ഹര്‍കീവില്‍ ചിതറിക്കിടക്കുന്നത്.

റഷ്യന്‍ അധിനിവേശ നഗരങ്ങളിലെ ഉക്രെയ്ന്‍ യുദ്ധത്തടവുകാരെയും കൊല്ലപ്പെട്ട സൈനികരുടെയും മൃതദേഹങ്ങളും കൈമാറണമെന്ന ഉക്രെയ്ന്‍ അഭ്യര്‍ഥനയോട് റഷ്യന്‍ പ്രതിരോധമന്ത്രാലയം അനുകൂലമായി പ്രതികരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.